ഹിന്ദി പോടാ! മലയാളം ഉള്പ്പെടെ ഏഴ് ഭാഷകൾക്ക് സാഹിത്യ അവാർഡ് പ്രഖ്യാപിച്ച് തമിഴ്നാട്| Tamil Nadu CM Stalin Announces National Literary Award Semmozhi Illakiya Virudhu for 7 Non-Hindi Languages | India
Last Updated:
പുരസ്കാരം സെമ്മൊഴി ഇലക്കിയ വിരുദ് സാഹിത്യ അവാർഡ് (ക്ലാസിക്കൽ ലാംഗ്വേജ് ലിറ്റററി അവാർഡ്) എന്നറിയപ്പെടും. 5 ലക്ഷം രൂപയാണ് സമ്മാനം
ചെന്നൈ: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് സമാനമായി ദേശീയതലത്തിൽ സാഹിത്യ അവാർഡ് ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാർ. ഏഴ് ഇന്ത്യൻ ഭാഷകളിലെ കൃതികൾക്ക് ദേശീയ സാഹിത്യ അവാർഡ് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. പുരസ്കാരം സെമ്മൊഴി ഇലക്കിയ വിരുദ് സാഹിത്യ അവാർഡ് (ക്ലാസിക്കൽ ലാംഗ്വേജ് ലിറ്റററി അവാർഡ്) എന്നറിയപ്പെടും. ഹിന്ദി ഒഴികെ ബംഗാളി, മറാത്തി ഉൾപ്പെടെയുള്ള ഭാഷകൾക്കാണ് അവാർഡ് നൽകുക.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ഇടപെടൽ കാരണം, 2025 ലെ സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കാനുള്ള പരിപാടി, പട്ടിക അന്തിമമാക്കിയതിന് ശേഷം റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു. അവാർഡുകൾ പ്രഖ്യാപിക്കുമോ എന്ന് അറിയില്ല. കലയിലും സാഹിത്യത്തിലും രാഷ്ട്രീയ ഇടപെടൽ അപകടകരമാണെന്നും ചെന്നൈ അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഭാഷ ആളുകളെ വേർതിരിക്കുന്ന ഒരു മതിലല്ല. അത് ലോകമെമ്പാടുമുള്ള ആളുകളെ ബന്ധിപ്പിക്കുന്നു. പുതിയ പുരസ്കാരം അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ആദ്യ ഘട്ടത്തിൽ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലെ മികച്ച കൃതികൾക്ക് സെമ്മൊഴി ഇലക്കിയ വിരുദ് എന്ന പേരിൽ എല്ലാ വർഷവും സെമ്മോഴി സാഹിത്യ അവാർഡ് നൽകും. ഓരോ ഭാഷയിലെ അവാർഡിനും അഞ്ച് ലക്ഷം രൂപ വീതം സമ്മാനമായി നൽകും.
കലയിലും സാഹിത്യത്തിലും കേന്ദ്രസർക്കാർ നടത്തുന്ന രാഷ്ട്രീയ ഇടപെടലിനെതിരെ ക്രിയാത്മകമായി പ്രതികരിക്കാൻ എഴുത്തുകാരും അതുമായി ബന്ധപ്പട്ടവരും തമിഴ്നാട് സർക്കാരിനോട് അഭ്യർത്ഥിച്ചതായി സ്റ്റാലിൻ പറഞ്ഞു.
വീണ്ടും അധികാരത്തിൽ വന്നാൽ, ഈ സംരംഭം ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യും. ഒപ്പം ലോകോത്തര നിലവാരത്തിലാക്കും. തമിഴ്നാട്ടിലുടനീളം ലൈബ്രറികൾ നിർമ്മിക്കും. അറിവിന്റെ ജ്വാല കൊളുത്തി വിജയികളായി ഉയർന്നുവരാമെന്നും പരസ്പരം യോജിപ്പിൽ പ്രവർത്തിക്കാമെന്നും സ്റ്റാലിൻ പറഞ്ഞു.
പുസ്തകമേളയിലെ വിവർത്തനത്തിന്റെയും പകർപ്പവകാശ കൈമാറ്റത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഭാഷകൾക്കിടയിൽ ഐക്യത്തിന്റെയും ആശയങ്ങൾ പങ്കുവയ്ക്കുന്നതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ സ്റ്റാലിൻ നാട്ടിലെ എഴുത്തുകാർ വിലമതിക്കുന്ന ആശയങ്ങൾ ലോകത്തിലെ എല്ലാ ജനങ്ങളുമായും പങ്കുവയ്ക്കണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മഹത്തായ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നും പറഞ്ഞു.
Summary: The Tamil Nadu government is set to institute National Literary Awards on par with the Central Sahitya Akademi Awards. Chief Minister M.K. Stalin announced that National Literary Awards will be established for works in seven Indian languages. The award will be known as the ‘Semmozhi Ilakkiya Virudhu’ (Classical Language Literary Award). The awards will be presented to languages including Malayalam, Bengali, and Marathi, notably excluding Hindi.
Chennai [Madras],Chennai,Tamil Nadu
