Leading News Portal in Kerala

മനുസ്മൃതി ഉദ്ധരിച്ച് സുപ്രീം കോടതി; വിധവയായ മരുമകള്‍ക്ക് ഭര്‍തൃപിതാവിന്റെ മരണശേഷം ജീവനാംശത്തിന് അര്‍ഹത| Widowed Daughter-in-Law Can Claim Maintenance from Father-in-Law Says Supreme Court Citing Manusmriti | India


Last Updated:

ഭര്‍ത്താവിന്റെ മരണസമയത്തെ മാത്രം അടിസ്ഥാനമാക്കി വിധവകളാകുന്ന മരുമക്കള്‍ക്കിടയില്‍ നടത്തിയിരുന്ന വര്‍ഗീകരണം യുക്തിരഹിവും ഏകപക്ഷീയവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി

സുപ്രീംകോടതി
സുപ്രീംകോടതി

ഭര്‍തൃപിതാവിന്റെ മരണശേഷം വിധവയാകുന്ന മരുമകള്‍ക്ക് 1956ലെ ഹിന്ദു ദത്തെടുക്കല്‍, പരിപാലന നിയമം പ്രകാരം അയാളുടെ സ്വത്തില്‍ നിന്ന് ജീവനാംശം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. അമ്മയോ അച്ഛനോ ഭാര്യയോ മകനോ ഉപേക്ഷിക്കപ്പെടാന്‍ അര്‍ഹരല്ലെന്നും അവരെ ഉപേക്ഷിക്കുന്ന ആള്‍ക്ക് പിഴ ചുമത്തണമെന്നും വ്യക്തമാക്കുന്ന മനുസ്മൃതിയിലെ വാക്യം ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഭാര്യപിതാവ് ജീവിച്ചിരിക്കുന്ന കാലത്ത് വിധവയാകുന്ന മരുമകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ അയാളുടെ മരണശേഷം വിധവയാകുന്ന സ്ത്രീക്ക് അയാളുടെ സ്വത്തില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയില്ലെന്നും വാദമുയര്‍ന്നതോടെ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു.

ഭര്‍ത്താവിന്റെ മരണസമയത്തെ മാത്രം അടിസ്ഥാനമാക്കി വിധവകളാകുന്ന മരുമക്കള്‍ക്കിടയില്‍ നടത്തിയിരുന്ന വര്‍ഗീകരണം യുക്തിരഹിവും ഏകപക്ഷീയവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, രണ്ട് സാഹചര്യങ്ങളിലും മരുമകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ പങ്കജ് മിത്തലും എസ് വി ഭാട്ടിയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആശ്രിതരുടെ പരിപാലനത്തിനായി നിയമത്തിലെ സെക്ഷന്‍ 22 വ്യവസ്ഥ ചെയ്യുന്നതായും മരിച്ചയാളുടെ പാരമ്പര്യ സ്വത്തില്‍ നിന്ന് എല്ലാ അവകാശികള്‍ക്കും ആശ്രിതരെ പരിപാലിക്കേണ്ട ബാധ്യത വഹിക്കുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി. വിധവയാകുന്ന മരുമകളും ഇതില്‍ ഉള്‍പ്പെടുന്നു. ആശ്രിതരുടെ പരിപാലനം എന്ന വ്യവസ്ഥയില്‍ വിധവയായ മരുമകള്‍ക്ക് അവരുടെ ഭര്‍തൃപിതാവിന്റെ സ്വത്തില്‍ അവകാശമുണ്ടെന്നും അതില്‍ പറയുന്നു.

”മരിച്ചയാളുടെ ഒരു മകനോ നിയമപരമായ അവകാശികളോ പാരമ്പര്യമായി ലഭിച്ച സ്വത്തില്‍ നിന്ന് എല്ലാ ആശ്രിത വ്യക്തികളെയും പരിപാലിക്കാന്‍ ബാധ്യസ്ഥരാണ്. അതായത് മരിച്ചയാള്‍ നിയമപരമായും ധാര്‍മികമായും പരിപാലിക്കാന്‍ ബാധ്യസ്ഥരായ എല്ലാ വ്യക്തികളും ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ സ്വന്തമായോ മരിച്ച ഭര്‍ത്താവിന്റെ സ്വത്തിലൂടെയോ മരുമകള്‍ക്ക് സ്വയം പരിപാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മകന്‍ മരണപ്പെട്ടാന്‍ വിധവയായ മരുമകളെ പരിപാലിക്കേണ്ടത് ഭര്‍തൃപിതാവിന്റെ കര്‍ത്തവ്യമാണ്. മരുമകള്‍ വിധവയായത് ഭര്‍ത്താവിന്റെ പിതാവിന്റെ മരണത്തിന് മുമ്പോ ശേഷമോ ആണെന്നത് പരിഗണിക്കാതെ,വിധവയായ മരുമകളെ പരിപാലിക്കാനുള്ള ഭര്‍തൃപിതാവിന്റെ മേല്‍പ്പറഞ്ഞ ബാധ്യതയെ ഈ നിയമം തള്ളിക്കളയുന്നില്ല,” സുപ്രീം കോടതി പറഞ്ഞു.

വിധവയായ മരുമകള്‍ക്ക് നിയമത്തിന്റെ നിര്‍മാണത്തിലുണ്ടായ ചെറിയ സാങ്കേതിക പിഴവ് പ്രയോജനപ്പെടുത്തി ജീവനാംശം നിഷേധിക്കുന്നത് അവളെ ദാരിദ്രത്തിലേക്കും സാമൂഹികമായ പാര്‍ശ്വവത്കരണത്തിലേക്കും നയിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/India/

മനുസ്മൃതി ഉദ്ധരിച്ച് സുപ്രീം കോടതി; വിധവയായ മരുമകള്‍ക്ക് ഭര്‍തൃപിതാവിന്റെ മരണശേഷം ജീവനാംശത്തിന് അര്‍ഹത