Leading News Portal in Kerala

പുകയില്ല, പുറന്തള്ളുന്നത് വെറും വെള്ളം മാത്രം; രാജ്യത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ ബസ് നിരത്തിലിറക്കി


പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് വെള്ളത്തെ വിഭജിച്ച് ഏകദേശം 75 കിലോഗ്രാം ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനാണ് ഐഒസി പദ്ധതിയിടുന്നത്. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന ഹൈഡ്രജന്‍ ഡല്‍ഹിയില്‍ ട്രയല്‍ റണ്‍ നടത്തുന്ന ഈ ബസുകള്‍ക്ക് ആവശ്യമായ വൈദ്യുതി നല്‍കാനായി ഉപയോഗിക്കും.

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഒരു മാറ്റമുണ്ടാക്കാന്‍ ഹൈഡ്രജന് സാധിക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഹൈഡ്രജന്‍ ബസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഐഒസിയുടെ ഫരീദാബാദിലുള്ള ആര്‍ ആന്‍ഡ് ഡി സെന്റര്‍ ബസുകളുടെ ട്രയല്‍ റണ്ണിനാവശ്യമായ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 30 കിലോഗ്രാം ഭാരമുള്ള നാല് സിലിണ്ടര്‍ ഉപയോഗിച്ച് 350 കിലോമീറ്റര്‍ ദൂരം വരെ ബസ് ഓടിക്കാനാകും. നാല് സിലിണ്ടറുകളിലും വാതകം നിറയ്ക്കാന്‍ 10 മുതല്‍ 12 മിനിറ്റ് വരെ സമയമെടുക്കുന്നതാണ്. ഹൈഡ്രജന്‍ കത്തുന്നതിന്റെ ഫലമായി വെള്ളം മാത്രമെ പുറന്തള്ളുകയുള്ളൂവെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ ഒരു കിലോഗ്രാം ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് 50 യൂണിറ്റ് പുനരുപയോഗിക്കാവുന്ന വൈദ്യുതിയും 9 കിലോഗ്രാം ഡിഅയോണൈസ് ജലവും ആവശ്യമാണ്. ഫ്യൂവല്‍ സെല്ലുകളുടെ ഇന്ധനമായും ഹൈഡ്രജന്‍ ഉപയോഗിക്കാവുന്നതാണ്.

അതേസമയം 2023 അവസാനത്തോടെ ഗ്രീന്‍ ഹൈഡ്രജന്‍ ബസുകളുടെ എണ്ണം 15 ആയി വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

ഡല്‍ഹി, ഹരിയാന, യുപി എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബസുകള്‍ ഐഒസിയുടെ നേതൃത്വത്തില്‍ പരീക്ഷാണാടിസ്ഥാനത്തില്‍ ഓടിക്കും. ഈ പരിപാടിയുടെ ഭാഗമായി രണ്ട് ഫ്യൂവല്‍ സെല്‍ ബസുകളുടെ മാതൃക തിങ്കളാഴ്ചയോടെ പുറത്തിറക്കിയിരുന്നു.

കുറഞ്ഞ ചെലവിലുള്ള സോളാര്‍ സിക്രണസ് ഗ്രിഡിന്റെ ഉപയോഗത്തോടെ ഹൈഡ്രജന്റെ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്താനും ഗ്രീന്‍ ഹൈഡ്രജന്‍ വിതരണത്തിന്റെ പ്രധാന ഹബ്ബായി ഉയര്‍ന്നുവരാനും ഇന്ത്യയ്ക്ക് ആകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഹൈഡ്രജനെ ഭാവിയിലേക്കുള്ള ഇന്ധനമായാണ് കണക്കാക്കപ്പെടുന്നത്. ഹൈഡ്രജന്റെ ഉപയോഗത്തിലൂടെ ഇന്ത്യയുടെ ഡീകാര്‍ബണൈസേഷന്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും സാധിക്കുന്നതാണ്. 2050 ആകുമ്പോഴേക്കും ഹൈഡ്രജന്റെ ആഗോള തലത്തിലെ ആവശ്യം നാലോ ഏഴോ ഇരട്ടി വര്‍ധിച്ച് 500 മുതല്‍ 800 ടണ്ണിലേക്ക് വരെ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇക്കാലയളവില്‍ ആഭ്യന്തര വിപണിയില്‍ ഹൈഡ്രജന്റെ ഡിമാന്‍ഡ് 25 മുതല്‍ 28 ടണ്ണായി വര്‍ധിക്കുമെന്നും കരുതുന്നു. 2030 ഓടെ ഇന്ധന-വാതക മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 1 ദശലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കും.

” ഗ്രീന്‍ ഹൈഡ്രജന്‍ ബസുകള്‍ നഗരത്തിന്റെ ഗതാഗത സംവിധാനത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കും. കേന്ദ്രം ഈ പദ്ധതി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. പദ്ധതിയ്ക്ക് എല്ലാ ആശംസകളും നേരുന്നു,” കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

പദ്ധതി വിജയകരമാകുന്നതോടെ ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും ഹൈഡ്രജന്‍ ഇന്ധനത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാനും രാജ്യത്തിനാകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Auto/

പുകയില്ല, പുറന്തള്ളുന്നത് വെറും വെള്ളം മാത്രം; രാജ്യത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ ബസ് നിരത്തിലിറക്കി