Leading News Portal in Kerala

മനോജ് ചാക്കോയുടെ ഫ്‌ളൈ 91 പറന്നു, ഗോവയില്‍നിന്ന് ലക്ഷദീപിലേക്ക്; സര്‍വീസുകള്‍ അടുത്തയാഴ്ച മുതൽ | Manoj Chacko-led airline Fly 91 made its maiden flight from Goa to Lakshadweep


Last Updated:

ഗോവയിലെ മോപ്പയ്ക്കും ലക്ഷദ്വീപിലെ അഗത്തിക്കുമിടയിലാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി വിമാനം സർവീസ് നടത്തിയത്

മലയാളി വ്യവസായ പ്രമുഖൻ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള വിമാനകമ്പനിയായ ഫ്ലൈ 91ന്റെ വിമാനം ആദ്യ പറക്കൽ നടത്തി. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ചൊവ്വാഴ്ച വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. ഗോവയിലെ മോപ്പയ്ക്കും ലക്ഷദ്വീപിലെ അഗത്തിക്കുമിടയിലാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി വിമാനം സർവീസ് നടത്തിയത്.

“‘രണ്ടു പതിറ്റാണ്ടുകളായി, വിമാനക്കമ്പനികൾ അടച്ചു പൂട്ടുന്ന വാർത്തകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. അതിൽ ചെറുതും വലുതുമായ കമ്പനികളും അന്താരാഷ്ട്ര വിമാനക്കമ്പനികളും ഉൾപ്പെടും. എന്നാൽ ഇന്ന്, കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ കീഴിൽ രാജ്യത്ത് ആറ് പുതിയ വിമാനക്കമ്പനികൾ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഫ്ളൈ 91-ന് 18 പാതകളാണ് അനുവദിച്ചിരികുന്നത്. ഇതിന്റെ ഭാഗമായ മുഴുവൻ ആളുകൾക്കും എല്ലാവിധ ആശംസകളും നേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സിവിൽ ഏവിയേഷൻ ഇപ്പോൾ കൂടുതൽ ശക്തി പ്രാപിച്ചിരിക്കുകയാണ്”, ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഫ്ലൈ 91 വിമാനങ്ങളുടെ ഉദ്ഘാടനത്തെ അഭിനന്ദിച്ച ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ടൂറിസത്തെയും സമ്പദ്‌വ്യവസ്ഥയെയും അത് പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. “മനോഹർ ഇൻ്റർനാഷണൽ എയർപോർട്ടിന്റെ ഉദ്ഘാടനത്തിന് ശേഷം, ഗോവ ആസ്ഥാനമായുള്ള ഒരു എയർലൈൻ ആരംഭിച്ചത് തീർത്തും മനോഹരമായ കാര്യമാണ്. ചെറിയ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ‘ദേക്കോ അപ്നാ ദേശ്’, ‘ഉഡാൻ’ തുടങ്ങിയ പദ്ധതികളുടെ കീഴില്‍ രാജ്യത്തിന്റെ ടൂറിസത്തെയും സമ്പദ് വ്യവസ്ഥയെയും ഇത് പ്രോത്സാഹിപ്പിക്കും ” ഗോവ മുഖ്യമന്ത്രി പറഞ്ഞു.

ഫ്ളൈ 91ന്റെ വാണിജ്യ സർവീസുകൾ മാർച്ച് 18 മുതൽ ആരംഭിക്കും. ഗോവയില്‍ നിന്നും ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ആദ്യ സർവീസുകൾ. ഗോവയിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തി ദ്വീപിലേക്ക് ഏപ്രിൽ പകുതിയോടെ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കും. ഇതിന് പുറമേ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലെ സിന്ധുദുർഗിലേക്കും സർവീസ് നടത്തും. ലക്ഷദ്വീപിലേക്ക് അലയൻസ് എയറിൻ്റെ കൊച്ചി-അഗത്തി റൂട്ട് വഴിയുള്ള വിമാനസർവീസ് മാത്രമാണ് നിലവിലുള്ളത്. അതിനാൽ പുതിയ എയർലൈനിന്റെ പ്രവർത്തനം ഏറെ സഹായകരമാവുകയും വലിയ സ്വീകാര്യത നേടുമെന്നതിലും സംശയമില്ല.

ലോകത്തിലെ ഏറ്റവും മികച്ച മൂലധനമുള്ള പ്രാദേശിക കാരിയറാണ് ഫ്ളൈ 91 എന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ മനോജ് ചാക്കോ പറഞ്ഞു. ടിക്കറ്റുകളുടെ വിൽപന ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഫ്ലൈ 91 ന് 35 വിമാനങ്ങളുണ്ടാകുമെന്നും ഇന്ത്യയിലെ 50 നഗരങ്ങളെ ബന്ധിപ്പിക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും മനോജ് ചാക്കോ കൂട്ടിച്ചേർത്തു. മാർച്ച് 6 മുതൽ സർവീസ് നടത്താൻ അനുമതി നൽകിക്കൊണ്ടാണ് ഫ്ലൈ 91ന് ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.