‘തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാൻ; ആചാരലംഘനമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായിയെ’; കെ സുരേന്ദ്രൻ BJP leader K Surendan reacts to the arrest of the Thantri kandaru rajeevararu in the Sabarimala gold theft case | Kerala
Last Updated:
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് എന്നിവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും എസ്ഐടി അവരെ അറസ്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ലെന്നും കെ സുരേന്ദ്രൻ
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരരെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദൻ. തദ്ദേശതിരഞ്ഞെടുപ്പിലെ അതിഭീകമായ തിരിച്ചടിയിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനായാണ് ഇപ്പോൾ തന്ത്രിയുടെ അറസ്റ്റ് സർക്കാർ നടത്തിയതെന്ന് സംശയമുണ്ടെന്നും ആചാരലംഘനം നടത്തിയതിന് ആദ്യം കേസെടുക്കേണ്ടത് പിണറായി വിജയനെതിരെയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് എന്നിവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും പ്രത്യേക അന്വേഷണ സംഘം അവരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന എറ്റവും പ്രധാനപ്പെട്ട രണ്ട് പേരുകളായിരുന്നു കടകംപള്ളി സുരേന്ദ്രന്റെയും അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രശാന്തിന്റെയും. രണ്ട് പേരെയും എസ്ഐടി ചോദ്യം ചെയ്തതാണ്. എല്ലാ വിധ തെളിവുകളും കടകംപള്ളിക്കും പ്രശാന്തിനുമെതിരെ ഉണ്ടായിട്ടും എസ്ഐടി അവരെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല. പകരം തന്ത്രിയെ ആണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെ എല്ലാ വസ്തുക്കളുടെയും കസ്റ്റോഡിയൻ തന്ത്രിയല്ല. അത് ദേവസ്വം ബോർഡാണ്. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ് തന്ത്രിയുടെ അധികാരം. ദേവസ്വം ഭണ്ഡാരം സൂക്ഷിക്കാനുള്ള ഒരധികാരവും തന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രി ആചാരലംഘനം നടത്തിയെന്നാണ് റിമാന്‍റ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ആചാരലംഘനം നടത്തിയതിന് ആദ്യം കേസെടുക്കേണ്ടത് പിണറായി വിജയനെതിരെയാണ്. ശബരിമലയിലെ ഏറ്റവും വലിയ ആചാരലംഘനം നടത്തിയത് പിണറായിയാണ്. അവിശ്വാസികളായ ആകടിസിസ്റ്റുകളെ കൊണ്ടുവന്ന് ശബരിമലയിൽ കയറ്റി നവോത്ഥാനം നടത്തിയെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രിക്കെതിരെ ഗൂഢാലോചന കേസാണ് എടുത്തിരിക്കുന്നത്. തന്ത്രിക്ക് എതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ലഭിച്ചുവെന്ന് റിമാൻ്റ് റിപ്പോർട്ടിലില്ല. തദ്ദേശതിരഞ്ഞെടുപ്പിലെ അതിഭീകമായ തിരിച്ചടിയിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനായാണ് , അതിൽ നിന്ന് വഴിതിരിച്ചു വിടാനാണ് തന്ത്രിയുടെ അറസ്റ്റെന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണെന്നും ഗൂഢാലോചനയുടെ കേന്ദ്രസ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് കടകംപള്ളിയെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസിനും വ്യക്തമായ പങ്കുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ് നേതാക്കളായ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർക്കും പങ്കുണ്ട്.ഉണ്ണികൃഷ്ണൻ പോറ്റിയെ ഇവർ എന്തിനാണ് സന്ദർശിച്ചത്. പോറ്റി സോണിയാ ഗാന്ധിയെ സമീപിച്ചത് പുരാവസ്തു ഇടപാടുകൾക്കാണെന്നും സോണിയാ ഗാന്ധിയുടെ സഹോദരിക്ക് ഇറ്റലിയിൽ രണ്ട് പുരാവസ്തു കച്ചവട സ്ഥാപനമുണ്ടെന്നും അത് എവിടെയും തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേവലം ഒരു സ്വർണക്കൊള്ളയല്ലെന്നും മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള വിഗ്രഹക്കച്ചവടമാണ് നടന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.അന്താരാഷ്ട്ര വിഗ്രഹമോഷ്ടാക്കൾ നടത്തുന്ന തരത്തിലുള്ള തട്ടിപ്പാണ് ഇതെന്ന ഹൈക്കോടതി നിരീക്ഷണം ഉണ്ടായിട്ടും എസ്‌ഐടി ആ നിലയിൽ അന്വേഷണം നടത്തുന്നില്ല. കേസിലെ യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാൻ കടകംപള്ളി സുരേന്ദ്രനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്യണമെന്നും സോണിയാ ഗാന്ധിയിൽ നിന്ന് മൊഴിയെടുക്കണമെന്നു കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
‘തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാൻ; ആചാരലംഘനമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായിയെ’; കെ സുരേന്ദ്രൻ
