ഒന്നരവയസുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരി; കാമുകൻ നിധിനെ വെറുതെവിട്ടു| kannur thayyil Child Murder Mother Saranya Convicted Lover Nithin Acquitted | Crime
Last Updated:
ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും പോലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി
കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ ഒന്നാം പ്രതിയായ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ വെറുതെ വിട്ടു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും പോലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ എൻ പ്രശാന്താണ് ശരണ്യ കുറ്റക്കാരിയാണെന്ന് വിധിച്ചത്. ശിക്ഷാവിധി പിന്നീട്.
എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ, 27 വയസ് മാത്രമാണുള്ളതെന്നും സഹായിക്കാൻ ആരുമില്ലെന്നും ശരണ്യ പറഞ്ഞു. മറ്റൊരു കേസിലും പ്രതിയല്ല. മാനസിക പിരിമുറുക്കം ഉൾപ്പെടെ നേരിടുന്നുണ്ടെന്നും കോടതി ദയ കാണിക്കണമെന്നും ശരണ്യ പറഞ്ഞു.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
കാമുകനൊത്ത് സുഖജീവിതം നയിക്കാനാണ് ശരണ്യ കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അറസ്റ്റ് നടന്ന് തൊണ്ണൂറാം ദിവസമാണു പൊലീസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്തിയത് ഭർത്താവ് പ്രണവാണെന്ന് വരുത്തിതീർക്കാനും ശരണ്യ ശ്രമിച്ചു. ആദ്യഘട്ടത്തിൽ സംശയമുന ശരണ്യയ്ക്കു നേരെ നീങ്ങിയില്ല. ഭർത്താവിനെ സംശയിക്കാൻ ഒട്ടേറെ കാരണങ്ങളും ഉണ്ടായിരുന്നു. സ്വമേധയാ വീട്ടിൽ ചെല്ലുകയും നിർബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികതയാണ് ആദ്യം സംശയിക്കപ്പെട്ടത്.
ശരണ്യയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി മുഴുവൻ പ്രണവിനെതിരായിരുന്നു. കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകൾ കാണാതായത് സംശയം ഇരട്ടിപ്പിച്ചു. കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരിപ്പുകൾ കടലിലോ മറ്റോ പോയിരിക്കാമെന്ന് പോലീസും സംശയിച്ചു. എന്നാൽ, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞു വീട്ടിൽ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്ന് പിന്നീടു ബോധ്യപ്പെട്ടു.
സംഭവത്തില്‍ കുട്ടിയുടെ അച്ഛന് പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പോലീസില്‍ പരാതി നല്കി. ശരണ്യക്കെതിരെ പ്രണവും പോലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പറഞ്ഞത്.
ഭർത്താവ് പ്രണവുമായി അകന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിപ്പിക്കുകയും പിറ്റേന്നു പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ കൃത്യം നടത്തുകയുമായിരുന്നു. കുറ്റം പ്രണവിൽ ചുമത്തിയ ശേഷം, കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ചു വിവരം ലഭിച്ചത്.
രണ്ടു ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിൽ മുഴുവൻ സമയവും ഭർത്താവ് പ്രണവിനെ കുറ്റപ്പെടുത്തുകയായിരുന്നു ശരണ്യ. പുലർച്ചെ മൂന്നരയ്ക്ക് ഉണർന്ന് ചുമച്ച കുഞ്ഞിനു വെള്ളം കൊടുത്തശേഷം ഭർത്താവിന്റെ അടുത്തു കിടത്തിയെന്ന മൊഴിയിൽ ശരണ്യ ഉറച്ചുനിന്നു. തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭർത്താവ് തന്നെയാണു കൊലപാതകിയെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണർത്തുമ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു മനസ്സിലായതെന്നും മൊഴി നൽകി. എന്നാൽ കാമുകനുമായി നടത്തിയ ഫോൺവിളികളുടെ വിശദാംശങ്ങളും പിന്നാലെ ഫോറൻസിക് പരിശോധനാഫലത്തിലെ സൂചനകളും പുറത്തുവന്നതോടെ മറച്ചുവച്ച സത്യങ്ങൾ ഓരോന്നായി ശരണ്യക്ക് ഏറ്റുപറയേണ്ടിവന്നു. കസ്റ്റഡിയിൽ പോലീസിന്റെ ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്ക് കാമുകൻ നിധിന്റെ 17 മിസ്ഡ് കോളുകളാണ് വന്നത്.
Summary: The court has found the first accused, Saranya, guilty in the case involving the murder of her one-and-a-half-year-old son, who was thrown into the sea at Thayyil, Kannur. Meanwhile, the second accused and Saranya’s lover, Nithin, was acquitted. The court observed that the prosecution and the police failed to prove charges of conspiracy, abetment, or assistance in committing the crime against Nithin. Thaliparamba Additional Sessions Judge K.N. Prashanth delivered the verdict finding Saranya guilty.
Kannur,Kannur,Kerala
