നിക്കണോ പോണോ; കേരള കോൺഗ്രസ് എം നേരിടുന്ന വലിയ പ്രതിസന്ധി The biggest crisis facing Kerala Congress M | Kerala
Last Updated:
യുഡിഎഫിലേക്ക് പോയാൽ എൽഡിഎഫിലേക്കും എൽഡിഎഫിലേക്ക് പോയാൽ യുഡിഎഫിലേക്കും താമസിയാതെ തിരിച്ചെത്തും എന്നതാണ് പാർട്ടിയിലെ വിവിധ വിഭാഗങ്ങളുടെ ചരിത്രം.
ക്ലോക്കിന്റെ പെൻഡുലം പോലെ ഒരു സൈഡിലേക്ക് പോയാൽ ഏറെ വൈകാതെ മറു സൈഡിലേക്ക് തിരിച്ചുവരും എന്ന് ഉറപ്പുള്ള ബസ് സർവീസ്, ട്രെയിൻ സർവീസ് നമുക്കറിയാം. ഏതാണ്ട് അതുപോലെയാണ് കേരള കോൺഗ്രസുകളുടെ കാര്യം. യുഡിഎഫിലേക്ക് പോയാൽ എൽഡിഎഫിലേക്കും എൽഡിഎഫിലേക്ക് പോയാൽ യുഡിഎഫിലേക്കും താമസിയാതെ തിരിച്ചെത്തും എന്നതാണ് ആ പാർട്ടിയിലെ വിവിധ വിഭാഗങ്ങളുടെ ചരിത്രം.
ഇത്തരത്തിൽ ഒരു വലിയ ആശയ പ്രതിസന്ധിയിലൂടെയാണ് ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എം ഇപ്പോൾ കടന്നുപോകുന്നത്. 5 എംഎൽഎമാരാണ് പാർട്ടിക്ക് ഇപ്പോൾ നിയമസഭയിൽ ഉള്ളത്. ചങ്ങനാശ്ശേരിയിൽ നിന്നും ജോബ് മൈക്കിൾ, പൂഞ്ഞാറിൽ നിന്നും സെബാസ്റ്റ്യൻ കുളത്തിങ്കൽ, റാന്നിയിൽ നിന്നും പ്രമോദ് നാരായണൻ ഇടുക്കിയിൽ നിന്നും റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ നിന്നും ഡോ. എൻ ജയരാജ് എന്നിവർ. ഇതിൽ രണ്ടു പേർക്ക് യുഡിഎഫിലേക്ക് പോകണമെന്ന് വലിയ താല്പര്യമുണ്ട്. രണ്ടുപേർക്ക് എൽഡിഎഫിൽ തന്നെ നിൽക്കാനാണ് താല്പര്യം. അഞ്ചാമനാകട്ടെ എങ്ങനെ പോയാലും തന്റെ മണ്ഡലത്തിൽ ജയിക്കാം എന്നതിനാൽ ഏതു മുന്നണി ആയാലും കുഴപ്പമില്ല എന്നുള്ള അവസ്ഥയിലാണ്.
പാർട്ടിയുടെ സമുന്നതനായ നേതാവിനും കുടുംബത്തിനും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ അധിക ദിവസം ഇല്ലാത്ത സമയത്ത് മുന്നണി മാറിയാൽ നാട്ടുകാർ എന്തുപറയും എന്നൊരു ചിന്തയുണ്ട്. ആരെങ്കിലും കേട്ടാൽ ന്യായം തോന്നിക്കുന്ന എന്തെങ്കിലും കാരണം വേണ്ടേ എൽഡിഎഫ് വിടാൻ എന്നുള്ളതാണ് അവരെ അലട്ടുന്ന പ്രശ്നം. സമുദായിക പാർട്ടി അല്ലെന്ന് പറയുമ്പോഴും ഒരു ക്രൈസ്തവ സഭ വിഭാഗത്തിലെ മേലധ്യക്ഷന്മാർ ഏതാണ്ട് ആറുമാസമായി മുന്നണി വിടാനുള്ള അഭ്യർത്ഥനയും ആവശ്യവും പല പാർട്ടി നേതാക്കൾക്ക് മുന്നിലും ഉന്നയിച്ചിട്ടുണ്ട്. പത്തുവർഷത്തിനുശേഷം അധികാരത്തിലേക്ക് തിരിച്ചുവരാൻ എന്തു വിട്ടുവീഴ്ചയും ചെയ്യണമെന്ന് കരുതുന്ന മുസ്ലിം ലീഗ് ആണ് ഇത്തരമൊരു നീക്കത്തിനു പിന്നിൽ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം കാര്യങ്ങൾ അത്ര പന്തിയല്ല എന്നതും ഇവരുടെ ആശയക്കുഴപ്പത്തിന് കാരണമാണ്.
