Leading News Portal in Kerala

രണ്ട് ഭാര്യമാരുള്ള മുന്‍ റെയില്‍വെ ജീവനക്കാരന്‍ ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു | Ex railway employee with two wives kills live-in partner | Crime


Last Updated:

തെളിവ് നശിപ്പിക്കുന്നതിനായി ഇയാൾ പങ്കാളിയുടെ മൃതദേഹം കത്തിച്ച അവശിഷ്ടം ഒരു നദിയിൽ ഒഴുക്കി

രാം സിംഗ് പരിഹാർ, ലിവ് ഇൻ പങ്കാളി പ്രീതി
രാം സിംഗ് പരിഹാർ, ലിവ് ഇൻ പങ്കാളി പ്രീതി

രണ്ട് ഭാര്യമാരുള്ള മുൻ റെയിൽവെ ജീവനക്കാരൻ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ ശേശഷം മൃതദേഹം ഇരുമ്പ് ട്രങ്കിനുള്ളിൽ ഇട്ട് കത്തിച്ചു. തെളിവ് നശിപ്പിക്കുന്നതിനായി ഇയാൾ പങ്കാളിയുടെ മൃതദേഹം കത്തിച്ച അവശിഷ്ടം ഒരു നദിയിൽ ഒഴുക്കി. ഇതിന് ശേഷം മൃതദേഹം കത്തിക്കാൻ ഉപയോഗിച്ച ട്രങ്ക് രണ്ടാമത്തെ ഭാര്യയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഈ മാസം ആദ്യം ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. റെയിൽവെയിൽ നിന്ന് വിരമിച്ച ജീവനക്കാരനായ രാം സിംഗ് പരിഹാർ ആണ് 35 വയസ്സുകാരിയായ തന്റെ ലിവ് ഇൻ പങ്കാളി പ്രീതിയെ കൊലപ്പെടുത്തിയത്. ഇയാൾ നേരത്തെ രണ്ടുതവണ വിവാഹിതനായിരുന്നു. ഇയാളുടെ മുൻ ഭാര്യ സിപ്രി ബസാർ പ്രദേശത്താണ് താമസിച്ചിരുന്നത്. രണ്ടാമത്തെ ഭാര്യ സിറ്റി കോട്‌വാലി പ്രദേശത്താണ് താമസിക്കുന്നത്.

ലിവ് ഇൻ പങ്കാളി രാം സിംഗിൽ നിന്ന് വലിയ അളവിൽ പണം ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനോടകം ലക്ഷങ്ങൾ വാങ്ങിയെടുത്തതായും പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വീണ്ടും പണം ചോദിച്ചതാകാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

മൃതദേഹം കത്തിച്ച ശേഷം രാം സിംഗ് അവശിഷ്ടങ്ങൾ ചാക്കുകളിൽ ശേഖരിച്ച് നദിയിൽ ഒഴുക്കുകയായിരുന്നു. ട്രങ്കിലെ ബാക്കിയുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി അയാൾ അത് തന്റെ രണ്ടാമത്തെ ഭാര്യ ഗീതയുടെ വീട്ടിലേക്ക് അയച്ചു.

സംഭവം പുറത്തുവന്നത് എങ്ങനെ?

ഭാരമേറിയ ട്രങ്ക് ഗീതയുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ പരിഹാർ ഒരു ജെസിബി ഡ്രൈവറെ വിളിച്ചിരുന്നു. ഇയാളുടെ ഇടപെടലാണ് സംഭവം വെളിച്ചത്തു കൊണ്ടുവരാൻ ഇടയാക്കിയത്.

ശനിയാഴ്ച രാത്രി രാം സിംഗ് ഗീതയുടെ വീട്ടിലെത്തുകയും മകൻ നിതിനെ വിളിക്കുകയും ചെയ്തു. ഇവിടേക്ക് ട്രങ്ക് എത്തിക്കുന്നതിന് ജെസിബി ഡ്രൈവറെ ചുമതലപ്പെടുത്തി. സംശയം തോന്നിയ ഡ്രൈവർ ജയ്‌സിംഗ് പാൽ ആണ് വിവരം പോലീസിൽ അറിയിച്ചത്.

ഗീതയുടെ വീട്ടിൽ ട്രങ്ക് ഇറക്കിയ ശേഷം ജയ്‌സിംഗ് പാൽ ഉടൻ തന്നെ പോലീസിനെ വിളിച്ചു. ”ട്രങ്ക് മാറ്റുന്നതിന് 400 രൂപയാണ് എനിക്ക് തന്നത്. അതിനുള്ളിൽ എന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് സംശയം തോന്നി. അതിനാൽ ഞാൻ ആദ്യം വിസമ്മതിച്ചു. ഒടുവിൽ ഞാൻ അത് കൊണ്ടുവന്നു. ഞങ്ങൾ വീട്ടിലെത്തിയപ്പോൾ എന്റെ സംശയം ശക്തമായി. ഞാൻ ഉടൻ പോലീസിനെ വിളിച്ചു,” ജെസിബി ഡ്രൈവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പോലീസ് വീട്ടിലെത്തി ട്രങ്ക് തുറക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആദ്യം അതിന് തയ്യാറായില്ല. ഒടുവിൽ നിർബന്ധിച്ച് ട്രങ്ക് തുറന്നപ്പോൾ അതിനുള്ളിൽ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ, അസ്ഥിക്കഷ്ണങ്ങൾ, ചാരം എന്നിവ കണ്ടെത്തി.

ഇതിന് ശേഷം ഫൊറൻസിക് സംഘം ട്രങ്കിനുള്ളിൽ പരിശോധന നടത്തി. രാം സിംഗ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് പ്രീതി സിംഗ് കൂട്ടിച്ചേർത്തു..

ജനുവരി എട്ടിനാണ് കൊലപാതകം നടന്നതെന്ന് പോലീസ് കരുതുന്നു. പ്രീതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടാർപോളിനിൽ പൊതിഞ്ഞു സൂക്ഷിച്ചു. ഇതിന് ശേഷം ട്രങ്കിനുള്ളിലിട്ട് കത്തിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാൻ ശരീരാവശിഷ്ടങ്ങൾ ചാക്കിനുള്ളിൽ നിറച്ച് അടുത്തുള്ള നദിയിലേക്ക് എറിയുകയായിരുന്നു.

കൊല്ലപ്പെട്ട യുവതിയുടെ മുൻ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഝാൻസി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാം സിംഗിന്റെ മകൻ നിതിനും മറ്റൊരു കൂട്ടാളിയും പോലീസിന്റെ കസ്റ്റഡിയിൽ ആണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

രണ്ട് ഭാര്യമാരുള്ള മുന്‍ റെയില്‍വെ ജീവനക്കാരന്‍ ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു