Leading News Portal in Kerala

Jeep | ഇന്ത്യയില്‍ ഇലക്ട്രിക് വാഹന പതിപ്പ് പുറത്തിറക്കാന്‍ ജീപ്പ്


Last Updated:

പ്രമുഖ വാഹന നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹന പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു.

പ്രമുഖ വാഹന നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹന പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ഇന്ത്യയില്‍ വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ശ്രേണിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ആഭ്യന്തര വിപണിയില്‍ ഇലക്ട്രിക് വാഹന പതിപ്പ്അവതരിപ്പിക്കുന്നതിന് മുമ്പായി വിവിധ ഘടകങ്ങള്‍ വിശകലനം നടത്തി വരികയാണെന്നും ജീപ്പ് വ്യക്തമാക്കി.

അടുത്ത മൂന്ന് വര്‍ഷത്തിലുള്ളില്‍ തങ്ങളുടെ എസ് യുവി ജീപ്പ് കോംപസില്‍ 90 ശതമാനവും പ്രാദേശികഘടകങ്ങള്‍ അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുനൈ ജില്ലയിലെ രഞ്ജന്‍ഗാവിലുള്ള ടാറ്റാ മോട്ടോഴ്‌സുമായി ചേര്‍ന്ന് 50:50 എന്ന അനുപാതത്തില്‍ സംയുക്ത സംരംഭമായ നിര്‍മാണ കേന്ദ്രമുണ്ട്. ”ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംബന്ധിച്ച് ഞങ്ങള്‍ കൂടുതല്‍ പഠനത്തിലാണ്. ഉപഭോക്താവിന്റെ സംതൃപ്തിയാണ് പ്രധാനം. ആഗോളതലത്തില്‍ ഇലക്ട്രിക് വാഹന ശ്രേണിയില്‍ ഞങ്ങള്‍ വലിയ തോതിലുള്ള വിപുലീകരണമാണ് നടത്തുന്നത്. അതിനാല്‍, ഇന്ത്യയിലും പല തരത്തിലുമുള്ള സാധ്യതകളെക്കുറിച്ച് പഠിക്കുകയാണ്,” ജീപ്പ് ഇന്ത്യ ഓപ്പറേഷന്‍സിന്റെ ഹെഡ് ആദിത്യ ജയ്‌രാജ് പറഞ്ഞു.ഓട്ടോമൊബൈല്‍ ഗ്രൂപ്പായ സ്റ്റെല്ലാന്റിസിന്റെ ഭാഗമാണ് ജീപ്പ് ഇന്ത്യ.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 3 ലക്ഷം കോടി രൂപയുടെ വരുമാന അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അനലിറ്റിക്സ് കമ്പനിയായ ക്രിസില്‍ (CRISIL) റിപ്പോര്‍ട്ട് ചെയ്തിരുന്നു.