‘കുഞ്ഞമ്മ പറയുന്നത് പേരിന്റെ അർത്ഥത്തിന് വിപരീതമായ കാര്യങ്ങൾ; വെള്ളം കുടിച്ച് മരിച്ചാൽ ഭാഗ്യം’; പത്തനംതിട്ട ഡിസിസി വൈ. പ്രസിഡന്റ്| Pathanamthitta DCC Vice President Scathing Attack on Sreenadevi Kunjamma | Kerala
Last Updated:
പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസാണ് ഫേസ്ബുക്കിൽ വിമർശനവുമായി രംഗത്തെത്തിയത്
പത്തനംതിട്ട: ഫേസ്ബുക്ക് ലൈവിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ച് സംസാരിച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കടുത്ത വിമർശനവുമായി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ്. പേരിന്റെ അർത്ഥത്തിന് വിപരീതമായ കാര്യങ്ങളാണ് കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം വിമർശിച്ചു. വെള്ളം കുടിച്ച് മരിച്ചാൽ ഭാഗ്യമെന്നും വിമർശനം.
തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ശ്രീനാദേവി കുഞ്ഞമ്മ സിപിഐ വിട്ട് കോൺഗ്രസിലെത്തിയത്. കോൺഗ്രസ് പാർട്ടി ഒന്നടങ്കം രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീനാദേവി രാഹുലിനെ അനുകൂലിച്ചുകൊണ്ട് തിങ്കളാഴ്ച ഫേസ്ബുക്ക് ലൈവിൽ സംസാരിച്ചത്. കേസിൽ സത്യം പുറത്തുവരട്ടെ എന്നും അതുവരെ അതിജീവിതനൊപ്പം നിൽക്കാനാണ് താൽപര്യപ്പെടുന്നത് എന്നുമായിരുന്നു ശ്രീനാദേവി പറഞ്ഞത്.
‘രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ, വരട്ടെ, കോടതി തീരുമാനിക്കട്ടെ. അതിനുശേഷം നമുക്ക് തീരുമാനിക്കാം. വാർത്തകൾ ഒരുപാട് എഴുതിപ്പിടിപ്പിക്കുന്ന മാധ്യമങ്ങൾ അതിന്റെ വസ്തുത അറിയുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കണം. കുടുംബം ഒരാൾക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട് എന്ന് ആലോചിക്കണം. അതുകൊണ്ട്, പുരുഷനും സ്ത്രീക്കും തുല്യനീതി വേണം. അതിൽ രണ്ടുപേരും ഒരുപോലെ ചതുക്കപ്പെടുന്നുവെങ്കിൽ ഉറപ്പായും സ്ത്രീക്ക് കുറച്ചുകൂടി പരിഗണന കൊടുക്കണം എന്നാണ് നമ്മുടെ നിയമങ്ങൾ പറയുന്നത്.’ ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
‘ആ പരിഗണന ലഭിച്ചാൽ മാത്രമേ ഈ സമൂഹത്തിൽ സ്ത്രീക്ക് മുന്നോട്ടുപോകാൻ സാധിക്കൂ. അതേ പരിഗണനയുടെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിജീവിതന്റെ ഒപ്പമുള്ള യാത്രയാണ് ഞാൻ ആഗ്രഹിക്കുന്നത്. നീതി അർഹിക്കുന്ന അതിജീവിതരുടെ ഒപ്പം ഉറപ്പായും ഉണ്ടാകും. രാഹുലിന്റെ വിഷയത്തിൽ ഒരുപാടുപേർ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ ആരാണ് ശരി. തെറ്റുകാരനെന്ന് നിയമം പ്രഥമദൃഷ്ട്യാ കണ്ടതുകൊണ്ടാണ് രാഹുൽ അഴിക്കുള്ളിലായത്.’
‘അതിന്റെ അർഥം രാഹുലിനെ തെറ്റുകാരനായി കണ്ടെത്തി എന്നല്ല, സ്ത്രീക്ക് പ്രഥമ പരിഗണന കൊടുത്തു എന്നാണ്. അപ്പോൾ, ഇതിൽ ആരാണ് ശരി എന്ന ചോദ്യം വളരെ പ്രസക്തമാണ്. ബന്ധങ്ങളുടെ വില നമ്മൾ കുറച്ചുകൂടി ഓർക്കണം. കോടതി വിധി വന്നാൽ മാത്രമേ ഇതിലൊക്കെ വ്യക്തത വരുള്ളൂ. അപ്പോൾ, എന്റെ കാഴ്ചപ്പാടുകളിൽ തെറ്റുവന്നതായി മനസിലാക്കിയാൽ അത് മാറ്റും. മറ്റുള്ളവരുടെ അഭിപ്രായങ്ങളാണ് തെറ്റെങ്കിൽ അതും മാറണം. അതുവരെ ക്രൂശിക്കപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിലും അർഹിക്കുന്നില്ല, അതിജീവിതമാരും അർഹിക്കുന്നില്ല.’ അവർ പറഞ്ഞു.
‘രണ്ടുകൂട്ടരും ക്രൂശിക്കപ്പെടുകയല്ല, ശരിയായ കാര്യം എന്താണെന്ന് കണ്ടെത്തുകയാണ് വേണ്ടത്. ആരും ആരേയും മാനിപ്പുലേറ്റ് ചെയ്യരുത്, മിസ് യൂസ് ചെയ്യരുത്, അതിന്റെ ശരം ഒരാളുടെ പദവിയിലേക്ക് കൊണ്ടെത്തിക്കാൻ ശ്രമിക്കരുത്.’ ശ്രീനാദേവി വ്യക്തമാക്കി.
ഫേസ്ബുക്ക് ലൈവിന് പിന്നാലെ കടുത്ത വിമർശനമാണ് ശ്രീനാദേവിക്കെതിരെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നത്. പേരിന്റെ അർത്ഥത്തിന് വിപരീതമായ കാര്യങ്ങളാണ് ശ്രീനാദേവി പറയുന്നതെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ് പറഞ്ഞു. ‘പേരിന്റെ അർത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളം കുടിച്ചുമരിച്ചാൽ ഭാഗ്യം.’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനിടെ ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുലിനെതിരെ പരാതി നൽകിയ യുവതി ഡിജിപിക്ക് പരാതി അയച്ചു.
Pathanamthitta,Pathanamthitta,Kerala
‘കുഞ്ഞമ്മ പറയുന്നത് പേരിന്റെ അർത്ഥത്തിന് വിപരീതമായ കാര്യങ്ങൾ; വെള്ളം കുടിച്ച് മരിച്ചാൽ ഭാഗ്യം’; പത്തനംതിട്ട ഡിസിസി വൈ. പ്രസിഡന്റ്
