Leading News Portal in Kerala

രാഷ്ട്രീയം എന്തെങ്കിലുമാകട്ടെ പാലായിൽ പോത്തും പന്നിയും വിട്ടൊരു കളിയില്ല; ഇറച്ചി വിലയിൽ കർശന നിയന്ത്രണം | Strict price controls implemented for meat in Pala | Kerala


Last Updated:

ഒരു പ്രമുഖ കടയിലെ വില മാറ്റത്തിനനുസരിച്ച് പാലായിലെ ബാക്കി ചെറുകിട കച്ചവടക്കാരെല്ലാം വില വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവാത്ത പ്രവണതയാണെന്ന് ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി

News18
News18

കേരളാ കോൺഗ്രസ് മുന്നണി മാറുമോ എന്നതിനെയും പാലാ നിയമസഭാ സീറ്റിൽ ആരൊക്കെ മത്സരിക്കും എന്നതിനെയും കുറിച്ച് രാഷ്ട്രീയ കേരളത്തിൽ ചർച്ച മുറുകുമ്പോൾ പാലായിലെ ചർച്ച മറ്റൊന്നാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പോത്തിറച്ചിവിൽക്കുന്ന നഗരങ്ങളിൽ ഒന്നായ പാലായിൽ വില അനിയന്ത്രിതമായി കൂട്ടുന്നത് അനുവദിക്കാനാകില്ലെന്ന് നഗരസഭ. പാലാ നഗരസഭാ പരിധിക്കുള്ളിൽ ഇനി പോത്തിറച്ചി കിലോയ്ക്ക് 435 രൂപയും പന്നിയിറച്ചി കിലോയ്ക്ക് 340 രൂപയും ആയിരിക്കും വിലയെന്നും ഒരു രൂപയെങ്കിലും കൂട്ടി വില്പന നടന്നാൽ ചെയർപേഴ്സണെയോ ബന്ധപ്പെട്ട നഗരസഭാ ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്നും ചെയർപേഴ്സൺ ദിയ ബിനു നിർദേശിച്ചു.

ചൊവ്വാഴ്ച്ച ചെയർപേഴ്സന്റെ ചേമ്പറിൽ വിളിച്ചുചേർത്ത മാംസ വിൽപ്പനക്കാരുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.ഇറച്ചിക്കടകളിൽ ദുർഗന്ധം ഒഴിവാക്കണമെന്നും ജീവനക്കാരുടെയും കടയുടെയും വൃത്തി കർശനമായി പാലിക്കണമെന്നും അതിനായി നഗരസഭ പരിശോധന ആരംഭിക്കുകയാണെന്നും ചെയർപേഴ്സൺ അറിയിച്ചപ്പോൾ 15 ദിവസത്തെ സാവകാശമാണ് കച്ചവടക്കാർ ആവശ്യപ്പെട്ടത്. എന്നാൽ പത്ത് ദിവസത്തെ സാവകാശം അനുവദിച്ച ചെയർപേഴ്സൺ പക്ഷേ യോഗത്തിൽ ഹാജരാകാത്ത എല്ലാ മാംസവിൽപ്പനക്കാരുടെ ഷോപ്പുകളിലും ഉടൻ കർശന പരിശോധന ആരംഭിക്കുവാൻ നിർദ്ദേശം നൽകി.ഒരു പ്രമുഖ കടയിലെ വില മാറ്റത്തിനനുസരിച്ച് പാലായിലെ ബാക്കി ചെറുകിട കച്ചവടക്കാരെല്ലാം വില വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവാത്ത പ്രവണതയാണെന്ന് ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി.

