പുനർജ്ജനി ഫണ്ട് ക്രമക്കേട്; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ Punarjani Fund irregularities Vigilance recommends CBI probe against VD Satheesan | Kerala
Last Updated:
വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ.വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.‘പുനർജ്ജനി’ പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ.
എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010 ലെ സെക്ഷൻ 3 (2) (a) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസിന്റെ ശുപാർശ.അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2 ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൌണ്ടേഷൻ എന്ന പേരിൽ ‘പുനർജ്ജനി പദ്ധതി’ക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്.യുകെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസസിന്റെ കണ്ടെത്തൽ.
യുകെ ആസ്ഥാനമായുള്ള മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് (MIAT) എന്ന എൻജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ അക്കൗണ്ടിലേക്ക് പണം അയച്ചത്.
യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് വി ഡി സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.
Thiruvananthapuram,Kerala
Jan 04, 2026 11:52 AM IST
