Leading News Portal in Kerala

ഫെബ്രുവരി ഒന്ന് മുതൽ ഫാസ്ടാഗ് പ്രവർത്തനരഹിതമാകാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിക്കൂ | Please note this so that FASTag does not become inactive from February 1


Last Updated:

ഫെബ്രുവരി ഒന്നുമുതൽ ഫാസ്ടാഗ് വഴിയുള്ള ടോൾപിരിവ് കൂടുതൽ കാര്യക്ഷമമാക്കുകയാണ് കേന്ദ്രസർക്കാർ

fastagfastag
fastag

ഇക്കാലത്ത് വാഹനയാത്രയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി ഫാസ്ടാഗുകൾ മാറിക്കഴിഞ്ഞു. ടോൾഗേറ്റുകളിലെയും പാർക്കിങ് ഏരിയകളിലും പെയ്മെന്‍റിനാണ് ഫാസ്ടാഗ് ഉപയോഗിക്കുന്നത്. ഫെബ്രുവരി ഒന്നുമുതൽ ഫാസ്ടാഗ് വഴിയുള്ള ടോൾപിരിവ് കൂടുതൽ കാര്യക്ഷമമാക്കുകയാണ് കേന്ദ്രസർക്കാർ. ഇതിനായി ജനുവരി 31നകം ഫാസ്ടാഗ് അക്കൌണ്ടിലെ കെവൈസി പൂർത്തിയാക്കണമെന്നാണ് ഉപയോക്താക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇല്ലെങ്കിൽ ഫെബ്രുവരി ഒന്നുമുതൽ ഫാസ്ടാഗ് പ്രവർത്തനരഹിതമാകും. ഉപഭോക്താക്കളുടെ കെവൈസി പൂർത്തായാക്കാത്ത ഫാസ്ടാഗിനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഫാസ്ടാഗുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ നടക്കുന്നുണ്ട്. റീചാർജിങ്ങിലും ടോൾപിരിവിലും സുതാര്യത കുറവാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ കെവൈസി നിർബന്ധമാക്കിയത്. കൂടാതെ ഒരു വാഹനത്തെ ബന്ധിപ്പിച്ച് നിരവധി ഫാസ്ടാഗുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ക്രമക്കേടുകള്‍ ഒഴിവാക്കി ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സാധുവായ ബാലന്‍സ് ഉള്ളതും എന്നാല്‍ അപൂര്‍ണ്ണമായ കെവൈസി ഉള്ളതുമായ ഫാസ്ടാഗുകള്‍ 2024 ജനുവരി 31-ന് ശേഷം ബാങ്കുകള്‍ നിര്‍ജ്ജീവമാക്കുകയോ കരിമ്പട്ടികയില്‍ പെടുത്തുയോ ചെയ്യുമെന്നാണ് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഫാസ്ടാഗുകൾ പരിശോധിച്ച് കെവൈസി പൂർണമാണെന്ന് ഉപഭോക്താക്കൾ ഉറപ്പുവരുത്തണമെന്നും നിർദേശിക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫാസ്ടാഗ് അക്കൗണ്ട് മാത്രമേ സജീവമായി നിലനില്‍ക്കൂ. സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് അടുത്തുള്ള ടോള്‍ പ്ലാസകളിലോ ബന്ധപ്പെട്ട ബാങ്കുകളുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.