ഭീകരാക്രമണ കേസില്‍ ഉള്‍പ്പെട്ട ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും പിന്തുണച്ച് ജെഎന്‍യുവില്‍ ഇടതുപക്ഷ മുദ്രാവാക്യം | Sloganeering in JNU backing Umar Khalid and Sharjeel Imam | India
Last Updated:
2020-ലെ ഡൽഹി കലാപ കേസിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയായിരുന്നു ജെഎൻയുവിൽ ഇടതു വിദ്യാർത്ഥികളുടെ പ്രതിഷേധം
ഡൽഹി കലാപ കേസിൽ ഉൾപ്പെട്ട ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പിന്തുണച്ച് വിവാദ മുദ്രാവാക്യങ്ങൾ മുഴക്കി ജെഎൻയുവിലെ (JNU) ഇടതുപക്ഷ വിദ്യാർത്ഥികൾ. ജെഎൻയുവിലെ പൂർവ വിദ്യാർത്ഥികളാണ് ഇരുവരും. 2020-ലെ ഡൽഹി കലാപ കേസിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയായിരുന്നു ജെഎൻയുവിൽ ഇടതു വിദ്യാർത്ഥികളുടെ പ്രതിഷേധം.
2020-ൽ ക്യാമ്പസിൽ നടന്ന അക്രമത്തിന്റെ ഓർമ്മപുതുക്കിയാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ (ജെഎൻയുഎസ് യു) ഒരു പ്രതീകാത്മക ‘ഗറില്ല ധാബ’ സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടയിൽ ഖാലിദിനെയും ഇമാമിനെയും പിന്തുണച്ച് വിദ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കി. ഇരുവർക്കും ജാമ്യം അനുവദിക്കാതിരുന്ന സുപ്രീം കോടതി വിധിക്കെതിരെ വിദ്യാർത്ഥികൾ പ്രകടനം നടത്തി.
അവരെ മോചിപ്പിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വിദ്യാർത്ഥി ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. മോദി വിരുദ്ധ, സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കിയായിരുന്നു പ്രതിഷേധം.
ഒന്നിലധികം വിഷയങ്ങളിൽ പ്രതികരിച്ചാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ ക്യാമ്പസിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരേ ആക്രമണം നടത്തിയിട്ട് ജനുവരി അഞ്ചിന് ആറ് വർഷം തികഞ്ഞു. 2020 ജനുവരിയിലാണ് സംഭവം നടന്നത്. ആ ദിനത്തെ ക്രൂരമായ ആക്രമണം നടന്ന ദിനമായി ജെഎൻയു അധ്യാപക യൂണിയൻ (ജെഎൻയുടിഎ) ആചരിച്ചു. ഇതിന് ഉത്തരവാദികളായവരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധ്യാപക സംഘടന ആരോപിച്ചു.
കൂടാതെ ക്യാമ്പസ് ലൈബ്രറിയിൽ ഫേഷ്യൽ റെക്കഗ്നീഷ്യൻ സാങ്കേതികവിദ്യയും മാഗ്നറ്റിക് ഗേറ്റുകളും സ്ഥാപിച്ചതിനെതിരെയും പ്രതിഷേധം നടക്കുന്നുണ്ട്. സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (ഡിഎസ്എഫ്), ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എഐഎസ്എ) എന്നീ സംഘടനകളിൽ ഉൾപ്പെട്ട 40-ഓളം വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
ഇടതു സംഘടനകൾ ക്യാമ്പസിൽ ഇന്ത്യാ വിരുദ്ധ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതായി ബിജെപി നേതാക്കൾ ആരോപിച്ചു. പ്രതിഷേധക്കാരെ നഗര നക്‌സലുകൾ എന്നും ഇന്ത്യ വിരുദ്ധ കൂട്ടം എന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല വിശേഷിപ്പിച്ചു. ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരിയും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. തീവ്രവാദത്തെ ന്യായീകരിക്കാൻ അറിവിന്റെ കേന്ദ്രങ്ങൾ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Thiruvananthapuram,Kerala
ഭീകരാക്രമണ കേസില്‍ ഉള്‍പ്പെട്ട ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും പിന്തുണച്ച് ജെഎന്‍യുവില്‍ ഇടതുപക്ഷ മുദ്രാവാക്യം
