Leading News Portal in Kerala

രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ദക്ഷിണ റെയിൽവേ സോണിൽ; ന​ഗരങ്ങളിൽ മുന്നിൽ ഡൽഹി


നിലവിൽ ഇന്ത്യൻ റെയിൽവേയിലെ വിവിധ സോണുകളിലായി 34 ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. റൂട്ടുകളുടെ കാര്യമെടുത്താൻ മുൻപിൽ നിൽക്കുന്നത് നോർത്തേൺ സോൺ ആണ്. ഇക്കാര്യത്തിൽ വെസ്റ്റേൺ സോൺ രണ്ടാമതും നോർത്ത് വെസ്റ്റേൺ സോൺ മൂന്നാം സ്ഥാനത്തും ആണ്. വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം നോക്കിയാൽ നോർത്തേൺ റെയിൽവേ രണ്ടാം സ്ഥാനത്താണ്.

കുറഞ്ഞത് അഞ്ച് സോണുകളിലെങ്കിലും രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ വീതമുണ്ട്. ഈസ്റ്റ് സെൻട്രൽ റെയിൽവേ (ECR), സൗത്ത് സെൻട്രൽ റെയിൽവേ (SCR), വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR), സൗത്ത് ഈസ്റ്റേൺ റെയിൽവേ (SER), ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ECoR). സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR), നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (NFR ), നോർത്ത് ഈസ്റ്റേൺ റെയിൽവേ (NER), സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (SECR), ഈസ്റ്റേൺ റെയിൽവേ എന്നീ സോണുകളിൽ ഓരോ വന്ദേ ഭാരത് വീതം ആണ് സർവീസ് നടത്തുന്നത്. സെൻട്രൽ റെയിൽവേയിൽ മൂന്ന് വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്.

ദക്ഷിണ റെയിൽവെയിലെ ആറ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ നാലെണ്ണം ചെന്നൈയിൽ നിന്ന് തിരുനെൽവേലി, കോയമ്പത്തൂർ, മൈസൂരു, വിജയവാഡ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. മറ്റ് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിൽ കാസർഗോഡിനും തിരുവനന്തപുരത്തിനും ഇടയിലാണ് ഓടുന്നത്.

വടക്കൻ മേഖലയ്ക്ക് അനുവദിച്ചിട്ടുള്ള നാല് വന്ദേ ഭാരത് ട്രെയിനുകൾ ഡൽഹിയിൽ നിന്നും ഡെറാഡൂൺ, അംബ് അണ്ടൗറ, ശ്രീ മാതാ വൈഷ്ണോ ദേവി കത്ര, വാരണാസി എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. ഇതു കൂടാതെ ഡൽഹിയിൽ നിന്ന് രണ്ട് ട്രെയിനുകൾ കൂടി സർവീസ് നടത്തുന്നുണ്ട്. ഒന്ന് അജ്മീറിലേക്കും (നോർത്ത് വെസ്റ്റേൺ സോണിനു കീഴിൽ) മറ്റൊന്ന് ഭോപ്പാലിലേക്കും (വെസ്റ്റ് സെൻട്രൽ സോണിനു കീഴിൽ) ആണ് സർവീസ് നടത്തുന്നത്.

ഇന്ത്യയിലെ ന​ഗരങ്ങളുടെ കാര്യമെടുത്താൽ ആറ് വന്ദേ ഭാരത് ട്രെയിനുകളുമായി ഡൽഹിയാണ് ഇക്കാര്യത്തിൽ മുന്നിൽ. ചെന്നൈ, ഹൗറ, മുംബൈ എന്നീ ​ന​ഗരങ്ങളിൽ നാല് വന്ദേ ഭാരത് ട്രെയിനുകൾ വീതമാണ് സർവീസ് നടത്തുന്നത്.

വെസ്റ്റ് സെൻട്രൽ സോണിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഡൽഹി-ഭോപ്പാൽ വന്ദേ ഭാരതും ഭോപ്പാൽ-ജബൽപൂർ വന്ദേ ഭാരതും ആണത്. ഡൽഹി-അജ്മീർ റൂട്ടിൽ നോർത്ത് വെസ്റ്റേൺ സോൺ ഒരു വന്ദേ ഭാരത് സർവീസ് നടത്തുണ്ട്. ഇതു കൂടാതെ, നോർത്ത് വെസ്റ്റേൺ സോണിനു കീഴിൽ, ജോധ്പൂർ-സബർമതി, ഉദയ്പൂർ-ജയ്പൂർ വന്ദേ ഭാരത് എന്നീ രണ്ട് ട്രെയിനുകൾ കൂടി ഓടുന്നുണ്ട്.

സെൻട്രൽ റെയിൽവേക്കു കീഴിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകളാണ് പ്രവർത്തിക്കുന്നത്. ഇതു മൂന്നും മുംബൈയിൽ നിന്നാണ്. മഡ്ഗാവ്, സായ്നഗർ ഷിർദി, സോലാപൂർ എന്നിവിടങ്ങളിലേക്കാണ് ഈ ട്രെയിനുകൾ. മുംബൈയ്ക്കും ഗുജറാത്തിലെ ഗാന്ധിനഗറിനും ഇടയിൽ ഓടുന്ന മറ്റൊരു വന്ദേ ഭാരത് ട്രെയിൻ വെസ്റ്റേൺ സോണാണ് പ്രവർത്തിപ്പിക്കുന്നത്. അഹമ്മദാബാദ്-ജാംനഗർ, ഇൻഡോർ-ഭോപ്പാൽ വന്ദേ ഭാരത് ട്രെയിനുകളും വെസ്റ്റേൺ സോണിനു കീഴിലാണ്.

നോർത്ത് ഈസ്റ്റേൺ റെയിൽവേ (ഗൊരഖ്പൂർ-ലഖ്‌നൗ) , നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ന്യൂ ജൽപായ്ഗുരി-ഗുവാഹത്തി), സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (ബിലാസ്പൂർ-നാഗ്പൂർ), സൗത്ത് വെസ്റ്റേൺ റെയിൽവേ (ബാംഗ്ലൂർ-ധാർവാഡ്), എന്നീ സോണുകൾക്കു കീഴിൽ ഓരോ വന്ദേ ഭാരത് ട്രെയിനുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.ഈ സാമ്പത്തിക വർഷം ഇതുവരെ 24 വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്ത് ഉദ്ഘാടനം ചെയ്തത്.