Leading News Portal in Kerala

DXN | നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് അയാട്ട കോഡ്; 2024 അവസാനത്തോടെ സർവീസുകൾ


Last Updated:

ലോക്കേഷന്‍ തിരിച്ചറിയുന്നതിനുള്ള കോഡ് ആണ് അയാട്ട എയര്‍പോര്‍ട്ട് കോഡ്

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഔദ്യോഗികമായി അയാട്ട എയര്‍പോര്‍ട്ട് കോഡ് ലഭിച്ചു. എയർപോർട്ടിന്റെ അയാട്ട കോഡ് ഡിഎക്‌സ്എന്‍ (DXN) എന്നാണെന്ന് വിമാനത്താവള അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) ആണ് ഈ കോഡിന് അംഗീകാരം നല്‍കുന്നത്. ആഗോള ഏവിയേഷന്‍ ഹബ്ബായി മാറുന്നതിനുള്ള വിമാനത്താവളത്തിന്റെ യാത്രയ്ക്ക് ഇത് പുതിയൊരു നാഴികക്കല്ലായി മാറും. ലോക്കേഷന്‍ തിരിച്ചറിയുന്നതിനുള്ള കോഡ് ആണ് അയാട്ട എയര്‍പോര്‍ട്ട് കോഡ്.

ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾക്കും മെട്രോപൊളിറ്റൻ പ്രദേശങ്ങൾക്കും ലഭിക്കുന്ന മൂന്നക്ഷരങ്ങള്‍ അടങ്ങിയ ജിയോകോഡ് ആണിത്. വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ 2024 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരേസമയം 28 വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യവും അത്യാധുനിക ടെര്‍മിനലും ഉള്‍ക്കൊള്ളുന്ന ഒന്നാംഘട്ട വിപുലീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 12 മില്ല്യണ്‍ യാത്രക്കാർക്ക് ഈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാല് ഘട്ടങ്ങളിലായാണ് വിമാനത്താവളത്തിന്റെ വിപൂലീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതോടെ അടുത്ത 40 വര്‍ഷത്തിനുള്ളില്‍ 70 മില്ല്യണ്‍ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക മാത്രമല്ല, മറിച്ച് ആഗോള ഏവിയേഷന്‍ മേഖലയില്‍ നോയിഡയെ സുപ്രധാന പങ്കാളിയായി ഉയര്‍ത്തുകയും ചെയ്യുമെന്നാണ് കരുതുന്നത്. ആധുനിക സൗകര്യങ്ങള്‍, വിശാലമായ റണ്‍വേകള്‍ എന്നിവയ്ക്കൊപ്പം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മികച്ച യാത്രാനുഭവം നല്‍കാന്‍ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.