Leading News Portal in Kerala

പെട്രോൾ, ഡീസൽ വാഹനങ്ങളേക്കാൾ മലിനീകരണം കൂടുതൽ; ഇലക്ട്രിക് വാഹനങ്ങൾ പരിസ്ഥിതി സൗഹൃദമല്ലെന്ന് പഠനം | EVs are not environment friendly More polluting than petrol and diesel vehicles says study


Last Updated:

ഗ്യാസൊലിൻ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് വാഹനങ്ങളിലെ പുറന്തള്ളൽ ഏകദേശം 1850 മടങ്ങ് അധികമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു

ഇവി ചാർജിങ്ഇവി ചാർജിങ്
ഇവി ചാർജിങ്

പെട്രോൾ-ഡീസൽ വാഹനങ്ങൾ അന്തരീക്ഷത്തിലുണ്ടാക്കുന്ന മലിനീകരണത്തെക്കാൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളിൽ നിന്നുണ്ടാകുന്നുവെന്ന് പഠനം. എമിഷൻ അനലിറ്റിക്സിന്റെ (Emission Analytics) പഠന റിപ്പോർട്ട് വാൾസ്ട്രീറ്റ്‌ ജേണലാണ് പുറത്ത് വിട്ടത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വർധിച്ച ആശങ്കകൾ നില നിൽക്കുന്ന കാലത്ത് പരിസ്ഥിതി സൗഹൃദമെന്ന നിലയിലാണ് പലരും ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ ധാരണ തെറ്റാണെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

മികച്ച എക്സ്ഹോസ്റ്റ് ഫിൽറ്ററുകൾ (Exhaust Filters) ഘടിപ്പിച്ച ഗ്യാസൊലിൻ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ മലിനീകരണമുണ്ടാക്കുന്നുവെന്നാണ് പഠനം പറയുന്നത്. ബ്രേക്കുകളിൽ നിന്നും ടയറുകളിൽ നിന്നും ഇലക്ട്രിക് വാഹനങ്ങൾ മലിനീകരണത്തിന് കാരണമായ സൂക്ഷ്മ കണങ്ങളെ പുറന്തള്ളുന്നുവെന്ന് പഠനം പറയുന്നു. ഗ്യാസൊലിൻ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് വാഹനങ്ങളിലെ പുറന്തള്ളൽ ഏകദേശം 1850 മടങ്ങ് അധികമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ഭാരക്കൂടുതൽ കാരണം ടയറുകൾക്ക് വേഗത്തിൽ തേയ്മാനം സംഭവിക്കുകയും പരിസ്ഥിതിക്ക് ദോഷകരമായ രാസവസ്തുക്കൾ വായുവിലേക്ക് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ക്രൂഡ് ഓയിലിൽ നിന്നും ലഭിക്കുന്ന സിന്തറ്റിക് റബ്ബർ ഉപയോഗിച്ചാണ് മിക്ക ടയറുകളും നിർമ്മിക്കുന്നത് എന്നതും മലിനികരണത്തിന്റെ തോത് വർധിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളുടെ ഭാരമാണ് പഠനം പരാമർശിക്കുന്ന മറ്റൊരു പ്രധാന കാരണം. ഗ്യാസൊലിൻ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളുടെ അമിത ഭാരവും ടയറുകളുടെയും ബ്രേക്കിന്റെയും തേയ്മാനത്തിന് കാരണമാകുന്നു.

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ മോഡൽ വൈ, ഫോർഡ് എഫ് -150 ലൈറ്റ്നിംഗ് എന്നിവയിൽ ഏകദേശം 1800 പൗണ്ട് ആണ് ബാറ്ററികളുടെ ഭാരം. അര ടൺ (1,100 പൗണ്ട് ) ഭാരമുള്ള ബാറ്ററി ഉപയോഗിക്കുന്ന ഒരു ഇലക്ട്രിക് വാഹനത്തിൽ നിന്നും ടയറിന്റെ തേയ്മാനം കൊണ്ട് ഉണ്ടാകുന്ന മലിനീകരണം ഗ്യാസൊലിൻ വാഹനങ്ങളിൽ നിന്നുള്ളവയെക്കാൾ 400 മടങ്ങ് വരെ കൂടുതലാണെന്നാണ് പഠനം പറയുന്നത്. വാഹനങ്ങളുടെ ടെയിൽ പൈപ്പുകളിൽ (Tailpipe) നിന്നുണ്ടാകുന്ന മലിനീകരണകാരികളുടെ അളവ് കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങൾക്ക് കഴിയുന്നുവെങ്കിലും ബ്രേക്കുകളിൽ നിന്നും ടയറുകളിൽ നിന്നുമുള്ള മലിനീകരണത്തിനും വാഹന നിർമ്മാതാക്കൾ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയിലേക്ക് പഠനം വെളിച്ചം വീശുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Auto/

പെട്രോൾ, ഡീസൽ വാഹനങ്ങളേക്കാൾ മലിനീകരണം കൂടുതൽ; ഇലക്ട്രിക് വാഹനങ്ങൾ പരിസ്ഥിതി സൗഹൃദമല്ലെന്ന് പഠനം