ഫേസ്ബുക്ക് ഹണിട്രാപ്പില്‍ കുടുങ്ങി സൈനിക രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിയ ഹരിയാനക്കാരൻ അറസ്റ്റില്‍| Haryana Man Arrested for Leaking Military Secrets to Pakistan After Falling Victim to Facebook Honeytrap | India
Last Updated:
ഒരു സ്ത്രീയുടെ പേരിൽ നിർമിച്ച വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴിയാണ് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ഇയാളെ വലയിലാക്കിയത്
ഹരിയാനയിലെ അംബാലയിൽ നിന്ന് ഇന്ത്യൻ സൈന്യത്തിന്റെയും വ്യോമസേനയുടെയും തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാൻ ചാരസംഘടനയ്ക്ക് കൈമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെയുള്ള ‘ഹണിട്രാപ്പിൽ’ കുടുങ്ങിയാണ് ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. സഹാ പോലീസ് സ്റ്റേഷൻ പരിധിയിലെ സബ്ഗ ഗ്രാമവാസിയായ സുനിൽ എന്ന 31 കാരനാണ് പിടിയിലായത്. അംബാല കന്റോൺമെന്റ് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് ഇയാളെ ഉദ്യോഗസ്ഥർ പിടികൂടിയത്.
അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ പ്രകാരം കഴിഞ്ഞ ഏഴ് മാസമായി സുനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പാകിസ്ഥാൻ ഹാൻഡ്ലർമാരുമായി നിരന്തര സമ്പർക്കത്തിലായിരുന്നു. ഒരു സ്ത്രീയുടെ പേരിൽ നിർമിച്ച വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴിയാണ് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ഇയാളെ വലയിലാക്കിയത്.
ഒരു സ്വകാര്യ കരാറുകാരന് കീഴിൽ ജോലി ചെയ്തിരുന്ന സുനിലിന് വ്യോമസേനാ താവളത്തിലേക്ക് സ്ഥിരമായി പ്രവേശനം ഉണ്ടായിരുന്നു. വിവിധ സൈനിക യൂണിറ്റുകളിലെ നിർമാണ പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്ന സൂപ്പർവൈസറായാണ് ഇയാൾ അവിടെ ജോലി ചെയ്തിരുന്നത്. ഈ സാഹചര്യം മുതലെടുത്താണ് സുനിൽ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയത്. സൈനിക യൂണിറ്റുകളുടെ കൃത്യമായ സ്ഥാനങ്ങൾ, സൈനിക നീക്കങ്ങൾ, വിന്യാസം എന്നിവയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ സുനിൽ പാകിസ്ഥാന് കൈമാറിയതായാണ് ആരോപണം.
അംബാല പോലീസിന്റെ പ്രത്യേക വിഭാഗം ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നും പാകിസ്ഥാൻ ഹാൻഡ്ലർമാരുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും വോയ്സ് കോൾ റെക്കോർഡുകളും കണ്ടെടുത്തു. ഈ തെളിവുകൾ ഇയാൾക്ക് ചാരസംഘടനയുമായുള്ള ബന്ധം ശരിവെക്കുന്നതാണ്. കൂടാതെ, ചാരപ്രവൃത്തിക്കായി പാകിസ്ഥാനിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടോ എന്നറിയാൻ ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സുനിലിനെ നാല് ദിവസത്തെ പോലീസ് റിമാൻഡിൽ വിട്ടതായി ഡി എസ് പി വീരേന്ദർ കുമാർ അറിയിച്ചു. ഇയാൾ ഒറ്റയ്ക്കാണോ ഇത് ചെയ്തത് അതോ മറ്റാരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഐ എസ്ഐ വളരെ ആസൂത്രിതമായാണ് ഈ ഹണിട്രാപ്പ് നടപ്പിലാക്കിയതെന്ന് പോലീസ് പറയുന്നു. ആദ്യം ഒരു വ്യാജ ഓൺലൈൻ ഐഡന്റിറ്റി വഴി ഇയാളുടെ വിശ്വാസം പിടിച്ചുപറ്റുകയും, പിന്നീട് പണവും മറ്റ് വാഗ്ദാനങ്ങളും നൽകി സൈനിക രഹസ്യങ്ങൾ കൈക്കലാക്കുകയുമായിരുന്നു ഇവരുടെ രീതി. ഇയാൾ വഴി എത്രത്തോളം നിർണ്ണായക വിവരങ്ങൾ ശത്രുരാജ്യത്തിന് ലഭിച്ചു എന്നതിനെക്കുറിച്ച് സുരക്ഷാ ഏജൻസികൾ ഇപ്പോൾ ഗൗരവകരമായ പരിശോധന നടത്തിവരികയാണ്.
New Delhi,New Delhi,Delhi
ഫേസ്ബുക്ക് ഹണിട്രാപ്പില്‍ കുടുങ്ങി സൈനിക രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിയ ഹരിയാനക്കാരൻ അറസ്റ്റില്‍