അസോസിയേഷൻ തീരുമാനിച്ച വിലയ്ക്കാണ് വില്പന നടത്തുന്നതെന്ന ഒരു വിഭാഗം കച്ചവടക്കാരുടെ വാദത്തെ മറ്റൊരു വിഭാഗം കച്ചവടക്കാർ എതിർക്കുകയും ഉണ്ടായി. പോത്തിറച്ചിയുടെ വില കുറയ്ക്കണം എന്ന നിർദ്ദേശത്തെ കച്ചവടക്കാർ ശക്തിയായി എതിർത്തെങ്കിലും കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന ചെയർപേഴ്സന്റെ ഉറച്ച നിലപാടിനു മുന്നിൽ വില 25 രൂപ കുറയ്ക്കാൻ വ്യാപാരികൾ തയ്യാറാവുകയായിരുന്നു.

അതിനിടെ തങ്ങളിൽ പലരും കാളയിറച്ചി കൂടി ചേർത്താണ് പോത്തിറച്ചി എന്ന പേരിൽ വിലകുറച്ച് വിൽക്കാൻ ശ്രമിക്കുന്നതെന്ന് ചില വ്യാപാരികൾ പറഞ്ഞത് യോഗത്തിൽ പൊട്ടിച്ചിരിയുണ്ടാക്കി. ഇറച്ചി തൂക്കി നൽകുമ്പോൾ തങ്ങൾ മുൻതൂക്കം നൽകുന്നുണ്ടെന്നും വിലകുറച്ചാൽ അത് തങ്ങൾക്ക് നഷ്ടമാണെന്നും വ്യാപാരികൾ പറഞ്ഞു.പക്ഷേ അത് തികച്ചും വാസ്തവ വിരുദ്ധമായ ഒരു കാര്യമാണ് എന്ന് യോഗം വിലയിരുത്തി. ഇപ്പോൾ ഇലക്ട്രോണിക് ത്രാസുകളിൽ ഇറച്ചി തൂക്കി നൽകുമ്പോൾ ഓരോ മില്ലി ഗ്രാമിന്റെയും വില ഈടാക്കി തന്നെയാണ് വില്പനക്കാർ പണം വാങ്ങുന്നത്.

ബുധനാഴ്ച രാവിലെ മുതൽ പാലാ നഗരസഭ പരിധിയിലെ എല്ലാ മാംസ വില്പന കേന്ദ്രങ്ങളിലും പോത്തിറച്ചിക്ക് കിലോ 435 രൂപയും പന്നിയിറച്ചിക്ക് 340 രൂപയും ആയിരിക്കും പരമാവധി വില. അതിൽ കുറച്ച് വിൽക്കാൻ അനുവാദം ഉണ്ടെങ്കിലും ഒരു രൂപ പോലും കൂട്ടി വിൽക്കാൻ കഴിയില്ല എന്നും പരാതിയുള്ളവർക്ക് നേരിട്ട് ചെയർപേഴ്സണോ അല്ലെങ്കിൽ നഗരസഭാ അധികൃതർക്കോ രേഖാമൂലം പരാതി നൽകാവുന്നതാണ് എന്നും നഗരസഭ വ്യക്തമാക്കി.

കോഴിയിറച്ചി വിൽക്കുന്ന കടകളിലെ വേസ്റ്റ് അംഗീകൃത ഏജൻസികൾക്ക് മാത്രം കൊടുക്കണമെന്നും പന്നി വളർത്തൽ കേന്ദ്രങ്ങൾക്ക് കൊടുത്താൽ കർശന നടപടി ഉണ്ടാകും എന്നും വ്യാപാരികൾക്ക് ചെയർപേഴ്സൺ മുന്നറിയിപ്പ് നൽകി. കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിനു പുളിക്കക്കണ്ടം എന്നിവർ ചെയർപേഴ്സൻ്റെ നിലപാടിന് പിന്തുണ നൽകി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

രാഷ്ട്രീയം എന്തെങ്കിലുമാകട്ടെ പാലായിൽ പോത്തും പന്നിയും വിട്ടൊരു കളിയില്ല; ഇറച്ചി വിലയിൽ കർശന നിയന്ത്രണം