Leading News Portal in Kerala

തിരുനാവായയിൽ മഹാമാഘ മഹോത്സവത്തിന് വിശേഷാൽ പൂജകളോടെആത്മീയ തുടക്കം Maha Magha festival begins spiritually in Thirunavaya special pujas held | Kerala


Last Updated:

മാഘ ഗുപ്ത നവരാത്രിയുടെ ആദ്യദിനമായ ജനുവരി 19-നാണ് മഹാമാഘ മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം

News18
News18

തിരുനാവായ: ദക്ഷിണേന്ത്യയിലെ പ്രധാന ആത്മീയ സംഗമങ്ങളിലൊന്നായ മഹാമാഘ മഹോത്സവത്തിന് തിരുനാവായയിൽ വെള്ളിയാഴ്ച (2026 ജനുവരി 16) വിശേഷാൽ പൂജകളോടെ ആത്മീയവും ശുഭകരവുമായ തുടക്കം.

മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയുടെയും  സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയും ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെയും സാന്നിധ്യത്തിലാണ് ആദ്യ ദിനത്തിലെ ചടങ്ങുകൾ നടന്നത്.

സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ മാർഗനിർദേശത്തിലും കാർമികത്വത്തിലും നടന്ന ചടങ്ങുകളിൽ, കേരളത്തിലെ വിവിധ ഹിന്ദു സമ്പ്രദായങ്ങളിൽപ്പെട്ട ഭക്തർ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്കനുസരിച്ച് ദേവതാവന്ദനങ്ങളും പിതൃകർമ്മങ്ങളും നിർവഹിച്ചു.

രാവിലെ 6 മണി മുതൽ ത്രയോദശി തിഥി, പ്രദോഷം, മൂലം നക്ഷത്രം എന്നീ പുണ്യയോഗത്തിൽ ആയിനിപ്പുള്ളി വൈശാഖിന്റെ ആചാര്യത്വത്തിൽ പിതൃയാനത്തിലെ വീരസാധന ക്രിയ നടന്നു. അഞ്ച് കാലഘട്ടങ്ങളിലായി നടത്തിയ ഈ കർമം, പിതൃ ആത്മാക്കൾക്ക് ശാന്തിയും തൃപ്തിയും ലഭിക്കുമ്പോൾ സന്തതികളുടെ ജീവിതത്തിലെ കർമ്മതടസ്സങ്ങൾ അകന്നു സമൃദ്ധി കൈവരുമെന്ന വിശ്വാസത്തിലാണ് അനുഷ്ഠിച്ചത്.

ജനുവരി 17 ശനിയാഴ്ച രാവിലെ 6 മണി മുതൽ ചതുര്ദശി തിഥിയിലും മൂലം–പൂരാടം നക്ഷത്രയോഗത്തിലുമായി ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തിൽ വേദശ്രാദ്ധ കർമം നടക്കും. പിതൃ ആത്മാക്കളെ ശുദ്ധീകരിച്ച് ദൈവിക നിലയിലേക്കുയർത്തുകയും സന്തതികൾക്ക് സംരക്ഷകശക്തിയായി അനുഗ്രഹം ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഈ കർമത്തിന്റെ ആത്മാർത്ഥ ലക്ഷ്യം.

ഉദ്ഘാടനം, പ്രധാന ആകർഷണങ്ങൾ

മാഘ ഗുപ്ത നവരാത്രിയുടെ ആദ്യദിനമായ ജനുവരി 19-നാണ് മഹാമാഘ മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ധർമ്മധ്വജാരോഹണം (ധർമ്മധ്വജം ഉയർത്തൽ) നിർവഹിക്കും.

അതേ ദിവസം തന്നെ തമിഴ്‌നാട്ടിൽ നിന്ന് തിരുനാവായയിലെ ത്രിമൂർത്തി സംഗമത്തിലേക്ക് മഹാമേരു രഥയാത്രയും ആരംഭിക്കും. തമിഴ്‌നാട്ടിലെ പ്രമുഖ ആധീനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഈ യാത്രയ്ക്ക് ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ യതീശാനന്ദനാഥൻ ഡോ. ശ്രീനാഥ് കാരയാട്ട് നേതൃത്വം നൽകും.