Leading News Portal in Kerala

അരുണാചലിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടന്ന മലയാളി യുവാവ് മുങ്ങിമരിച്ചു; കൊല്ലം, മലപ്പുറം സ്വദേശികള്‍ അപകടത്തില്‍പ്പെട്ടു | Keralite died after falling into frozen lake in Arunachal Pradesh | India


Last Updated:

തടാകത്തിനുള്ളിലേക്ക് ഇറങ്ങുന്നതിന് വിനോദസഞ്ചാരികൾക്ക് കർശന വിലക്കുണ്ട്

News18
News18

തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനു (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാധവ് മഹാദേവിനെ തടാകത്തിൽ കാണാതായി. കൊല്ലം, മലപ്പുറം സ്വദേശികള്‍ അപകടത്തില്‍പ്പെട്ടു. കൊല്ലത്തുനിന്നും തവാങ്ങിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. തണുത്തുറഞ്ഞ സേല തടാകത്തിന് മുകളിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മഞ്ഞുപാളി തകർന്ന് തടാകത്തിൽ വീണ സംഘാംഗത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദിനുവും മാധവും വെള്ളത്തിൽ വീഴുകയായിരുന്നു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ നടന്ന അപകടത്തിൽ മറ്റ് അഞ്ചുപേരെ രക്ഷപ്പെടുത്തി. കാണാതായ മാധവിനായി തിരച്ചിൽ തുടരുകയാണ്.

അരുണാചൽ പോലീസ്, സശസ്ത്ര സീമാബെൽ (SSB), ദുരന്തനിവാരണ സേന എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ദിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ വെളിച്ചക്കുറവ് പ്രതികൂലമായതിനെത്തുടർന്ന് മാധവിനായുള്ള തിരച്ചിൽ വൈകിട്ടോടെ താൽക്കാലികമായി നിർത്തിവെച്ചു.

ദിനുവിന്റെ മൃതദേഹം നിലവിൽ ജാംഗ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാകും. അതേസമയം, അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മറ്റ് അഞ്ചുപേർ സൈനിക ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഹിമാലയൻ മലനിരകൾക്ക് നടുവിൽ സ്ഫടികസമാനമായി സ്ഥിതി ചെയ്യുന്ന സേല തടാകം, വർഷത്തിൽ ഭൂരിഭാഗം സമയവും മഞ്ഞുപുതച്ച അവസ്ഥയിലായിരിക്കും. തടാകത്തിന് ചുറ്റും സഞ്ചാരികൾക്കായി കോൺക്രീറ്റ് നടപ്പാതകൾ ഒരുക്കിയിട്ടുണ്ടെങ്കിലും, തടാകത്തിനുള്ളിലേക്ക് ഇറങ്ങുന്നതിന് വിനോദസഞ്ചാരികൾക്ക് കർശന വിലക്കുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/

അരുണാചലിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടന്ന മലയാളി യുവാവ് മുങ്ങിമരിച്ചു; കൊല്ലം, മലപ്പുറം സ്വദേശികള്‍ അപകടത്തില്‍പ്പെട്ടു