ചരിത്രത്തിലാദ്യം; ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 ഡ്രാഗൺ പേടകം ഭൂമിയിലിറങ്ങി| Historic Medical Evacuation Space-X Crew-11 Returns to Earth Early Due to Astronauts Health Issue | World
Last Updated:
ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2.12ഓടെ കാലിഫോർണിയ തീരത്താണ് സ്പേസ്എക്സിന്റെ ഡ്രാഗൺ എൻഡവർ പേടകം വിജയകരമായി ‘സ്പ്ലാഷ്ഡൗൺ’ ചെയ്തത്.
വാഷിംഗ്ടൺ: ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നിർണായകമായ ഒരു അടിയന്തര ദൗത്യത്തിലൂടെ നാസയുടെ ക്രൂ-11 സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) നാലംഗ സംഘത്തിൽ ഒരാൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് നിശ്ചയിച്ചതിലും നേരത്തെ ഇവരെ തിരിച്ചെത്തിക്കാൻ നാസ തീരുമാനിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2.12ഓടെ കാലിഫോർണിയ തീരത്താണ് സ്പേസ്എക്സിന്റെ ഡ്രാഗൺ എൻഡവർ പേടകം വിജയകരമായി ‘സ്പ്ലാഷ്ഡൗൺ’ ചെയ്തത്. ഓസ്ട്രേലിയക്ക് മുകളിലൂടെ പേടകം സഞ്ചരിക്കുമ്പോഴായിരുന്നു അൺഡോക്കിങ് പ്രക്രിയ പൂർത്തിയായത്. ഏകദേശം പത്തര മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷമാണ് സംഘം ഭൂമിയിലെത്തിയത്. പ്രത്യേക ബോട്ടുകൾ ഉപയോഗിച്ച് പേടകം വീണ്ടെടുത്ത ശേഷം സഞ്ചാരികളെ സുരക്ഷിതരായി കരയിലെത്തിച്ചു.
നാലംഗ സംഘത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് ബഹിരാകാശ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ‘മെഡിക്കൽ ഇവാക്യൂവേഷൻ’ നടക്കുന്നത്. എന്നാൽ സ്വകാര്യത മാനിച്ച് ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുടെ പേരോ രോഗവിവരമോ നാസ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ നാലുപേരെയും വിദഗ്ധമായ വൈദ്യപരിശോധനകൾക്ക് വിധേയരാക്കി വരികയാണ്.
അടുത്ത മാസം പൂർത്തിയാകേണ്ടിയിരുന്ന ദൗത്യം പാതിവഴിയിൽ നിർത്തിയാണ് സംഘം തിരിച്ചെത്തിയത്. നാസ സഞ്ചാരികളായ സീന കാർഡ്മൻ, മൈക്ക് ഫിൻകെ, ജപ്പാൻ ഏജൻസിയിലെ കിമിയ യൂയി, റഷ്യൻ സഞ്ചാരി ഒലേഗ് പ്ലാറ്റെനോവ് എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്. ഇതിൽ സീന കാർഡ്മൻ, ഒലേഗ് പ്ലാറ്റെനോവ് എന്നിവരുടെ ആദ്യ ബഹിരാകാശ യാത്രയായിരുന്നു ഇത്. മൈക്ക് ഫിൻകെ തന്റെ നാലാം ദൗത്യത്തിലും കിമിയ യൂയി രണ്ടാം ദൗത്യത്തിലുമായിരുന്നു.
Summary: In a critical emergency mission, the first of its kind in space exploration history, NASA’s Crew-11 team has safely returned to Earth. NASA decided to bring the four-member International Space Station (ISS) crew back earlier than scheduled after one of the astronauts faced serious health complications.
New Delhi,New Delhi,Delhi
