Manikkuttan’s Incredible Journey: 69,207 Kilometers, 22 States, 99 Days – Guinness Record Achieved! : മണികുട്ടന്റെ അവിശ്വസനീയ യാത്ര: 69,207 കിലോമീറ്റർ, 22 സംസ്ഥാനങ്ങൾ, 99 ദിവസങ്ങൾ – ഗിന്നസ് റെക്കോർഡ് നേടി!
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡുകളിലൊന്നായ ലഡാക്കിലെ ഖാർദുങ് ലാ പോയി തിരിച്ചു വരുന്നതു വരെ മണികുട്ടൻ സ്വയം കാറോടിച്ചത് 69,207 കിലോമീറ്റർ… !
അതെ, ഭൂമധ്യരേഖയുടെ ചുറ്റളവിന്റെ (40,075 കിലോമീറ്റർ) ഏതാണ്ട് ഒന്നര ഇരട്ടി!
ഇത് റെക്കോർഡ് തന്നെ. ഇത്രയും ദൂരം ഒരു രാജ്യത്തിനുള്ളിൽ കാർ ഓടിച്ചുള്ള യാത്രയുടെ ഗിന്നസ് റെക്കോർഡ് ഇപ്പോൾ മണികുട്ടന് സ്വന്തം. മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത് അമേരിക്കക്കാരായിരുന്നു. അവർ 121 ദിവസം കൊണ്ട് 58,125 കിലോമീറ്റർ ദൂരം സ്വന്തം രാജ്യത്ത് യാത്ര ചെയ്ത റെക്കോർഡാണ് ഉണ്ടായിരുന്നത്. മണികുട്ടൻ വെറും 99 ദിവസം കൊണ്ടാണ് 69,207 കിലോമീറ്റർ ദൂരം കീഴടക്കിയത്! ഗിന്നസ് റെക്കോർഡ് നേടിയതിനൊപ്പം മറ്റ് 10 റെക്കോർഡ്കളും മണികുട്ടൻ സ്വന്തമാക്കി.
എന്നാൽ ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഒരിക്കൽ പോയ വഴിയിലൂടെ വീണ്ടും വരികയോ മറികടക്കുകയോ ചെയ്യാതെ 22 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും താണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ഈ യാത്ര.
ഒരേ സ്ഥലത്ത് വീണ്ടും ചെല്ലാതിരിക്കാൻ മാസങ്ങളോളം എടുത്ത് പ്ലാൻ ചെയ്ത റൂട്ടിലൂടെയായിരുന്നു സഞ്ചാരം. 22 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും കടന്നു വളഞ്ഞുപുളഞ്ഞ വഴികളിലൂടെ ഓരോ ദിവസവും ശരാശരി 735 കിലോമീറ്റർ വീതം മണികുട്ടൻ കാറോടിച്ചു. യാത്ര മുഴുവൻ തന്റെ 2015 മോഡൽ മഹീന്ദ്ര എക്സ്യുവി 500 വാഹനത്തിൽ ഘടിപ്പിച്ച 16 ക്യാമറകളിൽ ഒപ്പിയെടുത്തു.
ഉറങ്ങാനും ഭക്ഷണം കഴിക്കാനുമുള്ള അത്യാവശ്യ സമയം ഒഴികെ ബാക്കി എല്ലാ സമയവും യാത്ര തന്നെ. ഇടക്കു വഴിയിൽ കിട്ടുന്നതും മിക്കസമയവും സ്വയം പാചകം ചെയ്തതുമായ ഭക്ഷണം കഴിച്ചാണ് മണികുട്ടൻ യാത്ര തുടർന്നത്. ഇതിനായി ഇൻവെർട്ടറും ഇലക്ട്രിക് കുക്കറും വാഹനത്തിൽ കരുതിയിരുന്നു.
പുലർച്ചെ 5 മണിക്ക് യാത്ര തുടങ്ങും. സാധാരണയായി രാത്രി 11 മണിക്ക് യാത്ര അവസാനിപ്പിക്കാറാണ്. എന്നാൽ ചില ദിവസങ്ങളിൽ ലക്ഷ്യം നേടാൻ രാവിലെ 3 മണി വരെ ഓടിക്കേണ്ടി വന്നതായി മണികുട്ടൻ പറയുന്നു.
ഈ യാത്രക്കിടയിൽ വാഹനം സർവീസ് ചെയ്യേണ്ടി വന്ന 3 ദിവസം മാത്രമാണ് ഹോട്ടലിൽ താമസിച്ചത്. മറ്റെല്ലാപ്പോഴും കാറിൽ തന്നെ ഊണും ഉറക്കവും വിശ്രമവുമെല്ലാം. വസ്ത്രങ്ങൾ അലക്കാൻ പോലും സമയമോ സൗകര്യമോ കിട്ടാഞ്ഞ യാത്രയിൽ 50 ജോഡി വസ്ത്രങ്ങൾ കയ്യിൽ കരുതിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 13-ന് അരുവിക്കര ചെറിയകൊണ്ണി നവോദയ ഗ്രന്ഥശാലയ്ക്ക് മുന്നിൽ നിന്ന് ആരംഭിച്ച യാത്ര നവംബർ 19-ന് സമാപിച്ചു. ഈ യാത്രയ്ക്ക് 6,800 ലീറ്റർ ഡീസൽ ആവശ്യമായി വന്നു, അതിന് 7 ലക്ഷം രൂപ ചെലവായി. മറ്റ് ചെലവുകളും കൂടി ഏകദേശം 12 ലക്ഷം രൂപയായി. തിരുവനന്തപുരത്തും കുവൈറ്റിലും കടകൾ നടത്തുന്ന വിജയകരമായ വ്യവസായി കൂടിയായ G.S. മണികുട്ടൻ മുൻപ് ഗൾഫിൽ കണ്ണട ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
Thiruvananthapuram,Thiruvananthapuram,Kerala