Leading News Portal in Kerala

കുടിയേറ്റ വിരുദ്ധ നയം ; 2025ല്‍ യുഎസ് റദ്ദാക്കിയത് ഒരു ലക്ഷം വിസകള്‍| US Revokes Over One Lakh Visas in 2025 Massive Crackdown on Students and Workers Under New Policy | World


Last Updated:

റദ്ദാക്കപ്പെട്ട വിസകളില്‍ 8,000ത്തോളം വിദ്യാര്‍ത്ഥി വിസകളും 2,500 എണ്ണം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ നേരിട്ടിട്ടുള്ള സ്‌പേഷ്യലൈസ്ഡ് വിസകളുമാണ്

ഫയൽ‌ ചിത്രം
ഫയൽ‌ ചിത്രം

കുടിയേറ്റം തടയുന്നതിനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമായി 2025-ല്‍ യുഎസ് സുരക്ഷാ വകുപ്പ് ഏകദേശം ഒരു ലക്ഷത്തോളം വിസകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇതില്‍ 8,000ത്തിലധികവും വിദ്യാര്‍ത്ഥി വിസകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിസകള്‍ റദ്ദാക്കിയിട്ടുള്ളത്. ജോ ബൈഡന്‍ പ്രസിഡന്റായിരുന്ന അവസാന വര്‍ഷമായ 2024ല്‍ റദ്ദാക്കപ്പെട്ടതിന്റെ ഇരട്ടിയിലധികമാണ് കഴിഞ്ഞ വര്‍ഷത്തെ വിസ റദ്ദാക്കലെന്നും റിപ്പോര്‍ട്ട് പറയുന്നു.

റദ്ദാക്കപ്പെട്ട വിസകളില്‍ 8,000ത്തോളം വിദ്യാര്‍ത്ഥി വിസകളും 2,500 എണ്ണം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ നേരിട്ടിട്ടുള്ള സ്‌പേഷ്യലൈസ്ഡ് വിസകളുമാണെന്ന് യുഎസ് സുരക്ഷാ വകുപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിട്ട പോസ്റ്റില്‍ പറഞ്ഞു. അമേരിക്കയെ സുരക്ഷിതമാക്കുന്നതിന് അക്രമികളെ നാടുകടത്തുന്നത് തുടരുമെന്നും പോസ്റ്റില്‍ വ്യക്തമാക്കി.

വിദേശ പൗരന്മാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടേതടക്കമുള്ള പരിശോധനകള്‍ കര്‍ശനമാക്കികൊണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വന്നതിനു പിന്നാലെയാണ് വിസ റദ്ദാക്കലുകളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായത്. 2024ല്‍ ഏകദേശം 40,000 വിസകളാണ് റദ്ദാക്കിയത്. 2025ല്‍ റദ്ദാക്കപ്പെട്ട വിസകളില്‍ ഭൂരിഭാഗവും വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്ന ബിസിനസ്, ടൂറിസ്റ്റ് സന്ദര്‍ശകരുടേതാണ്.

സ്‌പെഷ്യലൈസ്ഡ് വിസകള്‍ റദ്ദാക്കിയതില്‍ പകുതിയോളവും മദ്യപിച്ച് വാഹനമോടിച്ചതിന് നിയമനടപടി നേരിട്ടിട്ടുള്ളവരുടേതാണ്. അക്രമം, മോഷണം, കുട്ടികളുടെ ദുരുപയോഗം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് റദ്ദാക്കപ്പെട്ടവയാണ് ബാക്കി വിസകള്‍.

മയക്കുമരുന്ന് കൈവശം വയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന്റെ ഫലമായി 500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് വിസ നഷ്ടമായി. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ പേരില്‍ നൂറുകണക്കിന് വിദേശ തൊഴിലാളികളുടെയും വിസ റദ്ദാക്കി.

നിയമപരമായി അംഗീകാരമുള്ള യുഎസ് വിസകള്‍ കൈവശമുള്ള 5.5 കോടി വിദേശ പൗരന്മാരെ കുറിച്ച് സമഗ്ര പരിശോധന നടത്തുമെന്ന് ട്രംപ് ഭരണകൂടം ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. പരിശോധന കേന്ദ്രങ്ങള്‍ വഴി ഇത് തുടരുമെന്ന് യുഎസ് സുരക്ഷാ വകുപ്പ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ടും അറിയിച്ചു. ദേശീയ സുരക്ഷയും പൊതുജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനു വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

വിസ നിയമങ്ങളും വകുപ്പ് കര്‍ശനമാക്കിയിട്ടുണ്ട്. പൊതു ആനുകൂല്യങ്ങളില്‍ ആശ്രയിക്കേണ്ടിവരുമെന്ന് കരുതുന്ന അപേക്ഷകര്‍ക്ക് വിസ നിഷേധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന ‘പബ്ലിക് ചാര്‍ജ്’ നയവും ഇതില്‍ ഉള്‍പ്പെടുന്നു.

അനധികൃതവും നിയമപരവുമായ കുടിയേറ്റത്തിനെതിരെ ട്രംപ് നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കൂടാതെ ജോലിക്കോ പഠനത്തിനോ വേണ്ടി യുഎസില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള നിയമങ്ങളും ട്രംപ് ഭരണകൂടം കര്‍ശനമാക്കിയിട്ടുണ്ട്.

ഡിസംബര്‍ 15 മുതല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പരിശോധന ഉള്‍പ്പെടെ എച്ച്1ബി, ആശ്രിത എച്ച്4 വിസ അപേക്ഷകരുടെ പരിശോധന മെച്ചപ്പെടുത്താനുള്ള നടപടികളും സുരക്ഷാ വകുപ്പ് ആരംഭിച്ചു. ഇതിന്റെ ഫലമായി ഇന്ത്യയിലുടനീളം ഷെഡ്യൂള്‍ ചെയ്ത നിരവധി എച്ച്1ബി വിസ അഭിമുഖങ്ങള്‍ മാറ്റിവച്ചു. ഇതോടെ വിസ സ്റ്റാമ്പിംഗിനായി യാത്ര ചെയ്ത നിരവധി അപേക്ഷകര്‍ മാസങ്ങളോളം കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായി.