സ്ത്രീസുഹൃത്തിൽനിന്ന് കടം വാങ്ങിയ പണം തിരികെ നൽകാഞ്ഞ യുവാവിൻ്റെ അച്ഛനെ പത്തംഗസംഘം ക്രൂരമായി മർദിച്ചു|6 Arrested for Brutally Assaulting Man After His Son Failed to Repay Debt to Female Friend in Vizhinjam | Crime
Last Updated:
ബിനുവിന്റെ മകൻ തന്റെ പെൺസുഹൃത്തിൽ നിന്ന് 65,000 രൂപ കടമായി വാങ്ങിയിരുന്നു.
തിരുവനന്തപുരം: പെൺസുഹൃത്തിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അന്വേഷിച്ചെത്തിയ സംഘം അച്ഛനെ ക്രൂരമായി മർദിച്ചു. കോട്ടുകാൽ വട്ടവിള സ്വദേശി ബിനുവിനെ(48) ആണ് പത്തംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്. ബിനുവിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റു. സംഭവത്തിൽ ആറുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലയിൽ സ്വദേശി സ്റ്റാലിൻ(18), പരശുവയ്ക്കൽ സ്വദേശി അഫിൻ(18), കുന്നത്തുകാൽ സ്വദേശി സനോജ്(18), കാരക്കോണം സ്വദേശി രജികുമാർ(20), തമിഴ്‌നാട് സ്വദേശി ശ്രീഹരി(18), മാറന്നല്ലൂർ സ്വദേശി ഭരത് ശങ്കർ(18) എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ മറ്റ് നാല് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ബിനുവിന്റെ മകൻ അഭിനവ് തന്റെ പെൺസുഹൃത്തിൽ നിന്ന് 65,000 രൂപ കടമായി വാങ്ങിയിരുന്നു. ഈ തുക തിരികെ നൽകാത്തതിനെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. പെൺകുട്ടി ഈ വിവരം തന്റെ മറ്റൊരു സുഹൃത്തായ അഫിനോട് പറഞ്ഞു. തുടർന്ന് അഫിനും സുഹൃത്തുക്കളും ചേർന്ന് അഭിനവിനെ തേടി വീട്ടിലെത്തുകയായിരുന്നു. അഭിനവിനെ കാണാത്തതിനെ തുടർന്ന് പ്രകോപിതരായ സംഘം വീട്ടിലുണ്ടായിരുന്ന ബിനുവിനെ തടികൊണ്ടും കമ്പികൊണ്ടും കരിങ്കല്ലുകൊണ്ടും ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എസ്.എച്ച്.ഒ. സുനിൽ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ആറുപേരെയും റിമാൻഡ് ചെയ്തു. സാരമായി പരിക്കേറ്റ ബിനു ആശുപത്രിയിൽ ചികിത്സയിലാണ്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
സ്ത്രീസുഹൃത്തിൽനിന്ന് കടം വാങ്ങിയ പണം തിരികെ നൽകാഞ്ഞ യുവാവിൻ്റെ അച്ഛനെ പത്തംഗസംഘം ക്രൂരമായി മർദിച്ചു
