കൗമാര പ്രണയത്തിലെ ലൈംഗികത; പോക്‌സോയിൽ റോമിയോ-ജൂലിയറ്റ് ചട്ടം പരിഗണിക്കാന്‍ സുപ്രീം കോടതി|Teenage Romance and Consent Supreme Court to Consider Romeo-Juliet Clause in POCSO Cases | India
Last Updated:
പരസ്പര സമ്മതത്തോടെയുള്ള പ്രണയ ബന്ധങ്ങളിലും പോക്‌സോ നിയമത്തിലെ കഠിനമായ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദ്ദേശം
പരസ്പര സമ്മതത്തോടെയുള്ള കൗമാര പ്രണയങ്ങളെ പോക്‌സോ നിയമത്തിന്റെ കഠിനമായ ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ റോമിയോ-ജൂലിയറ്റ് ചട്ടം കൊണ്ടുവരണമെന്ന സുപ്രധാന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തില്‍ (പോക്‌സോ) ഒരു റോമിയോ-ജൂലിയറ്റ് ചട്ടം അവതരിപ്പിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
പരസ്പര സമ്മതത്തോടെയുള്ള പ്രണയ ബന്ധങ്ങളിലും പോക്‌സോ നിയമത്തിലെ കഠിനമായ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍കെ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
പോക്‌സോ കേസുകളില്‍ ജാമ്യം പരിഗണിക്കുമ്പോള്‍ ഇരയുടെ പ്രായം നിര്‍ണയിക്കാന്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കമെന്നതുള്‍പ്പെടെയുള്ള അലഹബാദ് ഹൈക്കോടതിയുടെ നിരവധി നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതി ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ടി കൊണ്ടുവന്ന നിയമം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് തുടര്‍ച്ചയായി അഭിഭാഷകരിൽ നിന്ന് നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ വിധിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന്റെ നിയമ സെക്രട്ടറിക്ക് കൈമാറണമെന്നും കോടതി പറഞ്ഞു.
ഇത്തരം പ്രവണത തടയുന്നതിനാവശ്യമായ നടപടികള്‍ പരിഗണിക്കണമെന്ന് പറഞ്ഞ കോടതി യഥാര്‍ത്ഥ പ്രണയ ബന്ധങ്ങളെ പോക്‌സോ നിയമത്തിന്റെ പിടിയില്‍ നിന്ന് സംരക്ഷിക്കുന്നതിന് റോമിയോ-ജൂലിയറ്റ് ചട്ടം പരിഗണിക്കാവുന്നതാണെന്നും നിര്‍ദ്ദേശിച്ചു. ഈ നിയമങ്ങള്‍ പകപോക്കലിനും പ്രതികാരം ചെയ്യാനുമായി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കണമെന്നും കോടതി പറഞ്ഞു.
കുട്ടികളുടെ സംരക്ഷണത്തില്‍ പോക്‌സോ നിയമത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കോടതി എടുത്തുപറഞ്ഞു. കുട്ടികളെ ലൈംഗിക ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനാണ് പോക്‌സോ നിയമം ലക്ഷ്യമിടുന്നത്. എന്നാല്‍ ചില കേസുകളില്‍ കൗമാരക്കാര്‍ തമ്മിലുള്ള പ്രണയ ബന്ധത്തെ എതിര്‍ക്കുന്നതിന് അവരുടെ കുടുംബങ്ങള്‍ ഈ നിയമം ആയുധമാക്കുന്നതായും കോടതി പറഞ്ഞു.
നിയമം ദുരുപയോഗം ചെയ്യപ്പെടുകയും തെറ്റായി പ്രയോഗിക്കുകയും പ്രതികാരം ചെയ്യാനുള്ള ഉപകരണമായി വര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നീതി എന്ന ആശയത്തിന്റെ വിപീരത ഫലമാണുണ്ടാകുന്നത്. പല കേസുകളിലും കോടതികള്‍ ഈ സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. പോക്‌സോ നിയമത്തിന്റെ ദുരുപയോഗം സമൂഹത്തിലെ ഭീകരമായ വിടവ് തുറന്നുകാണിക്കുന്നതായും അധികാരവും സാക്ഷരതയുമുള്ളവരും സാമൂഹികവും സാമ്പത്തികവുമായി ഉയർന്നുനിൽക്കുന്നവരും നിയമത്തെ സ്വന്തം അനുകൂല്യത്തിനായി ചൂഷണം ചെയ്യുന്നുവെന്നും കോടതി വിശദമാക്കി.
അടിസ്ഥാനരഹിതമോ പ്രതികാരപരമോ ആയ വ്യവഹാരങ്ങള്‍ക്കെതിരെ കാവല്‍ക്കാരായി പ്രവര്‍ത്തിക്കാനുള്ള അഭിഭാഷകരുടെ ധാര്‍മ്മിക ഉത്തരവാദിത്തവും ബെഞ്ച് ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായ ദുരുപയോഗം നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം ഇല്ലാതാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
പോക്‌സോ കേസുകളില്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇരയുടെ പ്രായം നിര്‍ണയിക്കാന്‍ വൈദ്യപരിശോധന നടത്താന്‍ ഹൈക്കോടതിക്ക് ഉത്തരവിടാനാകില്ലെന്നും കോടതി പറഞ്ഞു. ഇത് വിചാരണ വിഷയമാണെന്നും ജാമ്യം പരിഗണിക്കുന്ന കോടതിക്ക് അതിന് അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
New Delhi,New Delhi,Delhi
