‘അധിക്ഷേപിക്കാൻ ചാറ്റുകൾ മുറിച്ചുപുറത്തുവിട്ടു’; ഫെനി നൈനാനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ മൂന്നാം അതിജീവിത|Survivor in Rahul Mamkootathil Alleges Character Assassination Claims Fenni Ninan Released Chats to save mla | Kerala
Last Updated:
രാഹുലിനെതിരായ പരാതികൾ തടയാൻ ലക്ഷ്യമിട്ടാണ് ഫെനി നൈനാന്റെ നീക്കമെന്നും യുവതി ആരോപിച്ചു
പാലക്കാട്: ഫെനി നൈനാനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ മൂന്നാം അതിജീവിത രംഗത്തെത്തി. തന്റെ സ്വകാര്യ ചാറ്റുകൾ അപൂർണ്ണമായി പുറത്തുവിട്ടത് തന്നെ വ്യക്തിഹത്യ ചെയ്യാനാണെന്ന് യുവതി പ്രതികരിച്ചു. രാഹുലിനെതിരായ പരാതികൾ തടയാൻ ലക്ഷ്യമിട്ടാണ് ഫെനി നൈനാന്റെ നീക്കമെന്നും യുവതി ആരോപിച്ചു. 2024 മേയിൽ രാഹുൽ നൽകിയ കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് തന്റെ ഗർഭം അലസിപ്പോയതെന്നും ശാരീരികമായും മാനസികമായും തകർന്നുപോയ സമയത്താണ് ഫെനി തന്നെ പരിചയപ്പെട്ടതെന്നും അവർ പറഞ്ഞു. രാഹുലിൽ നിന്ന് നേരിട്ട ദുരിതങ്ങൾ ഫെനിയോട് തുറന്നു പറഞ്ഞിരുന്നുവെങ്കിലും ഇതാരോടും പറയരുതെന്ന് ഫെനി ആവശ്യപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
കാര്യങ്ങൾ വിശദമായി സംസാരിക്കാനാണ് രാഹുലിനോട് സമയം ചോദിച്ചതെന്നും അത് ശാരീരിക ബന്ധത്തിനായല്ലെന്നും യുവതി വ്യക്തമാക്കി. ചാറ്റിലെ ചെറിയ ഭാഗം മാത്രം പുറത്തുവിട്ട് തന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണ് ഫെനി ശ്രമിച്ചതെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ഒരുമിച്ച് ജീവിക്കണമെന്ന് പറഞ്ഞ് രാഹുൽ വീണ്ടും സമീപിച്ചിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.
അതിജീവിത തനിക്കയച്ച മെസേജുകളെന്ന പേരില്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലാണ് ഫെനി നൈനാന്‍ ചാറ്റുകള്‍ പുറത്തുവിട്ടത്. യുവതി രാഹുലിനെ കാണണമെന്ന് പറയുന്നതും പാലക്കാട്ടെ ഫ്ലാറ്റിലേക്കോ അല്ലെങ്കില്‍ ഓടുന്ന കാറില്‍ വച്ചോ പറയുന്നതുമായ ചാറ്റുകൾ ആണ് പുറത്തുവിട്ടത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്നാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. നിലവിൽ ജനുവരി 24 വരെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ റിമാൻഡ് കാലാവധി.
Palakkad,Palakkad,Kerala
‘അധിക്ഷേപിക്കാൻ ചാറ്റുകൾ മുറിച്ചുപുറത്തുവിട്ടു’; ഫെനി നൈനാനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ മൂന്നാം അതിജീവിത
