Leading News Portal in Kerala

‘ദീപക് പോകാൻ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് നമ്മൾ ഇത് ചർച്ച ചെയ്യുന്നത്’ ടി. സിദ്ദിഖ് എംഎൽഎ | T Siddique explains traumatic pain of Deepak family | Kerala


Last Updated:

ആ പതിനെട്ട് സെക്കന്റ് വീഡിയോയ്ക്ക് ഒരു അമ്മയുടെ മകന്റെ, ഒരു കുടുംബത്തിന്റെ അത്താണിയുടെ, ജീവന്റെ വിലയുണ്ടായിരുന്നു

മരിച്ച ദീപക്, ദീപക്കിന്റെ അമ്മ
മരിച്ച ദീപക്, ദീപക്കിന്റെ അമ്മ

ആ പതിനെട്ട് സെക്കന്റ് വീഡിയോയ്ക്ക് ഒരു അമ്മയുടെ മകന്റെ, ഒരു കുടുംബത്തിന്റെ അത്താണിയുടെ, ജീവന്റെ വിലയുണ്ടായിരുന്നു. പിറന്നാൾ പിറ്റേന്ന്, സ്വന്തം മകനെ നഷ്‌ടമായ വേദനയിൽ ആ കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ വിങ്ങുന്ന നാട്ടുകാരും വേണ്ടപ്പെട്ടവരും. ബസിൽ ലൈംഗികാതിക്രമം നടത്തി എന്ന യുവതിയുടെ ആരോപണ വീഡിയോയെ തുടർന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന്റെ വേദന വാക്കുകൾ പകർത്തുകയാണ് ടി. സിദ്ധിഖ് എംഎൽഎ. ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ച വാക്കുകൾ:

ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്… ആകെയുണ്ടായിരുന്ന പൊന്നുമോൻ തന്റെ മുന്നിൽ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ…

“എന്റെ മുത്തില്ലാതെ ഈ അമ്മക്ക് ജീവിക്കാൻ പറ്റില്ലെന്ന് എന്റെ വാവക്ക് അറിയില്ലേ…? എന്തിനാ വാവേ ഇത് ചെയ്തത്.. എന്റെ കുട്ടീന്റെ മുഖോക്കെ മാറിപ്പോയല്ലോ… എന്തിനു പാവമായിട്ട് ചെയ്തത്? എന്തിനു വാവേ ഇത് ചെയ്തത്..?”

“ആകെ ഒരു മകനേയുള്ളൂ…” അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിൽ ഹൃദയം തകർന്ന് വാക്കുകൾ കിട്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ നെഞ്ചൊന്നാളിപ്പോയി… ആരുണ്ട് അവർക്കിനി..!

കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല, എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവൻ നഷ്ടമായത്. സോഷ്യൽമീഡിയ ഇരുതല മൂർച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകർക്കാൻ ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകൾ അറിയാതെ ലോകം ഒരാൾക്കെതിരെ തിരിയും… ചിലർക്ക് താങ്ങാൻ കഴിഞ്ഞേക്കാം … എന്നാൽ ദീപകിന് അതിന് കഴിഞ്ഞില്ല… അപമാനഭാരത്താൽ അവൻ പോകാൻ തീരുമാനിച്ചു… തകർത്തത് ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷ തന്നെയായിരുന്നു. ഇനി വൈകുന്നേരങ്ങളിൽ മകൻ വരുന്നത് നോക്കിയിരിക്കാൻ ആ അമ്മയ്ക്ക് കഴിയില്ല… അച്ഛന് കഴിയില്ല… ഒരു തണൽ മരമാണ് കൊഴിഞ്ഞ് പോയത്…

നാൽപ്പത് വയസ്സായെങ്കിലും ആ അമ്മയ്ക്ക് അവൻ ഇന്നും ‘അമ്മയുടെ കുട്ടി’ ആണ്. എന്തിനാണ് തന്റെ മകൻ ഇത് ചെയ്തതെന്ന് ആ പാവം അമ്മയ്ക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അവൻ ഒരു തെറ്റും ചെയ്യില്ല എന്ന് ആ അമ്മയ്ക്ക് ഉറപ്പാണ്… ആ വീഡിയോ കണ്ട ലോകം വിലയിരുത്തിയതും അതാണ്…

ജീവിതത്തിന്റെ അവസാന കാലത്ത് താങ്ങാവേണ്ട മകൻ മുന്നിൽ അനക്കമില്ലാതെ കിടക്കുമ്പോൾ… അവനൊപ്പം പോകാൻ ആഗ്രഹിക്കുന്ന ഒരമ്മയുടെ നിസ്സഹായമായ കരച്ചിൽ ഉള്ളുലയ്ക്കുന്നു… ആ അമ്മയ്ക്ക് നീതി വേണം… ആ നീതി നടപ്പിലാക്കണം… ആ സ്ത്രീക്കെതിരെ നിയമനടപടികൾ ഉണ്ടാവണം…

ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരിന് ആര് സമാധാനം പറയും..? ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ട്, അപമാനം താങ്ങാനാവാതെ ദീപക് ജീവനൊടുക്കിയപ്പോൾ… സമൂഹം ചിലതൊക്കെ മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു… ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ സമൂഹം ഉണർന്ന് പ്രവർത്തിക്കണം… ദീപക് പോകാൻ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് നമ്മൾ ഇത് ചർച്ച ചെയ്യുന്നത്… ദീപകിന്റേത് ഭാവിയിൽ സോഷ്യൽമീഡിയയിൽ വരേണ്ട സമൂഹം കാണിക്കേണ്ട മര്യാദകൾക്കുള്ള രക്തസാക്ഷിത്വമാണ്…

ദീപകിന് നീതി ലഭിക്കണം…

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)