ചൊവ്വാഴ്ചയും ഹാജരാകണമെന്ന് സിബിഐ നോട്ടീസ്; പൊങ്കലിന് നാട്ടിൽ പോകണമെന്ന് വിജയ്| Karur Tragedy CBI Questions TVK Chief Vijay for 6 Hours likely to Skip Tuesdays Questioning | India
Last Updated:
റാലിയിൽ പങ്കെടുക്കാൻ വിജയ് എത്താൻ വൈകിയതിന്റെ കാരണങ്ങളും സിബിഐ ആരാഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ന്യൂഡൽഹി : കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയ്‌യെ സിബിഐ ആറുമണിക്കൂർ ചോദ്യം ചെയ്തു. ചൊവ്വാഴ്ചയും അന്വേഷണ സംഘത്തിന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയ്ക്ക് സിബിഐ നോട്ടിസ് നൽകി. എന്നാൽ വിജയ് ഹാജരാകില്ലെന്നാണ് വിവരം. പൊങ്കലിന് നാട്ടിൽ പോകണമെന്നും ചോദ്യം ചെയ്യലിന് എത്താനാകില്ലെന്നും വിജയ് അറിയിച്ചതായാണ് റിപ്പോർട്ട്.
2025 സെപ്റ്റംബറിൽ കരൂരിലുണ്ടായ അപകടത്തെ കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഭവിച്ച വീഴ്ചയെ കുറിച്ചുമാണ് ഇന്നു പ്രധാനമായും സിബിഐ ചോദിച്ചത്. അതേസമയം റാലിയിൽ പങ്കെടുക്കാൻ വിജയ് എത്താൻ വൈകിയതിന്റെ കാരണങ്ങളും സിബിഐ ആരാഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റാലി നടന്ന സ്ഥലത്ത് 7 മണിക്കൂർ വൈകിയാണ് വിജയ് എത്തിയിരുന്നത്. ഈ സമയം ആൾക്കൂട്ടം നിയന്ത്രണാതീതമായി പെരുകാനും ആളുകൾ ക്ഷീണിക്കുന്നതിനും കാരണമായി. വിജയ്‌യുടെ കരൂരിലെ റാലിയിൽ തിക്കിലും തിരക്കിലും ഒൻപത് കുട്ടികൾ ഉൾപ്പെടെ 41 പേരാണ് മരിച്ചത്. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ തെറ്റായ നടപടികളാണ് അപകടത്തിനു കാരണമെന്ന് വിജയ് മൊഴി നൽകിയെന്നാണ് ലഭിക്കുന്ന സൂചന.
ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് തിങ്കളാഴ്ച രാവിലെയാണ് വിജയ് ഹാജരായത്. ഇതിനായി രാവിലെ 7നാണ് സ്വകാര്യ വിമാനത്തിൽ ചെന്നൈയിൽനിന്നു വിജയ് പുറപ്പെട്ടത്. ടിവികെ നേതാവ് ആദവ് അർജുനയും വിജയ്‌ക്കൊപ്പം ഡൽഹിയിൽ എത്തിയിട്ടുണ്ട്. സിബിഐക്കു മുന്നിലെത്തുന്നതിനു മുന്നോടിയായി സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ട് ഡൽഹി പോലീസിന് ടിവികെ കത്ത് നൽകിയിരുന്നു. മറുപടിയായി സുരക്ഷയൊരുക്കുമെന്ന് ഡൽഹി പോലീസും അറിയിച്ചു.
പാർട്ടി നേതാക്കളായ എൻ ആനന്ദ്, ആദവ് അർജുന, നിർമൽ കുമാർ എന്നിവരെ രണ്ടു തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. ആദ്യമായാണു വിജയ്‌യെ ചോദ്യം ചെയ്യലിനു വിളിക്കുന്നത്. വിജയ് കരൂർ ദുരന്ത സമയത്ത് ഉപയോഗിച്ചിരുന്ന പ്രചാരണ വാഹനവും കഴിഞ്ഞ ദിവസം സിബിഐ വിശദമായി പരിശോധിച്ചിരുന്നു.
Summary: The CBI has questioned actor and TVK leader Vijay for six hours in connection with the Karur tragedy. Following the session, the CBI issued a fresh notice to Vijay, directing him to appear before the investigation team again on Tuesday. However, reports suggest that Vijay may not attend the questioning on Tuesday. He has reportedly informed the CBI that he needs to travel to his hometown for the Pongal festival and will be unable to appear for further interrogation at this time.
New Delhi,New Delhi,Delhi
