സൂര്യകുമാർ യാദവിനെതിരായ പരാമർശത്തിൽ നടി ഖുഷി മുഖർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്| Rs 100 Crore Defamation Case Filed Against Actress Khushi Mukherjee Over Remarks on Suryakumar Yadav | Sports
Last Updated:
സൂര്യകുമാർ യാദവിനെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ നടി ഖുഷി മുഖർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു
ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളെത്തുടർന്ന് നടി ഖുഷി മുഖർജി നിയമക്കുരുക്കിലായി. ഒരു പൊതുപരിപാടിക്കിടെ പാപ്പരാസികളോട് സംസാരിക്കവെ, സൂര്യകുമാർ തനിക്ക് പണ്ട് ധാരാളം മെസ്സേജുകൾ അയക്കുമായിരുന്നു എന്ന് നടി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫൈസാൻ അൻസാരി നടിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ജനുവരി 13നാണ് ഫൈസാൻ മുംബൈയിൽ നിന്ന് ഖുഷിക്കെതിരെ 100 കോടിയുടെ കേസ് ഫയൽ ചെയ്തത്. ഖുഷിയുടെ അവകാശവാദങ്ങൾ വ്യാജമാണെന്നും അത് സൂര്യകുമാറിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നും ആരോപിച്ച് അദ്ദേഹം ഗാസിപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പ്രശസ്തിക്ക് വേണ്ടിയുള്ള ഒരു സ്റ്റണ്ട് മാത്രമാണ് ഇതെന്നും ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിന്റെ പ്രതിച്ഛായ തകർക്കാൻ ഇത് കാരണമാകുമെന്നും ഫൈസാൻ ആരോപിച്ചു. നടിക്കെതിരെ കർശന നടപടി വേണമെന്നും കുറഞ്ഞത് ഏഴ് വർഷമെങ്കിലും തടവ് ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ഖുഷി മുഖർജിക്കെതിരെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം. ഇൻസ്റ്റാഗ്രാമിൽ എനിക്ക് 20 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്, കോടിക്കണക്കിന് ആളുകൾ എന്റെ വീഡിയോകൾ കാണുന്നു. നീതി ലഭിക്കുന്നത് വരെ ഞാൻ ഈ പോരാട്ടം തുടരും,” ഫൈസാൻ മാധ്യമങ്ങളോട് പറഞ്ഞു.
ക്രിക്കറ്റ് താരങ്ങളുമായി ഡേറ്റിംഗിന് താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് ഖുഷി വിവാദ പരാമർശം നടത്തിയത്. തനിക്ക് ക്രിക്കറ്റ് താരങ്ങളെ ഡേറ്റ് ചെയ്യാൻ താല്പര്യമില്ലെന്നും എന്നാൽ പലർക്കും തന്നോട് താല്പര്യമുണ്ടെന്നും നടി പറഞ്ഞു. സൂര്യകുമാർ തനിക്ക് മുമ്പ് മെസ്സേജുകൾ അയക്കുമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ സംസാരിക്കാറില്ലെന്നും തന്റെ പേര് അദ്ദേഹവുമായി ചേർത്ത് പറയരുതെന്നും ഖുഷി കൂട്ടിച്ചേർത്തു. ഈ വീഡിയോ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.
വിവാദം കൊഴുത്തതോടെ വിശദീകരണവുമായി ഖുഷി രംഗത്തെത്തി. സൂര്യകുമാറുമായി തനിക്ക് പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും നടി എൻഡിടിവിയോട് പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും നടി അവകാശപ്പെട്ടു. മുൻപ് സൗഹൃദപരമായി മാത്രമാണ് സംസാരിച്ചിട്ടുള്ളതെന്നും ഇപ്പോൾ ബന്ധമൊന്നുമില്ലെന്നും വ്യക്തമാക്കിയ താരം ഇന്ത്യൻ ടീമിനും സൂര്യകുമാറിനും വരാനിരിക്കുന്ന ലോക കപ്പിന് ആശംസകളും നേർന്നു.
New Delhi,New Delhi,Delhi
