Leading News Portal in Kerala

ചിന്തിക്കുന്ന മിസൈലുകൾ; കുഴിക്കുന്ന ബോംബുകൾ; ഇറാനെ തകര്‍ക്കാന്‍ യുഎസ് ഉപയോഗിച്ചേക്കാവുന്ന ആയുധങ്ങള്‍ | Weapons that could define Trump’s next Iran decision | World


Last Updated:

ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കാൻ പ്രത്യേകമായി രൂപകല്പന ചെയ്ത ആയുധശേഖരങ്ങളുടെ പരീക്ഷണ പ്രകടനം അമേരിക്ക നടത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്

 File image/Reuters
File image/Reuters

ഇറാനിലെ (Iran) ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ രാജ്യത്ത് അമേരിക്കയുടെ ഇടപ്പെടൽ ഉണ്ടാകുമോയെന്ന ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. ഖമേനി ഭരണകൂടം റെഡ് ലൈൻ കടന്നാൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump) നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് യുദ്ധ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കാൻ പ്രത്യേകമായി രൂപകല്പന ചെയ്ത ആയുധശേഖരങ്ങളുടെ പരീക്ഷണ പ്രകടനം അമേരിക്ക നടത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

2025 ജൂണിൽ ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ എന്ന പേരിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. അതിസൂക്ഷ്മമായ രഹസ്യ മുന്നൊരുക്കത്തോടെയാണ് ഇറാനിൽ യുഎസ് സൈന്യം അന്ന് ആക്രമണം നടത്തിയത്. അതിശക്തമായ പ്രഹരശേഷിയുള്ള നോൺ-ന്യൂക്ലിയാർ ബങ്കർ ബസ്റ്ററുകളാണ് ഇറാനെതിരെ അമേരിക്ക തൊടുത്തത്. ഈ ആയുധങ്ങളുടെ ആദ്യത്തെ ഉപയോഗം കൂടിയായിരുന്നു അത്.

2026-ൽ ഇറാനെതിരെ പുതിയൊരു ആക്രമണത്തിന് ട്രംപ് അംഗീകാരം നൽകുകയാണെങ്കിൽ ഇറാന്റെ വർദ്ധിച്ചുവരുന്ന, റഷ്യയിൽ നിന്നുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്നതിനായുള്ള ആയുധങ്ങൾ അമേരിക്കൻ സൈന്യം വിന്യസിപ്പിക്കാൻ സാധ്യതയുണ്ട്. സ്റ്റെൽത്ത് സാങ്കേതികവിദ്യ, ദീർഘദൂരെയുള്ള ലക്ഷ്യങ്ങൾ കൃത്യമായി കണക്കാക്കി ആക്രമണം നടത്താൻ ശേഷിയുള്ള ആയുധങ്ങൾ, രഹസ്യ സൈബർ സാങ്കേതികവിദ്യകൾ എന്നിവ അമേരിക്കൻ സൈന്യം വിന്യസിപ്പിച്ചേക്കും.

പ്ലാൻ ബി-2

ഇറാനെ ലക്ഷ്യമാക്കിയുള്ള ഏതൊരു തന്ത്രത്തിന്റെയും പ്രധാന ആയുധം ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ തന്നെയാണ്. 2025 ജൂണിൽ യുഎസ് സൈന്യം നടത്തിയ ആക്രമണങ്ങളിൽ മിസൂരിയിൽ നിന്ന് 18 മണിക്കൂർ നീണ്ട ഇളവേളയില്ലാത്ത ദൗത്യത്തിൽ എഴ് ബി-2 ബോംബറുകൾ ഇറാനുനേരെ തൊടുത്തിരുന്നു. എത്ര കാഠിന്യമേറിയ സ്ഥലങ്ങളിലും അത് കോൺഗ്രീറ്റ് സ്ലാബ് ആയാലും പാറ ആയാലും അതിനെയെല്ലാം തുരന്ന് അത്യന്തം സുരക്ഷിതമെന്ന് കരുതുന്ന ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് എത്താൻ ശേഷിയുള്ള ഏക പരമ്പരാഗത ആയുധമാണിത്.

2026-ൽ ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ ഇറാന്റെ പ്രതിരോധ സംവിധാനത്തെ തകർക്കാൻ ബി-2 ബോംബറുകൾക്കൊപ്പം എഫ്-35 ലൈറ്റ്‌നിംഗ് II, എഫ്22 റാപ്റ്റർ സ്റ്റെൽത്ത് ഫൈറ്ററുകൾ എന്നിവയും അമേരിക്ക വിന്യസിപ്പിച്ചേക്കും. ഇവ ഒരു ഡിജിറ്റൽ ആയുധധാരിയെ പോലെ പ്രവർത്തിച്ച് ഇറാന്റെ റഡാർ സംവിധാനങ്ങളെ പ്രവർത്തനരഹിതമാക്കുകയും പ്രഹരശേഷി കൂടുതലുള്ള ബോംബറുകൾക്ക് വഴിയൊരുക്കുകയും ചെയ്യും.

