Leading News Portal in Kerala

രണ്ടാമത്തെ വീഡിയോ വന്നതോടെ ദീപക് അസ്വസ്ഥനായി; ജന്മദിനപ്പിറ്റേന്ന് മനസ്സ്‌ തകർന്ന് മടക്കം Kozhikode Deepak ended life a day his birthday as second video hurt him | Kerala


Last Updated:

യുവതി പങ്കുവച്ച വീഡിയോയുടെ അപമാന ഭാരത്താൽ കടുത്ത മാനസിക വിഷമത്തിലായ ദീപക്ക് ജന്മദിനത്തിന്റെ പിറ്റേന്ന് ജീവനൊടുക്കുകയായിരുന്നു

News18
News18

കോഴിക്കോട് ഗോവിന്ദപുരത്തെ ദീപക്കിന്റെ വിയോഗം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ശനിയാഴ്ചയായിരുന്നു ദീപക്കിന്റെ 42-ാം ജന്മദിനം.എന്നാൽ യുവതി പങ്കുവച്ച വീഡിയോയുടെ അപമാന ഭാരത്താൽ കടുത്ത മാനസിക വിഷമത്തിലായ ദീപക്ക് പിറ്റേ ദിവസം ജീവനൊടുക്കുകയായിരുന്നു. ശനിയാഴ്ചയും ദീപക് വിളിച്ചിരുന്നു എന്നും കാണണെമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും എന്നാൽ ഞായറാഴ്ച ദീപകിന്റെ മരണ വാർത്തയറിഞ്ഞപ്പോൾ നടുങ്ങിപ്പൊയെന്നും അടുത്തബന്ധു സനീഷ് നിറകണ്ണുകളോടെ പറഞ്ഞു.ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തില്‍ മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ സംസാരിച്ചെന്നും ബന്ധുവായ സനീഷ് ആരോപിച്ചു. അച്ഛനമ്മമാരുടെ ഏകമകനായ ദീപക് അവധിദിനങ്ങൾ പൂർണമായും അവരോടൊപ്പമാണ് ചെലവഴിച്ചിരുന്നതെന്നും സനീഷ് പറയുന്നു.

യുവതിയുടെ രണ്ടാമത്തെ വിശദീകരണവീഡിയോകൂടി വന്നതോടെ ദീപക് വല്ലാതെ അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. എന്താവശ്യത്തിനും സഹായത്തിനായി ഓടിയെത്തുന്ന ആളായിരുന്നു വീട്ടുകാരും ബന്ധുക്കളുമെല്ലാം ‘ചീക്കു’ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ദീപക്ക്.സോഷ്യൽ മീഡിയയിലൂടെ യുവതി പ്രചരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിനെത്തുടർന്ന് ദീപക് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും ദീപക്കിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

രാത്രി കിടപ്പുമുറിയിലേക്കുപോയ ദീപക് ഞായറാഴ്ച രാവിലെ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് വീട്ടുകാർ അയൽക്കാരെ വിളിച്ചു. അവരുടെ സഹായത്തോടെ വാതിൽപൊളിച്ചുനോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന ദീപക്കിനെ കണ്ടത്. അച്ഛനും അമ്മയും തളർന്നവശരായി കണ്ണീരടക്കാനാവാതെ ദീപക്കിന്റെ മൃതദേഹത്തിനുസമീപം നിന്നു.

ദീപക്കിനെക്കുറിച്ച് നാളിതുവരെ ഒരുപരാതിയും കേട്ടിട്ടില്ലെന്ന് ദീപക് ജോലിചെയ്യുന്ന സ്വകാര്യ വസ്ത്രവ്യാപാരസ്ഥാപനമായ ‘മുദ്ര ഇംപെക്സ്’ ഉടമ വി. പ്രസാദ് പറഞ്ഞു. ഏഴുവർഷമായി പ്രസാദിനൊപ്പമാണ് ദീപക് ജോലിചെയ്തിരുന്നത്. സാമൂഹികമാധ്യമത്തിലെ വീഡിയോയെക്കുറിച്ച് തിരക്കിയപ്പോൾ കണ്ടെന്നു മാത്രമായിരുന്നു ദീപക്കിന്റെ മറുപടി. യുവതിക്കെതിരേ മാനനഷ്ടത്തിന് കേസുനൽകണമെന്നും പ്രസാദ് പറഞ്ഞിരുന്നു.

12 വർഷമായി കോഴിക്കോട് ഗോവിന്ദപുരത്താണ് ദീപകും കുടുംബവും താമസിക്കുന്നത്. ദീപക്കിന് ഇത്തരമൊരുകാര്യം ഒരിക്കലും ചെയ്യാൻസാധിക്കില്ലെന്ന് അയൽവാസികളായ വീട്ടമ്മമാർക്കുൾപ്പെടെ പറയുന്നു.