തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കണ്ട; ശബരിമല സ്വർണക്കൊള്ള കേസിൽ കെ. മുരളീധരൻ|Congress leader muraleedharan says attempt to shield minister by taking thanthri in Sabarimala case | Kerala
Last Updated:
ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന വലിയ അഴിമതിയാണിതെന്നും ഉന്നതരെ രക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന വലിയ അഴിമതിയാണിതെന്നും തന്ത്രിയെ മുൻനിർത്തി വകുപ്പ് മന്ത്രിയെയും ഉന്നതരെയും രക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ തന്ത്രി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയില്ല. അന്വേഷണത്തിലൂടെ മാത്രമേ അത് ബോധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് ഭരണാധികാരികളുടെ അറിവോ പിന്തുണയോ ഇല്ലാതെ ഇത്രയും വലിയ അളവിൽ സ്വർണം കടത്താൻ കഴിയില്ല. സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്ക് അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണ്. എന്നാൽ തന്ത്രിയെ മാത്രം പ്രതിയാക്കി കേസ് അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അത് അംഗീകരിക്കില്ല. സ്വന്തം വകുപ്പിന് കീഴിൽ ഇത്രയും വലിയ കൊള്ള നടന്നിട്ടും അത് അറിയാൻ കഴിഞ്ഞില്ലെന്ന് പറയുന്ന മന്ത്രിമാർ എന്തിനാണ് അധികാരത്തിൽ ഇരിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
മാർക്സിസ്റ്റ് പാർട്ടി പോലെ ശക്തമായ സംഘടനാ സംവിധാനമുള്ള ഒരു പാർട്ടി ഭരിക്കുമ്പോൾ, അവരുടെ ആളുകൾ തന്നെ തലപ്പത്തിരിക്കുന്ന ദേവസ്വം ബോർഡിൽ നടന്ന ഈ അഴിമതി മന്ത്രിയും പാർട്ടി നേതൃത്വവും അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. നിലവിൽ അറസ്റ്റിലായ നാലഞ്ച് പേരിൽ കേസ് ഒതുക്കി മന്ത്രിയെ രക്ഷിക്കാനാണ് സർക്കാർ കരുതുന്നതെങ്കിൽ പ്രതിപക്ഷം ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘എല്ലാം തന്ത്രിയിൽ അവസാനിപ്പിക്കാം എന്ന് സർക്കാർ കരുതേണ്ട. കേസ് പ്രതിപക്ഷം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. മന്ത്രിമാരെ രക്ഷിക്കാൻ ഏതെങ്കിലും വിധത്തിൽ ശ്രമം നടന്നാൽ പ്രതിപക്ഷം ശക്തമായി പ്രതികരിക്കും.’എന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
