യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചു; ക്രൂരമായി മർദിച്ചു: ബിഹാറിൽ പൊലീസിനെതിരെ ആരോപണവുമായി യുവാവ് | Police pour petrol on youth’s private parts in custody in Bihar | Crime
Last Updated:
യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണമൊന്നും കണ്ടെത്താനായില്ല
പട്‌ന: ബീഹാറിലെ സമസ്തിപൂരിൽ മോഷണക്കുറ്റം സമ്മതിപ്പിക്കാനായി കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് അതിക്രൂരമായി മർദിച്ചു. യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചതായും ക്രൂരമായി മർദ്ദിച്ചതായും പരാതി ഉയർന്നതിനെ തുടർന്ന് സ്റ്റേഷൻ ഇൻചാർജ് ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ജ്വല്ലറിയിൽ നിന്ന് 60 ഗ്രാം സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തിലാണ് യുവാവിനെയും രണ്ട് ജ്വല്ലറി ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് ജ്വല്ലറി ഉടമയും ഇവരെ ക്രൂരമായി മർദ്ദിക്കുകയും കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
നാല് ദിവസം നീണ്ട കസ്റ്റഡിയിൽ കുറ്റം സമ്മതിപ്പിക്കാനായി പൊലീസുകാർ നിരന്തരം ഉപദ്രവിച്ചതായി യുവാവ് വെളിപ്പെടുത്തി. നില അതീവ ഗുരുതരമായതിനെ തുടർന്ന് ജനുവരി അഞ്ചിന് ബോണ്ടിൽ വിട്ടയച്ചെങ്കിലും ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. പൊലീസിനെതിരെ കൈക്കൂലി ആരോപണവും ഉയർന്നിട്ടുണ്ട്. യുവാവിനെ വിട്ടയയ്ക്കാൻ പൊലീസ് പണം ആവശ്യപ്പെട്ടതായും ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് യുവാവിന്റെ മാതാപിതാക്കളെ മൂന്ന് ദിവസത്തോളം താജ്‌പൂർ സ്റ്റേഷനിൽ അനധികൃതമായി തടഞ്ഞുവെച്ചതായും പരാതിയുണ്ട്. കുടുംബാംഗങ്ങളെ വിട്ടയയ്ക്കാൻ 50,000 രൂപ പൊലീസ് ആവശ്യപ്പെട്ടതായും മകനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും യുവാവിന്റെ അമ്മ ആരോപിച്ചു.
യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണമൊന്നും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ തെളിവുകളുടെ അഭാവത്തിലാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് സമസ്തിപൂർ എസ്പി അരവിന്ദ് പ്രതാപ് സിംഗ് അന്വേഷണത്തിന് ഉത്തരവിടുകയും സ്റ്റേഷൻ ഇൻചാർജ് ശങ്കർ ശരൺ ദാസ്, ഉദ്യോഗസ്ഥരായ രാജ്‌വൻഷ് കുമാർ, രാഹുൽ കുമാർ എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചു; ക്രൂരമായി മർദിച്ചു: ബിഹാറിൽ പൊലീസിനെതിരെ ആരോപണവുമായി യുവാവ്
