Leading News Portal in Kerala

ക്ഷേത്രദീപം തെളിക്കണം; തിരുപ്പറംകുണ്ഡ്രം ദീപം വിവാദത്തിൽ വിധി ശരിവെച്ച് മദ്രാസ് ഹൈക്കോടതി | Thiruparankundram temple must light the lamp says Madras High Court | India


Last Updated:

ദീപത്തൂണിൽ ദീപം തെളിയിച്ചാല്‍ പ്രദേശത്തെ സമാധാനം തകരുമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം കോടതി തള്ളി

തിരുപ്പറംകുണ്ഡ്രം ദീപം
തിരുപ്പറംകുണ്ഡ്രം ദീപം

മധുര തിരുപ്പറംകുണ്ഡ്രം (Thiruparankundram temple) ദീപം തെളിയിക്കല്‍ കേസില്‍ തമിഴ്‌നാട് സര്‍ക്കാരിന് തിരിച്ചടി. ദീപത്തൂണില്‍ തന്നെ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ശരിവച്ചു. ദര്‍ഗയോട് ചേര്‍ന്നുള്ള പുരാതന ദീപത്തൂണില്‍ തന്നെ ദീപം തെളിയിക്കണമെന്നും വിളക്ക് കൊളുത്തുമ്പോള്‍ പൊതുജനങ്ങളെ അനുഗമിക്കാന്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു.

ദീപത്തൂണിൽ ദീപം തെളിയിച്ചാല്‍ പ്രദേശത്തെ സമാധാനം തകരുമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ഈ ആചാരം  പൊതുസമാധാനത്തിനും സാമുദായിക ഐക്യത്തിനും വിഘാതം സൃഷ്ടിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകളെയും കോടതി ശക്തമായി നിരാകരിച്ചു.

ജസ്റ്റിസുമാരായ ജി. ജയചന്ദ്രന്‍, കെ.കെ. രാമകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്റെ ഉത്തരവിനെതിരെ തിരുപ്പറംകുണ്ഡ്രം മുരുകന്‍ ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍, മധുര ജില്ലാ കളക്ടര്‍, മധുര സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരാണ് കൂട്ട അപ്പീല്‍ സമര്‍പ്പിച്ചത്.

കുന്നിന്‍ മുകളിലെ ദീപത്തൂണില്‍ ആചാരപരമായി വിളക്ക് കൊളുത്താന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ഡിസംബര്‍ ഒന്നിന് ആണ് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു തമിഴ് പാര്‍ട്ടി നേതാവ് രാമ രവികുമാര്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതിനെതിരെയാണ് അപ്പീലുകള്‍ ഉയര്‍ന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ജസ്റ്റിസ് സ്വാമിനാഥന്റെ ഉത്തരവ് നടപ്പാക്കിയില്ല.

ദീപത്തൂണില്‍ വിളക്ക് കൊളുത്താന്‍ അനുവദിക്കുന്നത് അടുത്തുള്ള മുസ്ലീം ആരാധനാലയത്തിന്റെ അവകാശങ്ങളെ ബാധിക്കുകയോ ലംഘിക്കുകയോ ചെയ്യുന്നതാണോ എന്ന ചോദ്യമാണ് ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ പരിഗണിക്കപ്പെട്ടത്. എന്നാല്‍ ക്ഷേത്രഭൂമിയില്‍ വിളക്ക് കൊളുത്തുന്നത് പൊതുസമാധാനത്തിന് ഭംഗം വരുത്തുമെന്ന സര്‍ക്കാര്‍ വാദം പരിഹാസ്യവും വിശ്വസിക്കാന്‍ പ്രയാസകരവുമാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരമൊരു നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് സൗകര്യത്തിനു വേണ്ടി സൃഷ്ടിച്ച സാങ്കല്പിക കെട്ടുക്കഥയാണെന്നും കോടതി പറഞ്ഞു.

അടിസ്ഥാനരഹിതമായ ഇത്തരം ഭയങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ദീപത്തൂണ്‍ ദര്‍ഗയുടേത് ആണെന്ന വാദത്തെയും കോടതി വിമര്‍ശിച്ചു.

എല്ലാ ഹിന്ദു ഭക്തര്‍ക്കും ദൃശ്യമാകുന്ന തരത്തില്‍ ഉയര്‍ന്ന സ്ഥലത്ത് ദീപം കൊളുത്തുന്ന രീതി അംഗീകരിക്കപ്പെട്ടതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വിളക്ക് തെളിയിക്കാനുള്ള ഭക്തരുടെ അഭ്യര്‍ത്ഥന നിരസിക്കാനോ വൈകിപ്പിക്കാനോ ഉള്ള ക്ഷേത്ര ഭരണകൂടത്തിന്റെ ന്യായീകരണങ്ങളെയും കോടതി തള്ളി.

സിംഗില്‍ ബെഞ്ച് വിധി പൂര്‍ണ്ണമായും ശരിവച്ച ഡിവിഷന്‍ ബെഞ്ച് ദീപത്തൂണില്‍ തന്നെ വിളക്ക് കൊളുത്തണം എന്ന് വ്യക്തമായി നിര്‍ദ്ദേശിച്ചു. അതേസമയം, ആചാരം ക്രമീകരണങ്ങളോടെ മറ്റ് പ്രശ്‌നങ്ങളില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിന് നേതൃത്വം നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. പുരാതന സ്മാരകം സംരക്ഷിക്കുന്നതിന് വേണ്ട വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.

അതേസമയം, കോടതി വിധി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പാർട്ടിാ യായ ഡിഎംകെ പ്രതികരിച്ചു. അടുത്ത നടപടിയെ കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവും തെലങ്കാന മുന്‍ ഗവര്‍ണറുമായ തിമിഴിസൈ സൗന്ദരരാജന്‍ പറഞ്ഞു. ഹിന്ദുക്കളുടെ വികാരങ്ങളെ മാനിച്ചുകൊണ്ടുള്ളതാണ് വിധിയെന്നും അവര്‍ പറഞ്ഞു. ഡിഎംകെ സര്‍ക്കാരിനെ തുറന്നുകാട്ടിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.