എന്നാൽ കഴിഞ്ഞതവണ 10 സീറ്റിൽ മത്സരിച്ച യുഡിഎഫിലെ കേരള കോൺഗ്രസിന്, മാണി വിഭാഗം ഒപ്പം വരുന്നതിനോട് താൽപര്യമില്ല. ഇത്രനാൾ വെള്ളം കോരിയും വിറക് കെട്ടിയും കഴിഞ്ഞ ആളുകളെ എങ്ങനെ മാറ്റി നിർത്താൻ കഴിയും എന്നാണ് ജോസഫ് വിഭാഗം പരസ്യമായി ചോദിക്കുന്നത്. കേരള കോൺഗ്രസ് മേഖലയിൽ മണ്ഡലങ്ങളുടെ എണ്ണത്തിൽ ഇനിയും കുറവ് വന്നാൽ അത് ജോസഫ് വിഭാഗത്തിന് ക്ഷീണമാകും. പോരാത്തതിന് കോൺഗ്രസ് ആകട്ടെ എന്തെങ്കിലും തരത്തിലുള്ള ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുകയും ചെയ്തിട്ടില്ല.
എൽഡിഎഫ് ആകട്ടെ ഇതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ട് ഉടൻ ആരംഭിക്കുന്ന ജാഥയുടെ മധ്യ കേരള ക്യാപ്റ്റനായി ജോസ് കെ മാണിയെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞതവണ എൽഡിഎഫിൽ 13 സീറ്റാണ് ലഭിച്ചത്. അതിൽ 12 എണ്ണത്തിൽ മത്സരിച്ചു. അഞ്ചെണ്ണത്തിൽ വിജയിച്ചു. ഇനി തിരിച്ചു ചെല്ലുമ്പോൾ 10 തന്നെ സംശയമാണ്. അത് മറ്റൊരുതരം പൊട്ടിത്തെറിക്ക് കാരണമാകും. ഇനി എല്ലാവരും ചേർന്നല്ല പോകുന്നെങ്കിൽ പിളർപ്പ് അല്ലാതെ മറ്റു മാർഗ്ഗമില്ല.
ഇതിനൊക്കെ ഉപരിയാണ് പാലാ സീറ്റ്. പാലായിൽ മത്സരിച്ച് വിജയിക്കുക എന്നുള്ളതാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. നിലവിൽ യുഡിഎഫ് സീറ്റായ പാലായിൽ സിറ്റിംഗ് എംഎൽഎയെ മാറ്റുക എളുപ്പമാവില്ല.
ഈ പ്രതിസന്ധി മറികടക്കാനായി മലബാറിൽ തിരുവമ്പാടി സീറ്റ് എന്നൊരു വാഗ്ദാനം നിലനിൽക്കുന്നുണ്ട്. അങ്ങനെ വന്നാൽ അത് രാഷ്ട്രീയമായി അത്ര ഗുണം ചെയ്യില്ല എന്ന് ജോസ് കെ മാണിയുടെ അടുപ്പക്കാർ കരുതുന്നു.
അധികാരം എന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം എന്നതിനാൽ എന്ത് വിട്ടുവീഴ്ചയ്ക്കും വരുന്ന ദിവസങ്ങളിൽ പാർട്ടി തയ്യാറാകുമോ എന്നതാണ് കാണേണ്ടത്
Kottayam,Kerala
