Leading News Portal in Kerala

വി ഡി സതീശൻ സിറോ മലബാർ സഭാ ആസ്ഥാനത്ത്; സഭാ നേതാക്കളുമായി ബുധനാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി | Kerala


Last Updated:

സിനഡ് നടക്കുന്നതിനിടെ സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിലായായിരുന്നു പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച

വി ഡി സതീശൻ
വി ഡി സതീശൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായി പ്രതിപക്ഷ നേതാവ് വി‌ ഡി സതീശൻ കൂടിക്കാഴ്ച നടത്തി. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അടക്കമുള്ളവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

സിനഡ് നടക്കുന്നതിനിടെ സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിലായായിരുന്നു പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച. ഒരു മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷം അത്താഴവിരുന്നിലും പങ്കെടുത്തതാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.

ബുധനാഴ്ച രാത്രി 9.15 ഓടെയാണ് സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിൽ പ്രതിപക്ഷ നേതാവ് എത്തിയത്. പൊലീസിന്‍റെ പൈലറ്റ് വാഹനവും പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വാഹനവും ഒഴിവാക്കിയായിരുന്നു സന്ദർശനം. സിനഡ് നടക്കുന്ന സ്ഥലത്തേക്ക് പ്രതിപക്ഷ നേതാവിനെ വിളിപ്പിച്ചതാണോ മുൻകൂർ അനുമതി തേടി സന്ദർശനം നടത്തിയതാണോ എന്ന് വ്യക്തമല്ല.

കേരളത്തിലെ രാഷ്ട്രീയ, മത വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ട സഭാ സമിതിയാണ് സിനഡ്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിനഡ് നടക്കുന്ന സമയത്തുള്ള പ്രതിപക്ഷ നേതാവിന്‍റെ സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കൽപിക്കപ്പെടുന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ തിരികെ വന്നതാണ് യുഡിഎഫിന്‍റെ വൻ വിജയത്തിന് വഴിവെച്ചത്. ഇടക്കാലത്ത് ക്രൈസ്തവ വോട്ടുകൾ തങ്ങളുടെ ചേരിയിലേക്ക് എത്തിക്കാൻ സിപിഎമ്മും ബിജെപിയും ശ്രമം നടത്തിയിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമാകും.