Leading News Portal in Kerala

കൊച്ചിയിലെ ചരിഞ്ഞ ഫ്ലാറ്റിൽ നാലുദിവസം പഴക്കമുള്ള മൃതദേഹം; തലയ്ക്കുപിന്നിൽ ആഴത്തിൽ മുറിവ്| Four-Day-Old Body Found in abandoned Flat in Kochi Deep Wound on Back of Head | Kerala


Last Updated:

മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. തലയ്ക്കു പിന്നിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലുകൾക്കും ഒടിവുണ്ട്

മരടിലെ ഉപേക്ഷിക്കപ്പെട്ട ഫ്ലാറ്റ്
മരടിലെ ഉപേക്ഷിക്കപ്പെട്ട ഫ്ലാറ്റ്

കൊച്ചി മരടിലെ ആളൊഴി‍ഞ്ഞ കെട്ടിടത്തിൽനിന്ന് വീണനിലയിൽ മധ്യവയസ്കന്റെ മൃതദേഹം. പുത്തൻകുരിശ് സ്വദേശി സുഭാഷിന്റെ (51) മൃതദേഹമാണിതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കെട്ടിടത്തിന്റെ മുകളിൽനിന്ന് സുഭാഷിന്റെ പേരിലുള്ള ഐഡി കാർഡ്, കിടക്കവിരി, ബാഗ് തുടങ്ങിയ വസ്തുക്കൾ കണ്ടെടുത്തു.

മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. തലയ്ക്കു പിന്നിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലുകൾക്കും ഒടിവുണ്ട്. കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരടിലാണ് സുഭാഷിന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത്. സഹോദരിയുടെ ഭർത്താവ് മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മാസം മുൻപ് ഇവരെ കാണാൻ സുഭാഷ് ചെന്നിരുന്നു.

മരടിലെ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന കെട്ടിടത്തിന്റെ മുകളിലായിരുന്നു സുഭാഷ് താമസിച്ചിരുന്നതെന്നാണ് പോലീസിന്റെ നിഗമനം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കിട്ടിയിരുന്നു. നിർമാണപ്പിഴവു മൂലം ചെറിയ ചരിവു കണ്ടെത്തിയതിനെ തുടർന്ന് കെട്ടിടത്തിന്റെ നിർമാണം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങളായി ഇത് കാടുപിടിച്ചു കിടക്കുകയാണ്.

കെട്ടിടത്തിനു തൊട്ടടുത്ത കായലിൽ കുട്ടവഞ്ചിയിൽ മീൻ പിടിക്കാൻ വന്നവർ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.