പാലക് പനീറിനെ ചൊല്ലി ‘ഛഗഡ’; അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം| Clash Over Palak Paneer Two Indian Students Forced to Leave US receive Rs 1.65 Crore Compensation | World
Last Updated:
ഇവർക്ക് ഇനി ഈ സർവകലാശാലയിൽ പഠിക്കാനോ ജോലി ചെയ്യാനോ അനുവാദമില്ല
മൈക്രോവേവ് ഓവനിൽ പാലക് പനീർ ചൂടാക്കിയതിനെച്ചൊല്ലിയുണ്ടായ നിസ്സാരമായ തർക്കം, രണ്ട് ഇന്ത്യൻ പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് അമേരിക്ക വിടേണ്ടി വരുന്നതിലും ഒരു പ്രമുഖ അമേരിക്കൻ സർവകലാശാല 2,00,000 ഡോളർ (ഏകദേശം 1.65 കോടി രൂപ) നഷ്ടപരിഹാരം നൽകുന്നതിലുമാണ് അവസാനിച്ചത്.
2023 സെപ്റ്റംബർ 5ന് യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബോൾഡറിലെ നരവംശശാസ്ത്ര വിഭാഗം പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്ന ആദിത്യ പ്രകാശ് ഡിപ്പാർട്ട്മെന്റിന്റെ മൈക്രോവേവ് ഓവനിൽ തന്റെ ഉച്ചഭക്ഷണം ചൂടാക്കുകയായിരുന്നു. അപ്പോൾ അവിടെയെത്തിയ ഒരു ജീവനക്കാരി ഭക്ഷണത്തിന്റെ ‘മണത്തെ’ക്കുറിച്ച് പരാതിപ്പെടുകയും സൗകര്യം ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. താൻ പാലക് പനീർ ആണ് ചൂടാക്കിയതെന്ന് 34കാരനായ ആദിത്യ ഓർക്കുന്നു.
“അതിന് രൂക്ഷഗന്ധമാണെന്നാണ് അവർ പറഞ്ഞത്. ഇത് വെറും ഭക്ഷണമാണെന്നും ചൂടാക്കിയ ഉടൻ താൻ പോകുമെന്നും ഞാൻ ശാന്തമായി മറുപടി നൽകി,” ആദിത്യ പറഞ്ഞു. എന്നാൽ ഈ സംഭവത്തിന് ശേഷം തനിക്കും പങ്കാളിയായ ഉർമി ഭട്ടാചാര്യയ്ക്കും നേരെ വിവേചനപരമായ പെരുമാറ്റവും പ്രതികാര നടപടികളും ഉണ്ടായതായി ഇവർ ആരോപിക്കുന്നു. ഒടുവിൽ 2025 സെപ്റ്റംബറിൽ ഫെഡറൽ സിവിൽ റൈറ്റ്‌സ് കേസിൽ സർവകലാശാല ഇവരുമായി ഒത്തുതീർപ്പിലെത്തി. നഷ്ടപരിഹാരത്തിന് പുറമെ ഇരുവർക്കും മാസ്റ്റേഴ്സ് ബിരുദം നൽകാനും തീരുമാനമായി. എന്നാൽ ഇവർക്ക് ഇനി ഈ സർവകലാശാലയിൽ പഠിക്കാനോ ജോലി ചെയ്യാനോ അനുവാദമില്ല.
ഇതേത്തുടർന്ന് ഈ മാസം ആദ്യം ആദിത്യയും ഉർമിയും ഇന്ത്യയിലേക്ക് മടങ്ങി. ഭക്ഷണത്തെച്ചൊല്ലിയുള്ള വിവേചനം ഉന്നയിച്ചതിന് പിന്നാലെ സർവകലാശാല തങ്ങൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിച്ചുവെന്ന് കോടതിയിൽ ഫയൽ ചെയ്ത പരാതിയിൽ പറയുന്നു. സൗത്ത് ഏഷ്യൻ വംശജരെ ലക്ഷ്യം വെച്ചുള്ളതാണ് കിച്ചൻ പോളിസികളെന്നും അവർ ആരോപിച്ചു.
35-കാരിയായ ഉർമിയുടെ ടീച്ചിംഗ് അസിസ്റ്റന്റ് സ്ഥാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം മറ്റ് വിദ്യാർത്ഥികൾക്കൊപ്പം ഇന്ത്യൻ ഭക്ഷണം ക്യാമ്പസിൽ എത്തിച്ചപ്പോൾ “കലാപം ഉണ്ടാക്കാൻ ശ്രമിച്ചു” എന്നുവരെ തങ്ങൾക്കെതിരെ ആരോപണമുണ്ടായതായി ഉർമി പറഞ്ഞു.
“എന്റെ ഭക്ഷണം എന്റെ അഭിമാനമാണ്. ഏത് മണമാണ് നല്ലത് അല്ലെങ്കിൽ ചീത്ത എന്നത് ഓരോ സംസ്‌കാരത്തെയും ആശ്രയിച്ചിരിക്കും,” ഭോപ്പാൽ സ്വദേശിയായ ആദിത്യ പറഞ്ഞു. ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതോടെ കുടിയേറ്റക്കാരോടും വർണ്ണവിവേചനത്തിന് ഇരയാകുന്നവരോടും അമേരിക്കയിലുള്ള സമീപനത്തിൽ മാറ്റം വന്നതായും ഉർമി കൂട്ടിച്ചേർത്തു.
ഭോപ്പാലിൽ നിന്നുള്ള ആദിത്യ പ്രകാശും കൊൽക്കത്തയിൽ നിന്നുള്ള ഉർമി ഭട്ടാചാര്യയും അവരുടെ ഡോക്ടറൽ പ്രോഗ്രാമുകളുടെ ആദ്യ വർഷം ഒരു പ്രശ്നവുമില്ലാതെ കടന്നുപോയതായി പറഞ്ഞു. ആദിത്യ പ്രകാശിന് ഗ്രാന്റുകളും ധനസഹായവും ലഭിച്ചപ്പോൾ, ഉർമി ഭട്ടാചാര്യയുടെ മാരിറ്റൽ റേപ്പ് വിഷയത്തിലുള്ള ഗവേഷണത്തിന് മികച്ച സ്വീകാര്യത ലഭിച്ചു. ഇരുവരും തങ്ങളുടെ ജീവിതകാല സമ്പാദ്യം യുഎസിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി നിക്ഷേപിച്ചതായി പറഞ്ഞു.
ഇരുവർക്കും പിന്തുണയുമായി വകുപ്പിലെ 29 സഹപാഠികൾ രംഗത്തെത്തിയിരുന്നു. സർവകലാശാലയുടെ നടപടി വംശീയ വിവേചനമാണെന്ന് അവർ പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കയിലെ പഠനത്തിനായി ജീവിതസമ്പാദ്യം മുഴുവൻ ചിലവാക്കിയ തങ്ങൾക്ക് നേരിട്ട ഈ അനുഭവം മാനസികമായി വലിയ പ്രയാസമുണ്ടാക്കിയെന്നും അതുകൊണ്ടാണ് തിരികെ ഇന്ത്യയിലേക്ക് പോരാൻ തീരുമാനിച്ചതെന്നും ദമ്പതികൾ വ്യക്തമാക്കി.
New Delhi,New Delhi,Delhi
പാലക് പനീറിനെ ചൊല്ലി ‘ഛഗഡ’; അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