ടോമഹോക്ക് പരീക്ഷണം

ഇറാനിയൻ പ്രതിരോധങ്ങളെ മറികടക്കുന്നതിനും ഉപരിതല അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നതിനും യുഎസ് നാവികസേന ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലിനെ (TLAM) വളരെയധികം ആശ്രയിക്കുന്നുണ്ട്. യുഎസ്എസ് ജോർജിയ അല്ലെങ്കിൽ പുതിയ വിർജീനിയക്ലാസ് കപ്പലുകൾ പോലുള്ള ഗൈഡഡ് മിസൈൽ അന്തർവാഹിനികളിൽ (SSGN) നിന്ന് വിക്ഷേപിക്കപ്പെടുന്ന ഈ ക്രൂയിസ് മിസൈലുകൾ നൂറുകണക്കിന് മൈലുകൾ അകലെ നിന്ന് വിക്ഷേപിക്കാനും ഉപരിതലത്തിലൂടെ മാത്രം നീങ്ങി ഇസ്ഫഹാനിലോ നതാൻസിലോ ഉള്ള ബാലിസ്റ്റിക് മിസൈൽ ഫാക്ടറികളെയും കമാൻഡ് സെന്ററുകളെയും ആക്രമിക്കാനും കഴിയും. ഈ വർഷം ഏതൊരു പുതിയ സാഹചര്യത്തിലും യുഎസ് നാവികസേന ബ്ലോക്ക് വി ടോമാഹോക്ക് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. യുദ്ധവിമാനത്തെ വഴിതിരിച്ചുവിടുന്നതിനടക്കമുള്ള അത്യാധൂനിക സംവിധാനങ്ങളും ഇതിലുണ്ട്.

സൈബർ യുദ്ധം

ഭൗതിക യുദ്ധോപകരണങ്ങൾക്കപ്പുറം ഇറാനെതിരെ രഹസ്യ സൈബർ ആയുധങ്ങളും ഇലക്ട്രോണിക് യുദ്ധ തന്ത്രവും യുഎസ് പ്രയോഗിച്ചേക്കും. ഇറാന്റെ ഡിജിറ്റൽ കൗണ്ടർ ഇൻസർജൻസി ഉപകരണങ്ങൾ നിർവീര്യമാക്കുന്നതിൽ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സ്റ്റാർലിങ്ക് സാറ്റലൈറ്റ് സിഗ്‌നലുകൾ സംരക്ഷിക്കുന്നതിന് മിലിട്ടറി ഗ്രേഡ് ഇലക്ട്രോണിക് ജാമിംഗ് ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനിടയിലും പ്രതിഷേധക്കാർക്കും സർക്കാർ വിരുദ്ധ സ്രോതസ്സുകൾക്കും ആശയവിനിമയം നിലനിർത്താൻ കഴിയുമെന്ന് ഉറപ്പാക്കാനാണിത്. ഇറാനിയൻ സൈന്യത്തിന്റെ ‘തലച്ചോറ്’ എന്ന് കരുതുന്ന സംയോജിത വ്യോമ പ്രതിരോധ ശൃംഖലകളും ഡ്രോൺ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളും ലക്ഷ്യമിട്ടായിരിക്കും യുഎസിന്റെ സൈബർ ആക്രമണങ്ങൾ.

എഐ പ്രതിരോധം

ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളെ തടയാൻ എഐ അധിഷ്ടിത ട്രാക്കിംഗ് സംവിധാനവും യുഎസ് ഉപയോഗിച്ചേക്കും. ഇറാനിൽ പ്രതിഷേധക്കാരെ സംരക്ഷിക്കാൻ ഒരു ആക്രമണം നടത്താൻ ട്രംപ് ഉത്തരവിട്ടാൽ, ബി-21 റൈഡർ പ്രോട്ടോടൈപ്പുകളിൽ നിന്നോ B52 ബോംബറുകളിൽ നിന്നോ തൊടുക്കാൻ കഴിയുന്ന AGM-158 JASSM-ER (ജോയിന്റ് എയർ ടു സർഫേസ് സ്റ്റാൻഡ് ഓഫ് മിസൈലുകൾ) വിന്യസിക്കാനും യുഎസിന് കഴിയും.

മലയാളം വാർത്തകൾ/ വാർത്ത/World/

ചിന്തിക്കുന്ന മിസൈലുകൾ; കുഴിക്കുന്ന ബോംബുകൾ; ഇറാനെ തകര്‍ക്കാന്‍ യുഎസ് ഉപയോഗിച്ചേക്കാവുന്ന ആയുധങ്ങള്‍