Leading News Portal in Kerala

‘കടിക്കാതിരിക്കാൻ നായ്ക്കളെ കൗൺസിലിംഗ് ചെയ്യിക്കാം’ തെരുവുനായ വിഷയത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി|Should We Counsel Dogs Not to Bite Supreme Court Slams Authorities Over Failure to Curb Stray Dog Menace | India


Last Updated:

കടിക്കാനുള്ള മാനസികാവസ്ഥയിലാണോ തെരുവ് നായ്ക്കളെന്ന് ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയില്ലെന്നും കോടതി വിമര്‍ശിച്ചു

News18
News18

രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിംഗ് ചെയ്യാന്‍ മാത്രമേ ബാക്കിയുള്ളൂവെന്ന് മൃഗസ്‌നേഹികളോട് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍വി അഞ്ജരിയ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

കടിക്കാനുള്ള മാനസികാവസ്ഥയിലാണോ തെരുവ് നായ്ക്കളെന്ന് ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയില്ലെന്നും കോടതി വിമര്‍ശിച്ചു. സ്‌കൂള്‍, ആശുപത്രികള്‍ അല്ലെങ്കില്‍ കോടതികള്‍ക്കുള്ളില്‍ തെരുവ് നായ്ക്കള്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും ഇത്തരം സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ നിന്ന് അവയെ മാറ്റുന്നതില്‍ എന്തിനാണ് എതിര്‍പ്പ് എന്നും കോടതി ചോദിച്ചു. ഈ വിഷയത്തില്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് സ്ഥാപന മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ തെരുവുകളല്ലെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.

റോഡുകളിലും തെരുവുകളിലും തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിലെ വെല്ലുവിളിയും കോടതി ചൂണ്ടിക്കാട്ടി. പെരുമാറ്റം നോക്കി അപകടകാരികളായ നായ്ക്കളെ തിരിച്ചറിയുക അസാധ്യമാണെന്നും കോടതി പറഞ്ഞു. കടിക്കുന്നത് മാത്രമല്ല പ്രശ്‌നമെന്നും നായ്ക്കള്‍ കാരണമുണ്ടാകുന്ന അപകടങ്ങളെ കുറിച്ചും കോടതി ആശങ്ക പ്രകടിപ്പിച്ചു.

രാവിലെ നായകള്‍ ഏത് മാനസികാവസ്ഥയില്‍ ആണെന്ന് എങ്ങനെ അറിയാനാകുമെന്നും നിങ്ങള്‍ക്ക് ഇക്കാര്യം തിരിച്ചറിയാനാകുമോ എന്നും മൃഗസ്‌നേഹികളോട് സുപ്രീം കോടതി ചോദിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആശുപത്രികള്‍ തുടങ്ങിയ മേഖലകളില്‍ തെരുവുനായ ആക്രമണം വലിയ തോതില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് 2025 നവംബറില്‍ കൃത്യമായ വന്ധ്യകരണത്തിനും വാക്‌സിനേഷനും ശേഷം തെരുവ് നായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍  സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

തെരുവ് നായ്ക്കളെ പിടികൂടിയ സ്ഥലത്തേക്ക് തിരികെ വിടാനും കോടതി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന പാതകളില്‍ നിന്നും ദേശീയ പാതകളില്‍ നിന്നും എക്‌സ്പ്രസ് വേകളില്‍ നിന്നും എല്ലാ കന്നുകാലികളെയും മറ്റ് അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും നീക്കം ചെയ്യുന്നത് ഉറപ്പാക്കാനും ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നിരുന്നാലും, പേവിഷബാധയേറ്റതോ പേവിഷബാധയേറ്റതായി സംശയിക്കുന്നതോ ആയ നായ്ക്കളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നത് ബാധകമല്ലെന്നും മൂന്നംഗ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/

‘കടിക്കാതിരിക്കാൻ നായ്ക്കളെ കൗൺസിലിംഗ് ചെയ്യിക്കാം’ തെരുവുനായ വിഷയത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി