Leading News Portal in Kerala

കോഴിക്കോട് ആസ്ഥാനമായ അൽഹിന്ദ് ഗ്രൂപ്പിന് വിമാന സർവീസിന് കേന്ദ്രസർക്കാർ അനുമതി | Kozhikode based Alhind Group got permission by central government for air service


Last Updated:

കൊച്ചിയിൽ നിന്ന് ബെംഗളൂരു, തിരുവനന്തപുരം, ചെന്നൈ എന്നിവടങ്ങളിലേക്കായിരിക്കും പ്രാരംഭഘട്ടത്തിൽ സർവീസ്

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഹിന്ദ് ഗ്രൂപ്പിന് വിമാന സർവീസ് ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്‌. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (ഡിജിസിഎ) അന്തിമ അനുമതി കൂടി ലഭിച്ചുകഴിഞ്ഞാൽ ഈ വർഷം അവസാനത്തോടെ വിമാന സർവീസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവിൽ 200- 500 കോടി മുതൽമുടക്കിൽ മൂന്ന് എടിആർ-72 ടർബോപ്രോപ്പ് വിമാനങ്ങളുമായി പ്രവര്‍ത്തനം ആരംഭിക്കാനാണ് വിമാനക്കമ്പനിയുടെ പദ്ധതി. ആദ്യ ഘട്ടത്തിൽ ദക്ഷിണേന്ത്യയിലെ പ്രാദേശിക റൂട്ടുകൾ കേന്ദ്രീകരിച്ച് സർവീസുകൾ നടത്താനാണ് നീക്കം എന്നും അൽഹിന്ദ് എയർ അറിയിച്ചു. കൊച്ചിയിൽ നിന്ന് ബെംഗളൂരു, തിരുവനന്തപുരം, ചെന്നൈ എന്നിവടങ്ങളിലേക്കായിരിക്കും പ്രാരംഭഘട്ടത്തിൽ സർവീസ് നടത്തുക. ഇതിന് ശേഷം കേരളത്തിൽ നിന്ന് പശ്ചിമ ഏഷ്യയിലേക്കും വിമാനസർവീസ് ആരംഭിക്കാൻ പദ്ധതിയുണ്ട്.

വിമാന യാത്രക്കാർക്ക് നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ ട്രാവൽ ആൻ്റ് ടൂറിസം മേഖലയിലെ മുൻനിര കമ്പനിയാണ് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്. 1990ലാണ് കമ്പനി സ്ഥാപിതമായത്. യുഎഇ , സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബംഗ്ലാദേശ്, കുവൈറ്റ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഓഫീസുകൾ സ്ഥാപിച്ചതായി കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നു.

അതേസമയം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിക്കുന്ന മലയാളികളുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ വിമാന കമ്പനിയാണ് അൽഹിന്ദ് എയർ. ജൂലൈയിൽ ദുബായ് ആസ്ഥാനമായുള്ള മലയാളി വ്യവസായികൾ ആരംഭിച്ച സെറ്റ് ഫ്ലൈ ഏവിയേഷന് എയർ കേരള എന്ന പേരിൽ വിമാന സർവീസ് ആരംഭിക്കാൻ പ്രവർത്തനാനുമതി ലഭിച്ചിരുന്നു. മലയാളിയായ മനോജ് ചാക്കോ നേതൃത്വം നൽകുന്ന എയർലൈൻ കമ്പനിയായ ഫ്ലൈ 91 ന് സർവീസ് നടത്താന്‍ മാർച്ചിൽ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഗോവ, ഹൈദരാബാദ്, ബെംഗളൂരു, സിന്ധുദുർഗ് എന്നിവിടങ്ങളിലേക്ക് ഫ്‌ളൈ 91 സർവീസ് ആരംഭിച്ചിട്ടുണ്ട്.