വാളയാറിൽ കാറിൽ ഒളിപ്പിച്ച 1.18 കോടി രൂപയുമായി യൂട്യൂബർ പിടിയിൽ; പണം യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് മൊഴി|YouTuber Caught with 1.18 Crore Hidden in Car at Walayar Border | Crime
Last Updated:
ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
പാലക്കാട്: വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒരുകോടി 18 ലക്ഷം രൂപയുമായി യൂട്യൂബർ പിടിയിൽ. തെലങ്കാന മേട്പള്ളി സ്വദേശി ചവാൻ രൂപേഷിനെയാണ് (40) ഡാൻസാഫ് സംഘം പിടികൂടിയത്. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഞായറാഴ്ച വൈകിട്ടോടെ വാളയാർ ചെക്പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് കാറിൽ കെട്ടുകളാക്കി സൂക്ഷിച്ച പണം കണ്ടെത്തിയത്. താൻ ഒരു യൂട്യൂബറാണെന്നും ഈ പണം യൂട്യൂബിൽ നിന്നുള്ള വരുമാനമാണെന്നുമാണ് ചവാൻ രൂപേഷ് പ്രാഥമിക ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത്.
അതേസമയം, രൂപേഷിന്റെ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. യൂട്യൂബിൽ നിന്ന് ഇത്ര വലിയ തുക ഒരേസമയം ലഭിക്കാനുള്ള സാധ്യതയും പണം കടത്തിയ രീതിയും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. കുഴൽപ്പണ ശൃംഖലയുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നറിയാൻ ചവാൻ രൂപേഷിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകളൊന്നും ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Palakkad,Palakkad,Kerala
വാളയാറിൽ കാറിൽ ഒളിപ്പിച്ച 1.18 കോടി രൂപയുമായി യൂട്യൂബർ പിടിയിൽ; പണം യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് മൊഴി
