ജപ്പാനെ മറികടന്ന് ഇന്ത്യ: ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ|India becomes World’s Fourth Largest Economy by Surpassing Japan
Last Updated:
മൊത്തത്തിലുള്ള ഭൗമരാഷ്ട്രീയ, സാമ്പത്തിക അന്തരീക്ഷം ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം അറിയിച്ചു
ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം. ശനിയാഴ്ച നടന്ന നീതി ആയോഗിന്റെ പത്താമത് ഭരണസമിതി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ വിവരം പങ്കുവച്ചത്. മൊത്തത്തിലുള്ള ഭൗമരാഷ്ട്രീയ, സാമ്പത്തിക അന്തരീക്ഷം ഇന്ത്യയ്ക്ക് അനുകൂലമാണെന്നും സുബ്രഹ്മണ്യം കൂട്ടിച്ചേർത്തു. ഇതുവരെ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ജപ്പാനെ പിന്നിലാക്കിയാണ് നാലാം സ്ഥാനത്തെത്തിയത്. അമേരിക്ക, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
നീതി ആയോഗ് യോഗത്തിന് ശേഷം, അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ഡാറ്റ ഉദ്ധരിച്ച് സിഇഒ ബിവിആർ സുബ്രഹ്മണ്യം പറഞ്ഞത് ഇങ്ങനെ , ‘ഇപ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ജപ്പാനേക്കാൾ വലുതായി മാറിയിരിക്കുന്നു എന്നാണ്. ഈ നാഴികക്കല്ല് പിന്നിട്ടുകൊണ്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു, ഇപ്പോൾ അമേരിക്ക, ചൈന, ജർമ്മനി എന്നീ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. നമ്മുടെ പദ്ധതിയിൽ ഉറച്ചുനിന്നാൽ, അടുത്ത രണ്ടര മുതൽ മൂന്ന് വർഷത്തിനുള്ളിൽ, ജർമ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി നമ്മൾ മാറും’.
യുഎസിൽ വിൽക്കുന്ന ആപ്പിൾ ഐഫോണുകൾ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല മറിച്ച് അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിനും സുബ്രഹ്മണ്യം മറുപടി നൽകി. താരിഫ് എന്തായിരിക്കുമെന്ന് ഉറപ്പില്ലെന്നും ചലനാത്മകത കണക്കിലെടുക്കുമ്പോൾ ഞങ്ങൾ വിലകുറഞ്ഞ രീതിയിൽ ഉല്പാദിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം മറുപടി നൽകി. ആസ്തി ധനസമ്പാദന പൈപ്പ്‌ലൈനിന്റെ രണ്ടാം റൗണ്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഓഗസ്റ്റിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോമിനല്‍ ജിഡിപി 4.187 ട്രില്യണ്‍ ഡോളര്‍ ആയി ഉയരുമെന്ന് വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ കാലയളവില്‍ ജപ്പാന്റെ നോമിനല്‍ ജിഡിപി 4.186 ട്രില്യണ്‍ ഡോളര്‍ ആയിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
New Delhi,New Delhi,Delhi