യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഡൽഹി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി മോദി| PM Narendra Modi Receives UAE President Mohamed Bin Zayed Al Nahyan at Delhi Airport | ഇന്ത്യ വാർത്ത
Last Updated:
ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകൾക്കായി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി
ന്യൂഡൽഹി: തിങ്കളാഴ്ച ഇന്ത്യയിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യം അടിവരയിടുന്നതായിരുന്നു ഈ സ്വീകരണം. ഇറാൻ-യുഎസ് ബന്ധത്തിലെ വിള്ളലുകൾ, ഗാസയിലെ അസ്ഥിരത, യെമനിലെ സംഘർഷങ്ങൾ എന്നിവ കാരണം പശ്ചിമേഷ്യയിൽ പിരിമുറുക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം. പ്രാദേശികമായ ഈ വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിക്കുമെന്നും നിരവധി ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
“എന്റെ സഹോദരൻ, യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയി. ഇന്ത്യ-യുഎഇ സൗഹൃദത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യമാണ് ഈ സന്ദർശനം വ്യക്തമാക്കുന്നത്. ഞങ്ങളുടെ ചർച്ചകൾക്കായി കാത്തിരിക്കുന്നു,” പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
വൈകുന്നേരം 7 ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റിന് വിരുന്നൊരുക്കും. ഏതാനും മണിക്കൂറുകൾ മാത്രം ഇന്ത്യയിൽ ചിലവഴിക്കുന്ന അദ്ദേഹം തിങ്കളാഴ്ച തന്നെ മടങ്ങും. നേരത്തെ 2025 ഡിസംബറിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച പല കാരണങ്ങളാൽ വൈകുകയായിരുന്നു.
പ്രത്യേക സാമ്പത്തിക മേഖലകളിലെ നിക്ഷേപം, ഭക്ഷ്യസുരക്ഷ, ആണവ സഹകരണം എന്നിവയിൽ ഇരുനേതാക്കളും കരാറുകളിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ചർച്ചകളിൽ പ്രധാന വിഷയമാകും.
Went to the airport to welcome my brother, His Highness Sheikh Mohamed bin Zayed Al Nahyan, President of the UAE. His visit illustrates the importance he attaches to a strong India-UAE friendship. Looking forward to our discussions.@MohamedBinZayed pic.twitter.com/Os3FRvVrBc
— Narendra Modi (@narendramodi) January 19, 2026
പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഷെയ്ഖ് മുഹമ്മദ് നടത്തുന്ന മൂന്നാമത്തെ ഔദ്യോഗിക സന്ദർശനമാണിത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ അദ്ദേഹത്തിന്റെ അഞ്ചാമത്തെ സന്ദർശനം കൂടിയാണിത്. സൗദി അറേബ്യ പാകിസ്ഥാനുമായി കരാറിൽ ഏർപ്പെട്ട പശ്ചാത്തലത്തിൽ, ഇന്ത്യയും യുഎഇയും തമ്മിലുള്ള പ്രതിരോധ കരാറുകളെ ഉറ്റുനോക്കുകയാണ് ലോകം.
2022-ൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പിട്ടതിനുശേഷം ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധത്തിലും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. ഈ കരാർ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നിക്ഷേപ പ്രവാഹം വർധിപ്പിക്കാൻ സഹായിച്ചു.
2024 സെപ്റ്റംബറിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും, കഴിഞ്ഞ വർഷം ഏപ്രിലിൽ യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും സന്ദർശനങ്ങൾക്ക് തുടർച്ചയായാണ് ഈ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ദിശാബോധം നൽകാനും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെക്കാനും ഈ സന്ദർശനം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ശക്തമായ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങളാൽ ഊഷ്മളമായ സൗഹൃദമാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
New Delhi,New Delhi,Delhi
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഡൽഹി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി മോദി
