Leading News Portal in Kerala

ശ്രീനഗര്‍-കത്ര വന്ദേഭാരതിൽ യാത്ര ചെയ്യണോ? ജൂലൈ 1 വരെ ടിക്കറ്റ് കിട്ടാനില്ല|Srinagar-Katra Kashmir Vande Bharat Tickets are sold out till July 1


കത്രയില്‍ നിന്നും ശ്രീനഗറിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസിന് ജൂണ്‍ 6-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത്. ഒരു മാസത്തിനുള്ളില്‍ തന്നെ സര്‍വീസ് വമ്പന്‍ വിജയമായി മാറിയിരിക്കുകയാണ്. സര്‍വീസിന് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സര്‍വീസ് ആരംഭിച്ചതിനു ശേഷമുള്ള ആദ്യ പത്ത് ദിവസത്തേക്ക് എല്ലാ സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടു. ഇപ്പോഴിതാ ജൂലായ് ഒന്നു വരെയുള്ള എല്ലാ ടിക്കറ്റുകളും വിറ്റു തീര്‍ന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

നിരവധി കാരണങ്ങളാല്‍ വളരെയേറെ പ്രശംസ നേടിയ സര്‍വീസാണ് കത്ര-ശ്രീനഗര്‍ വന്ദേഭാരത് സര്‍വീസ്. യാത്ര സൗകര്യം, വേഗത, വഴിയിലെ കാഴ്ചകള്‍ എന്നിവയെല്ലാം ഈ സര്‍വീസിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റയില്‍വേ കമാന പാലമായ ചെനാബ് പാലം കടന്നാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ഇതിനുപുറമേ ഇന്ത്യയിലെ ആദ്യ കേബിള്‍ സ്റ്റേ റയില്‍വേ പാലമായ അന്‍ജി ഖാഡ് പാലവും യാത്രമദ്ധ്യ കടക്കുന്നു. ഈ രണ്ട് എഞ്ചിനീയറിങ് അദ്ഭുതങ്ങളും യാത്രക്കിടെ ആസ്വദിക്കാനാകുമെന്നതും ഈ സര്‍വീസിന്റെ പ്രത്യേകതയാണ്.

യാത്രക്കാരും വിനോദ സഞ്ചാരികളും തദ്ദേശവാസികളുമെല്ലാം പുതിയ ട്രെയിന്‍ സര്‍വീസിൽ വലിയ ആവേശമാണ് പ്രകടിപ്പിക്കുന്നത്. കണക്റ്റിവിറ്റി വര്‍ദ്ധിക്കുന്നത് മേഖലയിലെ വിനോദസഞ്ചാരം, വ്യാപാരം, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവ കൂടുതല്‍ സജീവമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി ആളുകള്‍ക്ക് ട്രെയിന്‍ കണക്റ്റിവിറ്റി പ്രയോജനപ്പെടുത്തുന്നതിന് ഈ റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ബുക്കിങ് വളരെ കൂടുതലാണെന്നും ഈ റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്നും വന്ദേഭാരത് യാത്രക്കാരനായ ആമിര്‍ അഹമ്മദ് പറഞ്ഞു. ആളുകള്‍ ട്രെയിനിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഠിനമായ ശൈത്യകാലത്തും സര്‍വീസ് നടത്താന്‍ കഴിയുന്ന തരത്തിലാണ് വന്ദേഭാരത് കശ്മീര്‍ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തണുപ്പ് കാലാവസ്ഥയെ പ്രതിരോധിക്കാനാകുന്ന സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. അഡ്വാന്‍സ്ഡ് ഹീറ്റിങ് സംവിധാനം, ഡീഫ്രോസ്റ്റിങ് ഗ്ലാസ്, സീസ്മിക് ഡാംപേര്‍സ് പോലുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍ എന്നിവയും ട്രെയിനിലുണ്ട്. എല്ലാ കാലവസ്ഥയിലും സര്‍വീസ് നടത്താന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.

മൂന്ന് മണിക്കൂറിനുള്ളില്‍ 190 കിലോമീറ്റര്‍ ദൂരം ഇത് ഓടിയെത്തും. റോഡ് മാര്‍ഗ്ഗമുള്ള യാത്രയെ അപേക്ഷിച്ച് 2-3 മണിക്കൂര്‍ വരെ യാത്രാ സമയം കുറവാണിത്. മാത്രമല്ല, റോഡ് മാര്‍ഗ്ഗമുള്ള യാത്രയില്‍ മണ്ണിടിച്ചില്‍, മഞ്ഞുവീഴ്ച്ച തുടങ്ങിയ തടസങ്ങളും നേരിടുന്നു. ചൊവ്വാഴ്ചകളില്‍ ഒഴികെ ആഴ്ചയില്‍ ആറ് ദിവസമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. കത്രയില്‍ നിന്ന് ശ്രീനഗറിലേക്കും തിരിച്ചും രണ്ട് സര്‍വീസുകള്‍ വീതം നാല് സര്‍വീസുകളാണ് പ്രതിദിനമുള്ളത്. ചെയര്‍ കാറിന് 715 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 1,320 രൂപയുമാണ് നിരക്ക്. വിമാനത്തിലും റോഡ് മാര്‍ഗ്ഗവും യാത്ര ചെയ്യുന്നതിനേക്കാള്‍ നിരക്ക് കുറവാണ്.

ജമ്മു കശ്മീരിലെ ടൂറിസം, സാമ്പത്തിക വികസന രംഗത്ത് ഈ സര്‍വീസ് വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകർക്കും കശ്മീര്‍ സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഈ സര്‍വീസ് വളരെയധികം ഉപകരിക്കും. വിമാന നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ബജറ്റിലൊതുങ്ങുന്ന ട്രെയിന്‍ സര്‍വീസ് ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് ജമ്മു കശ്മീര്‍ ട്രാവല്‍ ഏജന്റ്‌സ് ചാപ്റ്റര്‍ ചെയര്‍മാന്‍ സമീര്‍ ബക്തൂ പറഞ്ഞു.

ജമ്മു തവിയിലേക്കും വന്ദേഭാരത് സര്‍വീസ് നീട്ടാന്‍ ഇന്ത്യന്‍ റയില്‍വേ പദ്ധതിയിടുന്നതായാണ് വിവരം. ഡല്‍ഹി-ശ്രീനഗര്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ 2026 ജനുവരിയോടെ സര്‍വീസ് ആരംഭിക്കും. ജൂണ്‍ 6-നാണ് കത്ര-ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. ജൂലായ് ഒന്നുവരെയുള്ള മുഴുവന്‍ ടിക്കറ്റും ബുക്ക് ചെയ്യപ്പെട്ടു. 50-60 യാത്രക്കാര്‍ വെയ്റ്റിങ് ലിസ്റ്റിലാണ്. വര്‍ദ്ധിച്ച ആവശ്യകത കണക്കിലെടുത്ത് അമര്‍നാഥ് തീര്‍ത്ഥാടന സമയത്ത് സര്‍വീസില്‍ മാറ്റം വരുത്താനാണ് സാധ്യത.