ഇടുക്കിയിൽ ഒരു ലക്ഷം രൂപ വിലവരുന്ന ഏലയ്ക്ക മോഷ്ടിച്ച അച്ഛനും മകനും പിടിയിൽ Father and son arrested for stealing 220 kg of cardamom worth One lakh rupees in Idukki | ക്രൈം വാർത്തകൾ
Last Updated:
220 കിലോയോളം വരുന്ന ഏലക്കയാണ് അച്ഛനും മകനും കൂടി മോഷ്‌ടിച്ചത്.
കട്ടപ്പന: കട്ടപ്പന തെവരയാറിൽ ഒരു ലക്ഷം രൂപ വിലവരുന്ന 220 കിലോയോളം ഏലയ്ക്ക മോഷ്ടിച്ച അച്ഛനും മകനും പിടിയിൽ. കുപ്രസിദ്ധ മോഷ്ടാക്കളായ കാമാക്ഷി വലിയപറമ്പിൽ വീട്ടിൽ കാമാക്ഷി എസ്.ഐ എന്ന പേരിൽ അറിയപ്പെടുന്ന ബിജുവിനേയും മകൻ ബിബിൻ ബിജുവിനേയുമാണ് കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേരളത്തിലുടനീളം വിവിധ മോഷണക്കേസുകളിൽ ഇവർ പ്രതികളാണ്.
കട്ടപ്പന തെവരയാറിൽ പള്ളിക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന വീടോടു കൂടിയ ഏലക്ക സ്റ്റോറിൽ നിന്നാണ് കഴിഞ്ഞ മാസം 29-ന് രാത്രിയിൽ 110,000 രൂപ വില വരുന്ന 220 കിലോയോളം പച്ച ഏലയ്ക്ക അച്ഛനും മകനും കൂടി മോഷ്‌ടിച്ചത്. ഈ ഏലയ്ക്ക പിറ്റേന്ന് പരിചയക്കാരനായ കൗമാരക്കാരൻറെ സഹായത്തോടെ രാവിലെ 9 മണിക്ക് ശേഷം നെടുങ്കണ്ടത്തെ മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങുകയായിരുന്നു ഇവരുടെ രീതി.
ബിജുവിന്റെ പേരിൽ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 500 ഓളം മോഷണ കേസുകളുണ്ട്. വിവിധ കേസുകളിലായി 15 വർഷത്തോളം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.പീരുമേട് ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന ബിജുവിനെ 2023 ഫെബ്രുവരിയിൽ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.
ബിജുവിന്റെ മകൻ ബിബിൻ ബിജുവും നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. എറണാകുളത്ത് ടാക്‌സി ഡ്രൈവറായി ജോലി നോക്കി വരികയായിരുന്ന ഇയാൾ ഇവിടെ നിന്ന് വാടകയ്ക്ക് എടുത്ത് കൊണ്ടുവന്ന വാഹനത്തിലാണ് മോഷ്ടിച്ച ഏലയ്ക്ക കടത്തിയത്.
ബിജുവിനേയും മകൻ ബിബിൻ ബിജുവിനേയും നെടുങ്കണ്ടം പടിഞ്ഞാരെ കവലയിലെ മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വാഹനവും കട്ടപ്പന പോലീസ് കസ്റ്റഡിയിൽ എടുത്തു. കട്ടപ്പന ഡിവൈഎസ്.പി വി.എ.നിഷാദ് മോൻ,കട്ടപ്പന സി.ഐ.ടി സി മുരുകൻ, എസ് ഐ.പി വി.മഹേഷ്, എസ്.ഐ.ബേബി ബിജു, എസ് സി.പി.ഒ.ജോബിൻ ജോസ്, സിപിഒമാരായ അഭിലാഷ്, വിജിൻ,കാമരാജ്,സുബിൻ, എന്നിവരും തൊടുപുഴ സ്‌ക്വാർഡും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
