‘വിവാഹിതകൾ കുടുംബത്തിന് പ്രാധാന്യം കൊടുക്കണം’ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ|Congress Leader Sreena Devi Kunjamma Backs Rahul Mamkootathil in Rape Case | Kerala
Last Updated:
അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേൾക്കണമെന്നും ശ്രീനാദേവി ചൂണ്ടിക്കാട്ടി
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രംഗത്ത്. അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേൾക്കണമെന്നും രാഹുലിനെതിരെ ഉയർന്ന പരാതികളിൽ പലയിടത്തും സംശയമുണ്ടെന്നും അവർ വ്യക്തമാക്കി. രാഹുലിനൊപ്പം താൻ ഉറച്ചുനിൽക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി ചൂണ്ടിക്കാട്ടി. മൂന്നാമത്തെ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകിയെന്നും ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചുവെന്നുമുള്ള മൊഴികൾ കേൾക്കുമ്പോൾ സ്വാഭാവികമായും സംശയം തോന്നുന്നുണ്ടെന്ന് അവർ പറഞ്ഞു.
സ്ത്രീകൾ കുടുംബബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിവാഹിതരാണെങ്കിൽ ആ ബന്ധത്തിന് വില കൽപ്പിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. രാഹുൽ കുറ്റക്കാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതുകൊണ്ടാകാം പോലീസ് അറസ്റ്റ് ചെയ്തത്, എന്നാൽ സത്യം പുറത്തുവരുന്നത് വരെ അദ്ദേഹത്തെ ക്രൂശിക്കരുത്. മാധ്യമങ്ങൾ ഇല്ലാത്ത കഥകൾ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. അതിജീവിതന്മാർക്കൊപ്പം നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇരുപക്ഷത്തിനും തുല്യ പരിഗണന ലഭിക്കണമെന്നും ശ്രീനാദേവി കുഞ്ഞമ്മ ആവശ്യപ്പെട്ടു. നേരത്തെ സിപിഐ വിട്ട് കോൺഗ്രസിലെത്തിയ ശ്രീനാദേവി മുൻപും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
Pathanamthitta,Pathanamthitta,Kerala
‘വിവാഹിതകൾ കുടുംബത്തിന് പ്രാധാന്യം കൊടുക്കണം’ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ
