Leading News Portal in Kerala

സംസ്ഥാനത്തെ പുതിയ വാഹനങ്ങളിൽ പത്തിൽ ഒന്ന് ഇലക്ട്രിക് | One out 10 vehicles registered in Kerala in 2023 is an electric vehicle


Last Updated:

മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് 7,57,114 വാഹനങ്ങളാണ്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കഴിഞ്ഞ വർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 75,650 ഇലക്ട്രിക് വാഹനങ്ങളെന്ന് റിപ്പോർട്ട്. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് 7,57,114 വാഹനങ്ങളാണ്. 2022 ൽ സംസ്ഥാനത്ത് 39,620 ഇലക്ട്രിക് വാഹനങ്ങളാണ് ആകെ രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് ശ്രദ്ധേയമായ തോതിൽ ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് കൊല്ലം ജില്ലയിലാണ്. 2020 ൽ ജില്ലയിൽ 370 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ 2023 ൽ വാഹനങ്ങളുടെ എണ്ണം 3055 ആയി വർധിച്ചു. എറണാകുളം ജില്ലയിൽ 11,856 ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനും തിരുവനന്തപുരത്ത് 8,356 വാഹനങ്ങളും, തൃശ്ശൂരിൽ 5,859 വാഹനങ്ങളും കോഴിക്കോട് 5,831 ഇലക്ട്രിക് വാഹനങ്ങളും കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തു.

ഇന്ധന വിലയിലുണ്ടാകുന്ന കുതിപ്പും, വർധിച്ചുവരുന്ന പാരിസ്ഥിതിക ആഘാതങ്ങളും, പ്രവർത്തന മികവുമാണ് ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. സാധാരണ എഞ്ചിനുള്ള വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഒരു കിലോമീറ്റർ ഓടുമ്പോൾ ഏതാണ്ട് ഒരു രൂപയുടെ ചെലവ് മാത്രമാണ് ഉണ്ടാകുന്നതെന്ന് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് നെറ്റ്‌വർക്കായ ഗോ ഇസിയുടെ (GO EC) സീനിയർ മാർക്കറ്റിങ് മാനേജരായ ജോയൽ യോഹന്നാൻ പറഞ്ഞു.

ഡൽഹി വായു മാലിനികരണത്തിന്റെ മൂർദ്ധന്യാവസ്ഥ അനുഭവിക്കുമ്പോൾ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ വായുമലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന പ്രചാരണങ്ങൾ നടത്തുന്നതും ഇലക്ട്രിക് വാഹനങ്ങളുടെ വർധനവിന് കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ വാഹനങ്ങളുടെ ആകർഷണീയതയും നിർമ്മാണവും എല്ലാം തന്നെ ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആടുപ്പിക്കുന്നുവെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സ്പെയർ പാർട്സുകളുടെ ഉയർന്ന വിലയും അതിന്റെ ലഭ്യതയിലെ ബുദ്ധിമുട്ടുകളും ആളുകൾക്ക് ഒരു പ്രശ്‌നമല്ലെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നതായും വാഹന രംഗത്തെ വിദഗ്ദർ പറയുന്നു.

വാഹനങ്ങൾ പലപ്പോഴും സമൂഹത്തിൽ ആളുകളുടെ നിലവാരത്തിന്റെ അടയാളം കൂടിയാണെന്നും മറ്റുള്ള വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ഭംഗിയും, സ്ഥലവും, സൗകര്യവും എല്ലാം ഉൾക്കൊന്നതാണെന്നും ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ പബ്ലിക് ഇൻഫോർമേഷൻ ഓഫീസറായ അജിത് കുമാർ പ്രതികരിച്ചു. എന്നാൽ സ്പെയർ പാർട്സുകളുടെ ഉയർന്ന വിലയും അതിന്റെ ലഭ്യതയിലെ കുറവും ഒരു പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും കെഎസ്ഇബിയുടെ സഹകരണത്തോടെ സംസ്ഥാനത്ത് അവയുടെ എണ്ണം വർധിപ്പിക്കുന്നുണ്ടെന്നും ഒരു തവണ ഫുൾ ചാർജ് ചെയ്യുന്നതിലൂടെ 300 മുതൽ 500 വരെ കിലോമീറ്റർ വാഹനങ്ങൾക്ക് ഓടൻ കഴിയുമെന്ന വാഗ്ദാനം കൂടുതൽ ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ടെസ്ലയുടെയും(Tesla), ടാറ്റയുടെയും ഉയർന്ന മൈലേജ് ഉള്ള ഇലക്ട്രിക് വാഹനങ്ങൾ ഉടൻ നിരത്തിലിറങ്ങുമെന്നതും കെഎസ്ഇബിയുടെ കീഴിൽ ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുമെന്നതും പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണെന്ന് വിദഗ്ദർ പറയുന്നു.