വന്ദേഭാരത് കൂടുതൽ ആഡംബരമാക്കാൻ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ|Yatra Seva Anubandh New project to improve Facilities on Vande Bharat
Last Updated:
യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുക, മെനുവിൽ കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയൊക്കെയാണ് പുതിയ പദ്ധതി.
വന്ദേഭാരത് ട്രെയിനുകൾക്ക് പുതുമുഖം നൽകാൻ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയിൽവേയിലെ ആറ് ജോഡി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ പൈലറ്റ് പ്രോജക്റ്റായി യാത്രി സേവാ അനുബന്ധ് (Yatra Seva Anubandh (YSA)) പദ്ധതി ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുക, മെനുവിൽ കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്തുക, ഓൺ ബോർഡ് ഇൻഫോടെയ്ൻമെൻറ് സേവനങ്ങൾ നൽകുന്നതിലൂടെ യാത്ര കൂടുതൽ സുഖകരവും ഏളുപ്പവുമാക്കുക, അറൈവലിലും ഡിപാർച്ചറിലും ക്യാബ് സേവനങ്ങൾ ഏർപ്പെടുത്തുക, ഭിന്നശേഷിസൗഹൃദമായ സേവനങ്ങൾ നൽകുക എന്നിവയൊക്കെയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
വന്ദേ ഭാരത് ട്രെയിനുകളുടെ നവീകരണ പദ്ധതിയിൽ ശുചിത്വത്തിന് റെയിൽവേ പ്രത്യേകം പ്രധാന്യം നൽകിയിട്ടുണ്ട്. യാത്രി സേവാ അനുബന്ധ് പദ്ധതി നടപ്പിലാക്കുന്നതിനായി കാറ്ററിങ്, ഹൗസ് കീപ്പിങ് മുതലായവയിൽ, മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു കരാറുകാരനെയായിരിക്കും നിയമിക്കുക. ഇയാൾ ഓരോ കോച്ചിലും ഹൗസ് കീപ്പിങ്ങിനായി മികച്ച പ്രവൃത്തി പരിചയം ഉള്ളവരെ നിയമിക്കും. ഇവർ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നോ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ സെൽഫ് ഗവൺമെൻറിൽ നിന്നോ മറ്റേതെങ്കിലും സർക്കാർ അംഗീകൃത പരിശീലന സ്ഥാപനത്തിൽ പരിശീലനം നേടിയിട്ടുള്ളവരോ ആയിരിക്കണം.
ഫുഡ് മെനു വൈവിധ്യവത്കരിക്കുന്നതാണ് മറ്റൊരു പ്രത്യേകത. ന്യായമായ നിരക്കിൽ ഭക്ഷണ സേവനങ്ങൾ ലഭ്യമാക്കാനും റെയിൽവേ ലക്ഷ്യം വെയ്ക്കുന്നുണ്ട്. സിസിടിവികൾ സജ്ജീകരിച്ചിട്ടുള്ള ഐഎസ്ഒ സർട്ടിഫൈഡ് ബേസ് കിച്ചണുകളിൽ നിന്നാകും ഭക്ഷണം തയാറാക്കുക. യാത്രക്കാർക്ക് മുൻകൂറായി ഭക്ഷണം ഓർഡർ ചെയ്യാനുമാകും. ഭക്ഷണപദാർത്ഥങ്ങളിൽ പോത്തിറച്ചിയും പന്നിയിറച്ചിയും ഉപയോഗിക്കാൻ പാടില്ല എന്നും നിർദേശം നൽകിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരിയായിരിക്കണം വൈഎസ്എ മാനേജർ എന്ന നിബന്ധനയും ഉണ്ട്. ഭക്ഷണ സേവനങ്ങൾക്കായി നിയമിക്കപ്പെടുന്നവരിൽ കുറഞ്ഞത് ഒരാളെങ്കിലും ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെൻറ്, കാറ്ററിങ്ങ് എന്നിവയിൽ ഏതിലെങ്കിലും ബിരുദമോ ഡിപ്ലോമയോ നേടിയവരാകണം. ഇവരുടെ പേയ്‌മെന്റുകളും രേഖകളും റെയിൽവേ യഥാസമയം പരിശോധിക്കും.
യാത്രയുമായി ബന്ധപ്പെട്ട അവശ്യവസ്തുക്കൾക്ക് ഓൺ ബോർഡായി വിൽക്കാനുള്ള സൗകര്യവും റെയിൽവേ ഏർപ്പെടുത്തും. നിയമപ്രകാരം നിരോധിക്കപ്പെട്ടവ ഒഴികെയുള്ള ഉത്പന്നങ്ങൾ കരാറുകാരന് വിൽക്കാം. പുകയില ഉത്പന്നങ്ങളുടെയും ലഹരി പാനീയങ്ങളുടെയും വിൽപന അനുവദിക്കില്ല.
ദക്ഷിണ റെയിൽവേയിലെ ആറ് ജോഡി വന്ദേ ഭാരത് റൂട്ടുകളിലാകും യാത്രി സേവാ അനുബന്ധിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കുകയെന്ന് റെയിൽവേ ബോർഡിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ചെന്നൈ-മൈസൂർ, ചെന്നൈ-തിരുനെൽവേലി, ചെന്നൈ-കോയമ്പത്തൂർ, തിരുവനന്തപുരം-കാസർകോട്, ചെന്നൈ-വിജയവാഡ എന്നീ റൂട്ടുകളിലാണ് ദക്ഷിണ റെയിൽവേയിൽ വന്ദേഭാരത് ട്രെയിനുകൾ ഓടുന്നത്. ആറാമത്തെ പാത ഏതായിരിക്കും എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
New Delhi,New Delhi,Delhi
November 27, 2023 8:43 PM IST