Leading News Portal in Kerala

ഒരു കൊച്ചു മാരുതിയിൽ ആകാശത്ത് പറക്കാം; മാരുതി സുസുക്കി ഇലക്‌ട്രിക് എയർ കോപ്റ്ററുകള്‍ പുറത്തിറക്കും | Maruti Suzuki to launch electric air copters soon


Last Updated:

ഈ എയർ കോപ്റ്ററുകൾ ഹെലികോപ്റ്ററുകളെക്കാൾ ചെറുതും ഡ്രോണുകളേക്കാൾ വലുതുമായിരിക്കും

മാരുതി സുസുകി സ്കൈഡ്രൈവ്മാരുതി സുസുകി സ്കൈഡ്രൈവ്
മാരുതി സുസുകി സ്കൈഡ്രൈവ്

പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി പറക്കും കാറുകൾ ഉടൻ പുറത്തിറക്കും എന്ന് റിപ്പോർട്ട്‌. മാതൃ കമ്പനിയായ സുസുക്കിയുമായി സഹകരിച്ച് ഇലക്ട്രിക് എയർ കോപ്റ്ററുകൾ വികസിപ്പിക്കാനാണ് മാരുതി പദ്ധതിയിടുന്നത്. പ്രാരംഭത്തിൽ ജപ്പാനിലും അമേരിക്കയിലും അവതരിപ്പിച്ച ശേഷം ഇന്ത്യയിലേക്ക് പദ്ധതി എത്തിക്കും എന്നാണ് സൂചന. ഈ എയർ കോപ്റ്ററുകൾ ഹെലികോപ്റ്ററുകളെക്കാൾ ചെറുതും ഡ്രോണുകളേക്കാൾ വലുതുമായിരിക്കും. പൈലറ്റ് ഉൾപ്പെടെ മൂന്നുപേർക്ക് ഇതിൽ യാത്ര ചെയ്യാൻ കഴിയും.

അതേസമയം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനു മുൻപ് ജപ്പാനിലും യുഎസിലും പുതിയ മൊബിലിറ്റി സൊല്യൂഷനുകൾ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ എയർ ടാക്സികൾക്ക് ഗതാഗത മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നും കരുതുന്നു. കൂടാതെ ഇന്ത്യൻ വിപണിയിൽ ഇതിന്റെ വില്പന മാത്രമല്ല കമ്പനി ലക്ഷ്യമിടുന്നത്. ചെലവ് കുറയ്ക്കുന്നതിനായി പ്രാദേശിക തലത്തിൽ നിർമ്മാണം കൂടി കമ്പനി പരിഗണിക്കുന്നുണ്ട്.

ഇതിനായി ഡയറക്ടർ ജനറല്‍ ഓഫ് സിവില്‍ ‌ഏവിയേഷനുമായി (DGCA )ചർച്ചകൾ നടന്നുവരികയാണ് എന്ന് സുസുക്കി മോട്ടോറിൻ്റെ അസിസ്റ്റൻ്റ് മാനേജർ കെൻ്റോ ഒഗുറ പറഞ്ഞു. സ്കൈഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് എയർ കോപ്റ്ററുകൾ 2025-ൽ ജപ്പാനിൽ നടക്കുന്ന ഒസാക്ക എക്‌സ്‌പോയിൽ ആയിരിക്കും അവതരിപ്പിക്കുക. ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന് കീഴിൽ ഈ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് മാരുതിയുടെ പദ്ധതി. ഇന്ത്യൻ വിപണികളിൽ ഇതിന്റെ സാധ്യതയുള്ള ഉപഭോക്താക്കളെയും പങ്കാളികളെയും കമ്പനി ഇപ്പോൾ പരിശോധിച്ചു വരികയാണ്.

ഇതിനുപുറമേ ഇന്ത്യയില്‍ പദ്ധതി വിജയിക്കണമെങ്കില്‍ എയര്‍ കോപ്റ്ററുകള്‍ താങ്ങാനാവുന്ന വിലയിലുള്ളവയായിരിക്കണമെന്നും ഒഗുറ കൂട്ടിച്ചേർത്തു. അതേസമയം ടേക്ക് ഓഫിൽ 1.4 ടൺ ഭാരമുള്ള എയർ കോപ്റ്ററിന് ഒരു സാധാരണ ഹെലികോപ്റ്ററിൻ്റെ പകുതിയോളമായിരിക്കും ഭാരമുണ്ടാകുക. അതുകൊണ്ടുതന്നെ കെട്ടിടങ്ങളുടെ മുകളിൽ നിന്ന് വളരെ എളുപ്പത്തിൽ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും ഇവയ്ക്ക് സാധിക്കും. കൂടാതെ ഇലക്ട്രിഫിക്കേഷന്റെ സഹായത്തോടെ എയർക്രാഫ്റ്റുകളിൽ അനാവശ്യമായി വരുന്ന ഭാഗങ്ങളും കുറച്ചിട്ടുണ്ട്. ഇതുവഴി വാഹനത്തിന്റെ നിർമ്മാണ ചെലവും അറ്റകുറ്റപ്പണിയും കുറയ്ക്കാൻ സാധിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Auto/

ഒരു കൊച്ചു മാരുതിയിൽ ആകാശത്ത് പറക്കാം; മാരുതി സുസുക്കി ഇലക്‌ട്രിക് എയർ കോപ്റ്ററുകള്‍ പുറത്തിറക്കും