ഡീസല്‍ വാഹനങ്ങള്‍ക്ക് വില കൂടും; 10 % അധിക ജിഎസ്ടി ഈടാക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശം
ഡീസല്‍ വാഹനങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ വ്യവസായ മേഖലയോട് അഭ്യര്‍ത്ഥിക്കും, അല്ലാത്തപക്ഷം അധിക നികുതി ചുമത്തേണ്ടി വരുമെന്നും ഗഡ്കരി പറഞ്ഞു.
‘ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങള്‍ കുറച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് നികുതി കൂട്ടേണ്ടിവരും. ഞങ്ങള്‍ നികുതി വര്‍ധിപ്പിക്കും, ഇത് ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും,’ ഗഡ്കരി പറഞ്ഞു.
രാജ്യത്ത് ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കുന്നത് കമ്പനികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡീസല്‍ വാഹന ഉല്‍പ്പാദനം കുറയ്ക്കുക, അല്ലെങ്കില്‍ നികുതി കൂട്ടുമെന്നും ഗഡ്കരി മുന്നറിയിപ്പ് നല്‍കി.
ഇതുസംബന്ധിച്ച് താന്‍ ഒരു കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും ജിഎസ്ടി വര്‍ദ്ധന അഭ്യര്‍ത്ഥിക്കുന്നതിനായി ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്നതായും ഗഡ്കരി സൂചിപ്പിച്ചു.
അതേസമയം, അദ്ദേഹത്തിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഡീസല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന അശോക് ലെയ്ലാന്‍ഡ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ 2.5 ശതമാനത്തോളം ഇടിഞ്ഞു. ഇതിന് പുറമെ, സ്വരാജ് എഞ്ചിന്‍സ്, എസ്‌കോര്‍ട്ട്‌സ് കുബാറ്റ തുടങ്ങിയ ട്രാക്ടര്‍ നിര്‍മാണ കമ്പനികളുടെ ഓഹരികളും ഏകദേശം 3 ശതമാനത്തോളം ഇടിഞ്ഞു. എച്ച്പിസിഎല്‍, ബിപിസിഎല്‍, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയ എണ്ണ വിപണന കമ്പനികളുടെ ഓഹരികളും ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു, 3-4 ശതമാനം വരെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
2014ല്‍ ഇന്ധന വില നിയന്ത്രണം നീക്കിയതിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞിരുന്നു. എന്നാല്‍ പ്രാദേശിക വിപണിയില്‍ വിറ്റഴിച്ച എല്ലാ പാസഞ്ചര്‍ വാഹനങ്ങളുടെയും 18 ശതമാനവും ഡീസല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വാഹന മലിനീകരണവും ക്രൂഡ് ഇറക്കുമതി കുറയ്ക്കുന്നതിനും ഇലക്ട്രിക്, ജൈവ ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും ഓട്ടോമൊബൈല്‍ വ്യവസായം പ്രവര്‍ത്തിക്കണമെന്ന് ഗഡ്കരി പറഞ്ഞു.
ഇന്ത്യയിലെ മിക്കവാറും എല്ലാ വാണിജ്യ വാഹനങ്ങളും ഡീസലായതിനാല്‍, അത്തരം വാഹനങ്ങള്‍ക്ക് 10 ശതമാനം അധിക പരോക്ഷ നികുതി ഈടാക്കുന്നത് ഓട്ടോമൊബൈല്‍ വ്യവസായ മേഖലയെ സാരമായി ബാധിക്കും.
ഇതിന് മുമ്പും ഡീസല്‍ വാഹനങ്ങളുടെ പോരായ്മകളെക്കുറിച്ച് ഗഡ്കരി തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. 2021ല്‍, ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളുടെ ഉല്‍പ്പാദനവും വില്‍പ്പനയും നിരുത്സാഹപ്പെടുത്താന്‍ വാഹന നിര്‍മ്മാതാക്കളോട് ഗഡ്കരി ആവശ്യപ്പെടുകയും ഇതിന് പകരം മറ്റ് സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ജി 20 ഉച്ചകോടിയില്‍ വെച്ച് ഇന്ത്യ ആഗോള ജൈവ ഇന്ധന സഖ്യത്തില്‍ ചേര്‍ന്നതിനാല്‍, രാജ്യം ജൈവ ഇന്ധനങ്ങളിലും ഇതര ഇന്ധനങ്ങളിലുമുള്ള ശ്രദ്ധ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
‘ഇന്ത്യ, ക്രൂഡ് ഓയിലിന്റെ 89 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്, ഇത് ഒരു പ്രധാന വെല്ലുവിളിയാണ്. അതിനാല്‍, ബദല്‍, ജൈവ ഇന്ധനങ്ങള്‍ക്കാണ് പ്രധാനമന്ത്രി മോദി മുന്‍ഗണന നല്‍കുന്നത്,’ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡീസല്‍ എഞ്ചിനുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള തന്റെ നിലപാട് ആവര്‍ത്തിച്ച അദ്ദേഹം ഇറക്കുമതി ബില്‍ (Imprt Bill) വര്‍ദ്ധിപ്പിക്കുന്ന ഒരു ഇന്ധനമാണ് ഡീസലെന്നും പറഞ്ഞു.
ബസുകളും ട്രക്കുകളും എത്തനോള്‍ ഉപയോഗിച്ച് ഓടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും നിതിന്‍ ഗഡ്കരി ചോദിച്ചു. ഇതര ഇന്ധനങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
‘ഓട്ടോ വ്യവസായം ജിഡിപിയിലേക്ക് 6 ശതമാനവും മാനുഫാക്ചറിംഗ് ജിഡിപിയിലേക്ക് 40 ശതമാനവും സംഭാവന ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി വ്യവസായം നന്നായി വളര്‍ന്നു’ എന്ന് സിയാം പ്രസിഡന്റും വിഇ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെ എംഡിയും-സിഇഒയുമായ വിനോദ് അഗര്‍വാള്‍ പറഞ്ഞു.
എന്നാല്‍ എന്‍ട്രി ലെവല്‍ കാര്‍, ഇരുചക്ര വാഹന വിഭാഗത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടിന്നുണ്ടെന്ന് അഗര്‍വാള്‍ എടുത്തു പറഞ്ഞു. വ്യവസായം ഇപ്പോള്‍ 12 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. എന്നാല്‍ എന്‍ട്രി ലെവലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ വ്യവസായ വളര്‍ച്ച കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
New Delhi,New Delhi,Delhi
September 12, 2023 6:15 PM IST
ഡീസല്‍ വാഹനങ്ങള്‍ക്ക് വില കൂടും; 10 % അധിക ജിഎസ്ടി ഈടാക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശം