‘ശബരിമല വിഷയത്തിൽ മാത്രം ശരിദൂരം, ബാക്കിയെല്ലാം സമദൂരം’: ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജി സുകുമാരൻ നായർ| G Sukumaran Nair Clarifies NSS Political Stand Amidst Mannam Jayanthi Celebrations | Kerala
Last Updated:
‘എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും’
കോട്ടയം: എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. രാഷ്ട്രീയമില്ലാത്തതിനാൽ രാഷ്ട്രീയത്തോട് വെറുപ്പില്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്‌എസിന്റെ സമദൂരം നിലപാട് തുടരുമെന്നും മന്നം ജയന്തി ആഘോഷങ്ങൾ എൻഎസ്എസ് ആസ്ഥാനത്ത് തുടരവേ സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും. ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്നും ഇനി അതിനെ കുറിച്ച് സംസാരിക്കാനില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞു.
മന്നം ജയന്തി ആഘോഷങ്ങൾ എൻഎസ്എസ് ആസ്ഥാനത്ത് തുടരുകയാണ്. പുതുവത്സര ദിനത്തിൽ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തോടെയാണു 149–ാമത് ജയന്തി ആഘോഷങ്ങൾക്കു തിരി തെളിഞ്ഞത്. മന്നം ജയന്തി ദിനമായ ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കാനും സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താനും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും സംസ്ഥാനത്തെ വിവിധ കരയോഗങ്ങളിൽ നിന്നുള്ള സമുദായാംഗങ്ങളും എത്തിച്ചേർന്നു.
മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനത്തിൽ, സാമൂഹ്യ സേവനത്തിനായി ജീവിതം സമർപ്പിച്ച ഒരു മഹദ് വ്യക്തിത്വത്തെ അങ്ങേയറ്റം ആദരവോടെ നാം സ്മരിക്കുകയാണ്. ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിൽ വേരൂന്നിയതാണ് യഥാർത്ഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു അദ്ദേഹം.…
— Narendra Modi (@narendramodi) January 2, 2026
മന്നം ജയന്തി ദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് എക്സിൽ പ്രധാനമന്ത്രി കുറിപ്പിട്ടത്. ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിൽ വേരൂന്നിയതാണ് യഥാർത്ഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു മന്നത്ത് പത്മനാഭനെന്ന് പ്രധാനമന്ത്രി കുറിച്ചു. സാമൂഹിക സേവനത്തിനായി ജീവിതം സമർപ്പിച്ച മഹദ് വ്യക്തിത്വത്തെ ആദരവോടെ സ്മരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ മന്നത്ത് പത്മനാഭന്റെ സംഭാവനകൾ പ്രചോദനാത്മകമാണെന്നും പ്രധാനമന്ത്രി കുറിച്ചു.
Kottayam,Kottayam,Kerala
Jan 02, 2026 12:22 PM IST
‘ശബരിമല വിഷയത്തിൽ മാത്രം ശരിദൂരം, ബാക്കിയെല്ലാം സമദൂരം’: ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജി സുകുമാരൻ നായർ
